ന്യൂദല്‍ഹി: പൂര്‍ണ്ണമായും ബിസിനസ് ഇന്ത്യയില്‍ ആണെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ നല്കുന്ന കോടികളുടെ വരുമാനത്തിന് നികുതി നല്‍കാതെ അതെല്ലാം ചൈനയിലേക്ക് കടത്തുന്ന വിവിധ ചൈനീസ് കമ്പനികള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്ന് വിലയിരുത്തല്‍. ഇതില്‍ ഏറ്റവും എടുത്തുപറയാവുന്ന രണ്ട് കേസുകളാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന ചൈനീസ് കമ്പനികളായ വിവോയും ഒപ്പോയും ഷവോമിയും.
ഇക്കഴിഞ്ഞ വര്‍ഷം വിവോ ഇന്ത്യയില്‍ നിന്നും ആകെ വിറ്റുവരവിന്റെ 50 ശതമാനത്തോളം തുക അനധികൃതമായി നൂറുകണക്കിന് കള്ളഅക്കൗണ്ടുകളിലൂടെ ചൈനയിലേക്ക് കടത്തിയതായി ഇഡി കണ്ടെത്തി. ഏകദേശം 62,476 കോടി രൂപയാണ് കടത്തിയത്. ഇത്രയും തുകയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ലഭിയ്ക്കേണ്ട നികുതി ലഭിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി ഇഡി ഇപ്പോള്‍ വിവോ കമ്പനിയുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ വിവോയുടെ വിതരണക്കാരനെ സംബന്ധിച്ച് ചില രാജ്യസുരക്ഷാ പ്രശ്നങ്ങളും ദല്‍ഹി പൊലീസ് ഫയല്‍ ചെയ്ത കേസില്‍ സംശയിക്കുന്നു. ചില ചൈനീസ് പൗരന്മാരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജപകര്പ്പെടുത്ത് ഉപയോഗിക്കുന്നതായും പറയുന്നു. ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് പോയ നാല് ചൈനീസ് പൗരന്മാരുടെ 2018 മുതല്‍ 2021 വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് നികുതിവെട്ടിപ്പ് പുറത്തായത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ തുടങ്ങിയ 23 ഓളം കടലാസ് കമ്പനികളിലൂടെയാണ് വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്കാതിരിക്കാനായി പണം കടത്തിയത്. ഇതിന് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ ഗാര്‍ഗ് വേണ്ട സഹായങ്ങള്‍ നല്കി. വിവോയുടെ മുന്‍ ഡയറക്ടര്‍ ബിന്‍ ലൂ 2018 ഏപ്രിലില്‍ ഇന്ത്യ വിട്ടു. മറ്റ് രണ്ട് ചൈനീസ് പൗരന്മാരായ ഷെങ്ഷെന്‍ ഊ, ഷാങ് ജീ എന്നിവര്‍ 2021ല്‍ ഇന്ത്യ വിട്ടു.
ചില വ്യവസ്ഥകളോടെ വിവോയുടെ ബാങ്ക് അക്കൗണ്ട് തുടരാന്‍ ദല്‍ഹി ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. 950 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കുക, അക്കൗണ്ടില്‍ എല്ലായ്പോഴും 250 കോടി രൂപ നിലനിര്‍ത്തുക എന്നീ വ്യവസ്ഥകളോടെയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതുപോലെ മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനി 4389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ ഐ) ആരോപിച്ചിരിക്കുന്നത്. 1962 കസ്റ്റംസ് നിയമപ്രകാരം പിഴയും ചുമത്തിയിട്ടുണ്ട്. ഒപ്പോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ കുറ്റം ചാര്‍ത്താവുന്ന രേഖകളും കണ്ടെടുത്തു. മൊബൈല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ഇറക്കുമതി ചെയ്ത പല ഉപകരണങ്ങളെക്കുറിച്ചും തെറ്റായ വിശദാംശങ്ങളാണ് ഒപ്പോ നല്‍കിയിരിക്കുന്നത്. ഇതുവഴി ഏകദേശം 2981 കോടി രൂപയുടെ തീരുവ വെട്ടിച്ചിട്ടുണ്ട്.
മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഉല്പാദകരായ ഷവോമി ഇന്ത്യ കൊണ്ടുവന്ന 5551 കോടി രൂപ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചാണ് കൊണ്ടുവന്നിരിക്കുന്നതെന്നും കണ്ടെത്തി. മൂന്ന് വിദേശക്കമ്പനികളിലേക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്.
വിവോ, ഒപ്പോ, ഷവോമി എന്നീ കമ്പനികളുടെ വിതരണക്കാര്‍, മറ്റ് അനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് 2021ഡിസംബറില്‍ നടത്തിയ റെയ്ഡില്‍ ഈ കമ്പനികള്‍ ഇന്ത്യയുടെ നികുതി നിയമം വെട്ടിച്ച് ഏകദേശം 6500 കോടി രൂപയുടെ അനധികൃത വരുമാനം നേടിയതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: