ആര്.കെ. ദാമോദരന്‍
ആര്ഷഭാരതീയനും അഭിനവഭാരതീയനും ആദികാവ്യം ‘വാല്മീകിരാമായണം’ തന്നെ. ഈ ഇതിഹാസരാമായണം കൂടാതെ ഇതരരാമായണങ്ങള്, ഇന്ത്യ മുതല്‍ ഇന്തോനേഷ്യവരെ, 362 ഉണ്ടത്രെ! ഇതില്‍ രണ്ടെണ്ണം അദ്ധ്യാത്മരാമായണങ്ങളും-കിളിപ്പൈതല്‍ പാടാത്തതും പാടിയതും!
അദ്ധ്യാത്മരാമായണമെന്നാല്, അത് മലയാളിക്ക് ‘തുഞ്ചത്തുളവായ ദിവ്യന്റേ’താണ്. ‘രാമായണമാസ’വും (കര്‍ക്കടകം) നമുക്ക് സ്വന്തം. എന്തൊക്കെയാകിലും ആദ്യ അദ്ധ്യാത്മരാമായണം അജ്ഞാതകര്‍ത്തൃകമായ ഒരു സംസ്കൃതരചനയാണ്. ഈ മൂലകൃതിയെയാണ് തുഞ്ചത്തെഴുത്തച്ഛനും തുളസീദാസനും മുഖ്യമായും അവലംബിച്ചിട്ടുള്ളത്. ഈ രണ്ട് അദ്ധ്യാത്മരാമായണങ്ങളെ ഒരു ഐതിഹ്യമാലികയില് ഇങ്ങനെ കോര്‍ത്തിണക്കിയിരിക്കുന്നു.
പതിനാലാംനൂറ്റാണ്ടില്‍ ദക്ഷിണദേശികനായ, തെലുങ്കനായ ഒരു വൈഷ്ണവബ്രാഹ്മണന് ഭക്തിരസാത്മകമായ മഹാകാവ്യമൊന്ന് രചിച്ചു. പ്രതീക്ഷിച്ച പ്രചാരവും പ്രസിദ്ധിയും ആ കാവ്യാമൃതത്തിന് കിട്ടിയില്ലെന്നുമാത്രമല്ല പല പാണ്ഡിത്യഗര്വിഷ്ഠരും കവിയെ വിമര്‍ശിക്കുകയും വിഗണിക്കുകയും ചെയ്തു. നിരാശനും നിരസ്തനുമായ കവി ഗ്രന്ഥക്കെട്ടുമെടുത്ത് ദേശാടനത്തിനിറങ്ങി. അലഞ്ഞലഞ്ഞ്, അനേകദിനം കഴിഞ്ഞ് അയാള്‍ ഒരു വനപ്രദേശത്തെത്തി. അവിടെ കണ്ട അരയാല്‍ത്തറയില്‍ ഗ്രന്ഥം തലയണയാക്കി കിടന്നുറങ്ങി.
പാതിരാവായിക്കാണും, തേജസ്വിയായ ഒരാള്‍ അവിടെയെത്തി പഥികനെ വിളിച്ചുണര്‍ത്തി, വിവരംതിരക്കി. കവി തന്റെ സര്ഗസങ്കടം വെളിപ്പെടുത്തി. ആഗതന് നിവൃത്തിമാര്‍ഗം നിര്‍ദേശിച്ചു – വരും ശിവരാത്രിനാളില്‍ ഗോകര്‍ണത്ത് പോകുക. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നാല് നായ്ക്കളുമായി വരുന്ന ഒരുവനെ കാണാനാകും. അദ്ദേഹത്തെ ഗ്രന്ഥമേല്പ്പിച്ച് ഉപായം തേടുക. വിഫലമാവില്ല. തന്നെപ്പറ്റി ആര്‍ക്കും ഒരു സൂചനപോലും നല്‍കരുതെന്നും പറഞ്ഞ് അയാള്‍ മറഞ്ഞു.
ശിവരാത്രിനാള് കവി ഗോകര്ണേശ നടയിലെത്തി. ശ്വാനസമേതനായി വന്ന വ്യത്യസ്തവ്യക്തിയെ കണ്ട് നമസ്കരിച്ചു, കാവ്യഗ്രന്ഥം സമര്‍പ്പിച്ചു. ഇത് തന്റെ കൈവശം ഏല്പിച്ച് മാര്‍ഗം തേടാന്‍ ആരാണ് ചട്ടം കെട്ടിയതെന്ന ചോദ്യത്തിന് കവിക്ക് മൗനോത്തരമായിരുന്നു. കമണ്ഡലുവില്‍ നിന്ന് അല്പം ജലമെടുത്ത് തളിച്ച് ഗ്രന്ഥം തിരിച്ചുനല്‍കി അദ്ദേഹം കവിയെ ആശീര്‍വദിച്ചയച്ചു. നാന്മറകള്‍ പകുത്ത വേദവ്യാസനായിരുന്നത്രെ ആ മഹായോഗി. ജ്ഞാനചക്ഷുസ്സാല് കവിയെ ഉപദേശിച്ചയച്ച പഴയ ഗന്ധര്‍വനെ തിരിച്ചറിഞ്ഞ വ്യാസമഹര്‍ഷി, അയാള്‍ മനുഷ്യകുലത്തില്‍ ഭൂമിയില്‍ ജനിക്കട്ടെ എന്ന് ശപിച്ചു. ഇതിനെ തുടര്‍ന്നാണത്രെ ‘അജ്ഞാതനാമാവി’ന്റെ സംസ്കൃതകൃതിയായ ആദ്യ അദ്ധ്യാത്മരാമായണം കീര്‍ത്തികേട്ടത്. ഗന്ധര്വനാണത്രെ തുഞ്ചത്താചാര്യനായി ഭൂമിമലയാളത്തില് ജനിച്ച് തന്റെ ഭാഷാകൃതിയായ ഈ ദ്വിതീയ, ‘അദ്വിതീയ’ അദ്ധ്യാത്മരാമായണം കിളിപ്പാട്ടായി നമ്മെ പാടിക്കേള്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: