ന്യൂദല്‍ഹി : ശ്രീലങ്കയില്‍ ആഭ്യന്തര പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, എസ്. ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
അയല്‍ രാജ്യം നേരിടുന്ന പ്രതിസന്ധി പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ശ്രീലങ്കയില്‍ മാനുഷിക പരിഗണനയില്‍ ഇന്ത്യ സഹായങ്ങള്‍ നല്‍കും. ശ്രീലങ്കന്‍ ജനതയ്ക്കൊപ്പമാണ് ഇന്ത്യ. സ്ഥിതിഗതികള്‍ രാജ്യം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഡിഎംകെയും, എഐഎഡിഎംകെയും ശ്രീലങ്കന്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എല്ലാ പാര്‍ട്ടികളുടേയും യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന കടുത്ത വിദേശനാണ്യ ക്ഷാമം മൂലം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: