കേരളത്തില്‍ മഴക്കാലം പനിക്കാലമായി മാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ വര്‍ഷം പിന്നിടുമ്പോഴും ഓരോതരം പകര്‍ച്ചപ്പനികള്‍ വിരുന്നെത്തുന്നു. ഇക്കുറി മങ്കിപോക്സ് അഥവാ വാനരവസൂരിയാണ് എത്തിയിരിക്കുന്നത്. യുഎഇയില്‍നിന്നു വന്ന കൊല്ലം സ്വദേശിക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ വീട്ടുകാര്‍ അടക്കം സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലാണ്. ദുബായിയില്‍നിന്നു വന്ന കണ്ണൂരിലുള്ള ഒരാളുടെയും സ്രവം പൂനയിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മേയില്‍ ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ട വാനരവസൂരി അന്‍പതിലേറെ രാജ്യങ്ങളിലായി മൂവായിരത്തിലേറെപ്പേര്‍ക്ക് വന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞതായി സംശയിക്കുന്ന ഈ രോഗത്തിനെതിരെ ലോകാരോഗ്യ സംഘടന കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഭാരതത്തില്‍ ആദ്യമായി കേരളത്തിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന കാര്യം ആശങ്കാജനകമാണ്. കൊവിഡ് മഹാമാരിയും ഇങ്ങനെയായിരുന്നല്ലോ. ചൈനയില്‍നിന്നു വന്ന തൃശൂര്‍ സ്വദേശിയിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കൊവിഡിനെപ്പോലെ മാരകമല്ലാത്തതും തീവ്ര വ്യാപനശേഷി ഇല്ലാത്തതും വാനരവസൂരി വൈറസിനെ വ്യത്യസ്തമാക്കുന്നു. അധികവും അടുത്തിടപഴകുന്നവരില്‍നിന്നു മാത്രമാണ് ഈ രോഗം പകരുന്നത്. ജാഗ്രത പാലിച്ചാല്‍ ഒഴിവാക്കാനുമാവും. കൊവിഡ് കാലത്തെ ജാഗ്രതയും പ്രതിരോധ മാര്‍ഗങ്ങളും ഇതിന് സഹായകമാവും. കേന്ദ്ര സംഘമെത്തി പരിശോധന നടത്തിയത് അധികൃതരുടെ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
മൂന്നരക്കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയുടെ പല മടങ്ങാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യ. പക്ഷേ കേരളത്തിലേതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ പകര്‍ച്ചപ്പനികള്‍ പടര്‍ന്നുപിടിക്കുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികള്‍ കൂടുതലായി നടത്തുന്ന വിദേശയാത്രകളാണോ കാരണം? ആഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ചില വൈറസ് രോഗവും കേരളത്തിലെത്തുകയുണ്ടായി. കോഴിക്കോട്ട് പ്രത്യക്ഷപ്പെടുകയും സംസ്ഥാനത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുകയും ചെയ്ത നിപ വൈറസ് എങ്ങനെ ഇവിടെയെത്തിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡെങ്കി, എച്ച്1എന്‍1, സിക, തക്കാളിപ്പനി, ചെള്ളുപനി എന്നിങ്ങനെയുള്ള പകര്‍ച്ചപ്പനികളും കേരളത്തിലുള്ളവരെ ബാധിക്കുന്നു. ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശങ്ങളായതിനാല്‍ രോഗങ്ങള്‍ വളരെവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ട്. പകര്‍ച്ചപ്പനികളുടെ വര്‍ഷംതോറുമുള്ള വരവ് തുടര്‍ക്കഥയായിട്ടും പ്രതിരോധ നടപടികള്‍ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടാവുന്നത്. മഴ ശക്തി പ്രാപിക്കുന്നതോടെ പല ജില്ലകളിലെയും ആശുപത്രികള്‍ പനിബാധിതരെക്കൊണ്ട് നിറയുകയാണ്. ഇവര്‍ക്ക് ചികിത്സ കിടക്കാന്‍ ഇടംപോലും പലപ്പോഴും ലഭിക്കാറില്ല. സമ്പന്നര്‍ക്കും മധ്യവര്‍ഗത്തിലെ ഒരുവിഭാഗത്തിനും മാത്രമാണ് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ കഴിയുന്നത്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളാണ് ഇന്നും ആശ്രയം. പക്ഷെ, അവഗണനയും അധിക്ഷേപവുമാണ് പല രോഗികള്‍ക്കും നേരിടേണ്ടി വരുന്നത്.
പകര്‍ച്ചപ്പനികളെ നേരിടാന്‍ ചികിത്സയെക്കാള്‍ പ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇതിന് പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ ഉറപ്പുവരുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് എവിടെ സഞ്ചരിച്ചാലും കാണാവുന്ന ഒന്നാണ് മാലിന്യക്കൂമ്പാരങ്ങള്‍. ബോധവല്‍ക്കരണംകൊണ്ട് മാത്രം ഇത് ഇല്ലാതാവില്ല. കാരണം പരിസരശുചിത്വത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ തന്നെയാണ് ഗൃഹമാലിന്യവും ആശുപത്രിമാലിന്യവുമൊക്കെ പൊതുവിടങ്ങളില്‍, അതും പാതയോരങ്ങളില്‍, വലിച്ചെറിയുന്നത്. കോര്പ്പറേഷന് പരിധികളിലും ചില നഗരങ്ങളിലും മാത്രമാണ് മാലിന്യനിര്‍മാര്‍ജനം ഒരുവിധം കാര്യക്ഷമമായി നടക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മൂലം വാഹനങ്ങളില്‍പ്പോലും മൂക്കുപൊത്താതെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. നീക്കം ചെയ്യപ്പെടാത്ത മാലിന്യങ്ങള്‍ മഴക്കാലത്ത് അഴുകുകയും രോഗാണുക്കള്‍ പെരുകുകയും ചെയ്യുന്നു. പകര്‍ച്ചപ്പനി വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍
സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള സംവിധാനം മെച്ചപ്പെടുകയും വേണം. മരുന്ന് ലഭ്യത ഉറപ്പാക്കേണ്ടത് ആരോഗ്യവകുപ്പിന്റെ കടമയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ച് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കുറിപ്പുകള്‍ വായിക്കുന്നയാള് മാത്രമാകരുത് ആരോഗ്യമന്ത്രി. ഓരോ വര്‍ഷവും പകര്‍ച്ചപ്പനി വരാന്‍ കാത്തിരിക്കരുത്. ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ മാറ്റിവച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തണം. അപര്യാപ്തതകള്‍ പരിഹരിക്കാന്‍ മതിയായ ഫണ്ട് അനുവദിക്കുകയും, അവ ശരിയായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: