സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് കിരിടം നേടി. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാങ്ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമാണ് ചൈനയുടെ വാങ്ഷി. പി.വി. സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്.
മൂന്ന് ഗെയിമുകള്‍ നീണ്ട കലാശപ്പോരില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.
കൊറിയ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലെ കിരീട നേട്ടത്തിനു ശേഷം ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഓപ്പണിങ് ഗെയിം വെറും 12 മിനിറ്റിനുള്ളില്‍ സ്വന്തമാക്കിയ സിന്ധു തുടര്‍ച്ചയായി 13 പോയന്റുകള്‍ നേടിയാണ് ഈ ഗെയിം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. എന്നാല്‍ മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്‌ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: