തിരുവനന്തപുരം: മങ്കിപോക്സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടമായി എന്‍ഐവി പൂനയില്‍ നിന്നും ആലപ്പുഴ എന്‍ഐവിയില്‍ ടെസ്റ്റ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി പരിശോധനകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വീണാ ജോര്‍ജുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. മൂന്നു ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. നിലവില്‍ എല്ലാ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ സുരക്ഷിതമായി ഐസൊലേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കും.
മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീട്ടിലെത്തിയ ശേഷം മങ്കിപോക്സിന്റെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ദിശ ടോള്‍ ഫ്രീ നമ്പര്‍ 104, 1056, 0471 2552056 മുഖേന ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല കണ്ട്രോള് റൂമും ജില്ലാതല കണ്ട്രോള് റൂമും ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രോഗ നിരീക്ഷണത്തിനും മാനേജ്മെന്റിനുമായുള്ള മാര്‍ഗരേഖ തയാറാക്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: