തിരുവനന്തപുരം: ഇത്രയും കാലം ആര്‍എസ്എസിനെ വിമര്‍ശിച്ചത് ആ സംഘടനയെക്കുറിച്ച് ഒന്നും അറിയാതെയായിരുന്നുവെന്ന് സിപിഎം സമ്മതിക്കുന്നു.. ഒന്നും പഠിക്കാതെ എല്ലാം ഞങ്ങള്‍ക്കറിയാം എന്ന അഹങ്കാരത്തില്‍ ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞു നടക്കുന്ന നേതാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നു. ദേശീയതലത്തില്‍ തയ്യാറാക്കുന്ന പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ആര്‍എസ്എസ് പഠനമാണ് പ്രധാന ഇനം.
ആര്.എസ്.എസ്. എന്താണെന്നും അതിന്റെ പ്രയോഗരീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിരോധത്തിന്റെ മാര്‍ഗം. അതിനാല്‍ പാര്ട്ടിവിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്കരിക്കാനാണ് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ എല്ലാ പാര്‍ട്ടിഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം പാര്‍ട്ടി സ്കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ഭവന് പ്രവര്‍ത്തിക്കും.
ആര്.എസ്.എസിന്റെ പ്രവര്‍ത്തന രീതി, ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന പ്രയോഗരീതി എന്നിവയും സി.പി.എമ്മിന്റെ പാഠ്യപദ്ധതിയിലുണ്ടാകും. ആര്.എസ്.എസിനെയും ഹിന്ദുത്വത്തെയും സംബന്ധിച്ച് ‘ക്ലാസ് നോട്ടി’ന് അന്തിമരൂപം നല്‍കാനുള്ള ചുമതല പാര്‍ട്ടികേന്ദ്രത്തിനാണ്. പാര്‍ട്ടി അംഗങ്ങളുടെ സംഘടനാബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ യുവാക്കളുടെ പങ്കാളിത്തം കൂടുന്നുണ്ടെങ്കിലും അവര്‍ക്ക് രാഷ്ട്രീയസംഘടനാ വിദ്യാഭ്യാസമില്ല. പുതിയ ചെറുപ്പക്കാരായ മുഴുവന്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിക്ലാസിന്റെ ഭാഗമാക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പരിശീലനം നല്‍കണം. അത് ഹിന്ദുത്വം എന്താണെന്നും ആര്.എസ്.എസ്. എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചുകൊണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: