തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥന് പൊലീസ് നോട്ടീസ് നല്കി. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നാളെ 11 മണിക്ക് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥന് ആണെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമടങ്ങുന്ന സ്ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥന് ഉള്പ്പട്ടിരുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുള്ള സന്ദേശമാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് വിവരങ്ങള്‍. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചത്. കൂടെയുണ്ടായിരുന്ന സുനിത് നാരായണന് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: