കര്‍ക്കടക മാസം ആരംഭിക്കുകയാണല്ലോ. തുഞ്ചച്ചെത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം പാരായണം ചെയ്യുക എന്നത് അനുഷ്ഠാനമായി മലയാള നാട്ടുകാര്‍ പരമ്പരാഗതമായി പാലിച്ചുവരുന്നു. ഇടക്കാലത്ത് കേരളത്തില്‍ വന്ന രാഷ്‌ട്രീയവും സാമൂഹ്യവുമായ പരിവര്‍ത്തനങ്ങളുടെ തള്ളിച്ചയില്‍ ആ ശീലം ലോപിച്ചുപോയി. ഹിന്ദുക്കളിലെ ഹിന്ദുത്വവും ആ ഗതിയിലായി. അടിയന്തരാവസ്ഥക്കാലത്ത് പ്രശസ്ത ചിന്തകനായിരുന്ന എം.ഗോവിന്ദന്റെ ഒരു സറ്റയര്‍ കവിതയിലെ ഒരു വരി ചീനക്കാരനു ചിനത്തം ചീത്തയോ എന്നായിരുന്നു. ചീനക്കാരന്റെ സ്ഥാനത്ത് ഹിന്ദുവിനും അതു യോജിക്കുന്ന സ്ഥിതി വന്നിരുന്നു. കേരളത്തിലെ ഹിന്ദു സമൂഹം ഏതാണ്ട് രാമായണ പാരായണം കൈവെടിഞ്ഞ മട്ടായിപ്പോയി എന്നു പറയാം.
ചെറുപ്പത്തില്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണം കേട്ടു വളരാനും, അക്ഷരങ്ങള്‍ കൂട്ടി വായിക്കാറായപ്പോള്‍ വായിക്കാനും അവസരമുണ്ടായി. നാടന്‍ കൃഷിക്കാരും തൊഴിലാളികളുമൊക്കെ അവരുടെ ജാതിയേതായാലും സ്വന്തം രീതിയില്‍ രാമായണം പാടുമായിരുന്നു.
”ചീരാമന്‍ മാലയെടുത്തെറിഞ്ഞു
ജാനകി തന്റെ കഴുത്തില്‍ വീണു
ജാനകിമാലയെടുത്തെറിഞ്ഞു
ചീരാമന്‍ തന്റെ കഴുത്തില്‍ വീണു”
എന്നു കട്ടതല്ലുന്നതിനിടയിലും
”പഗവാനിടിപൊടി കല്യാണം കയിച്ചുബ
ളേനെന്റെ മാടത്തില്‍ തവിടുപൊടി
പഗവാന്‍ പഗവതിയെതേരേറ്റുമ്പ
ളേനെന്റെ കുറുമ്പേതേരേ കേറ്റും” എന്നു തുടങ്ങുന്ന കള പറിക്കുന്ന പാട്ടുകളുണ്ടായിരുന്നു.
വടക്കേ മലബാറില്‍ തച്ചോളിപ്പാട്ടുകളെപ്പോലെ പണിക്കാര്‍ ഒരുമിച്ചു പാടുമ്പോള്‍ അതൊരു അരങ്ങുതന്നെയായിരുന്നു.
അച്ഛനുമമ്മയും ഞങ്ങള്‍ കുട്ടികളെ ഒപ്പമിരുത്തി രാമായണം വായിച്ചു കേള്‍പ്പിക്കുകയും കഥാഭാഗം വിവരിച്ചുതരികയും ചെയ്യുമായിരുന്നു. രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളും, നാടകങ്ങളും അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നിരുന്നു. പ്രൊഫ. ആര്‍.നാരായണപ്പണിക്കര്‍ എഴുതിയ ‘സീതാ നിര്‍വാസം’ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. അന്ന് 1940-50 കളില്‍ കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സുകാരും വിദ്യാഭിവര്‍ദ്ധിനി അച്ചുകൂടക്കാരും പ്രസിദ്ധീകരിച്ച രാമായണ പുസ്തകങ്ങളാണ് ഏറെ പ്രചരിച്ചിരുന്നത്. രാമായണത്തിന് വില പതിനാലു ചക്രം (അര രൂപാ) ആയിരുന്നു. ഹൈന്ദവ പുരാണങ്ങളും സ്‌തോത്രങ്ങളും തുള്ളല്‍ കഥകളും വടക്കന്‍ പാട്ടുകളുമൊക്കെ ഉത്സവസ്ഥലങ്ങളില്‍ കിട്ടുന്നതിനു പുറമെ തലച്ചുമടായി നടന്നു വില്‍ക്കുന്നവരും ധാരാളമുണ്ടായിരുന്നു.
രാഷ്‌ട്രീയത്തിന്റെ അതിപ്രസരം വന്ന ’50 കള്‍ മുതല്‍ ഈ ശീലം ലോപിച്ചു വന്നതാണനുഭവം. അറുപതുകളില്‍ സംഘപ്രചാരകനായി വടക്കന്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പല വീടുകളിലും താമസിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് രായമാണം വായന ശോഷിച്ചു തുടങ്ങിയിരുന്നു. വലിയ തറവാടുകളില്‍ എഴുത്തശ്ശന്മാരെക്കൊണ്ടു വായിച്ചു കേള്‍ക്കുന്ന രീതി കണ്ടു. വീട്ടിലെ മുതിര്‍ന്നവരും കുട്ടികളും അതില്‍ ശ്രദ്ധിക്കുന്നത് കുറവായിട്ടാണ് കണ്ടത്. എഴുത്തച്ഛന്മാര്‍ വായിക്കുന്ന രീതിയെ പ്രശസ്ത സാഹിത്യകാരനായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ‘നാട്ടെഴുത്തച്ഛന്മാര്‍’ എന്ന ഉപന്യാസത്തില്‍ വിവരിക്കുന്നുണ്ട്.
രാമായണത്തെ ഉപജീവിച്ചു കുട്ടികൃഷ്ണന്മാരാരെപ്പോലുള്ളവര്‍ എഴുതിയ കരുത്തുറ്റ പ്രബന്ധങ്ങള്‍ ആസ്വാദകരെ ചിന്തിപ്പിക്കുന്നവയായിരുന്നു. ആശാനും വള്ളത്തോളും ഉള്ളൂരുമൊക്കെ തങ്ങളുടെ കൃതികളിലൂടെ ഇതിഹാസങ്ങളുടെ ആശയങ്ങളെ പ്രതിപാദിച്ചിരുന്നു. അവ ജനങ്ങളുടെ ചിന്തയെ ഉദ്ദീപിക്കുകയും ചെയ്തു.
വിദ്യാഭ്യാസകാലത്ത് ഓരോ ക്ലാസ്സിലും ഭാഷാ ഗദ്യ, പദ്യ പാഠഭാഗങ്ങളില്‍ രാമായണ ഭാരതാദി ഗ്രന്ഥങ്ങളില്‍നിന്ന് തന്നെയാവും ഉണ്ടാകുക. നമ്മുടെ ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചുവന്നവര്‍ മതനിരപേക്ഷതയെ അതിര്‍കവിഞ്ഞ് ആശ്രയിച്ചപ്പോള്‍ ഏറ്റവും കെടുതിയനുഭവിക്കേണ്ടിവന്നത് ഹൈന്ദവ സമൂഹത്തിനായിരുന്നു. അവരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. അവയുടെ സ്ഥാവരജംഗമ സമ്പത്തുകള്‍ അന്യാധീനമായി. ഹിന്ദുജനതയില്‍ ആസ്തിക്യബോധവും ക്ഷേത്രവിശ്വാസവും ക്ഷയോന്മുഖമായി. അമ്പലങ്ങളേറെയും പൊളിഞ്ഞമ്പലങ്ങളായി.
കേരളത്തില്‍ ഇതരമതസ്ഥരുടെ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ ജനജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും അല്‍പ്പാല്‍പമായി ദരിദ്രമാക്കി വന്നു.. സാധാരണ ഹിന്ദുവിന്റെ ആത്മവിശ്വാസവും ദുര്‍ബലമായി വന്നു.
1949 ല്‍ വിവിധ സാമുദായിക പ്രസ്ഥാനങ്ങള്‍ ഒരുമിച്ചുവന്ന് വിശാലമായ ഹിന്ദുമഹാമണ്ഡലനത്തിനു രൂപം നല്‍കിയെങ്കിലും അതു വേരുറയ്‌ക്കാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പ്, ഇതര മതസ്ഥരും രാഷ്‌ട്രീയകക്ഷികളും അതിനെ തുരങ്കംവച്ചു തകര്‍ത്തു. 1970 ല്‍ കേളപ്പജിയും മറ്റും മുന്‍കയ്യെടുത്ത് ക്ഷേത്ര സംരക്ഷണ സ്ഥിതി മെച്ചപ്പെടുകയുമുണ്ടായി. അടിയന്തരാവസ്ഥയുടെ കരാളകാലഘട്ടം കൂടി കഴിഞ്ഞപ്പോഴേക്കും വലിയ പാരവശ്യത്തില്‍ ഹിന്ദു സമൂഹം എത്തിച്ചേര്‍ന്നു. ഈയവസരത്തില്‍ മാധവജി, പരമേശ്വര്‍ജി മുതലായി സമാജത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ മുന്‍കയ്യെടുത്ത് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കേരളാടിസ്ഥാനത്തില്‍ വിശാലഹിന്ദു സമ്മേളനം എറണാകുളത്ത് നടത്തി. വിവിധ ഹിന്ദു സംഘടനകളും സംന്യാസിമാരും അതിന് ഉന്മുക്തമായ പിന്തുണ നല്‍കി സഹകരിച്ചു. ആ മഹാസമ്മേളനത്തിന്റെ തീരുമാനമായി ഓരോ ഹിന്ദു ഭവനവും പങ്കെടുക്കേണ്ട നിഷ്ഠയായി കര്‍ക്കടകമാസത്തെ രാമായണ മാസമായി പ്രഖ്യാപിക്കപ്പെട്ടു. കര്‍ക്കടകം മുഴുവനും വീടുകളില്‍, എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണ പാരായണം ചെയ്യണമെന്നായിരുന്നു പ്രഖ്യാപനം. കര്‍ക്കടകം രാമായണമാസം എന്ന് സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടു. ക്ഷേത്രങ്ങളിലും ഗൃഹക്കൂട്ടായ്മകളിലും സാമൂഹ്യ സംഘടനകളിലുമൊക്കെ അതാചരിക്കപ്പെട്ടു തുടങ്ങി. ഇത്ര വ്യാപകമായി സ്വീകരിക്കപ്പെട്ട മറ്റൊരു തത്വമില്ല. അടുത്തവര്‍ഷം മുതല്‍ രാമായണത്തിന്റെ അച്ചടിയുംവില്‍പ്പനയും പല മടങ്ങായി ഉയര്‍ന്നു. പല വലിപ്പത്തിലും ആകൃതിയിലും അര്‍ത്ഥസഹിതവും വ്യാഖ്യാന സഹിതവുമുള്ള പതിപ്പുകളിറങ്ങി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കുന്ന ഗ്രന്ഥം അധ്യാത്മ രാമായണമായി. നഷ്ടത്തില്‍ നടന്നുവന്ന പ്രസിദ്ധീകരണങ്ങള്‍ പലതും ഇതുമൂലം വീണ്ടും പച്ചപിടിച്ചു.
ഇതിനിടെ രാമായണ കഥ സമ്പൂര്‍ണമായി ടി.വി. സീരിയലിലൂടെ പുറത്തുവന്നു. ഹിന്ദിയിലായിരുന്നുവെങ്കിലും അത് നന്നായി ആസ്വദിക്കപ്പെട്ടു. നിലവിളക്ക് കത്തിച്ചുവെച്ചും ആരതിയുഴിഞ്ഞും സ്ത്രീകളടക്കം വീട്ടുകാര്‍ ഒരുമിച്ചിരുന്ന് അതാസ്വദിച്ചു. രണ്ടുവര്‍ഷം മുന്‍പ് കൊവിഡ് ആരംഭത്തില്‍ ടിവി നിര്‍മാണം പ്രതിസന്ധിയിലായപ്പോള്‍ ആ സീരിയല്‍ കഥ പുനപ്രക്ഷേപം ചെയ്യപ്പെട്ടു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരിയേട്ടന്‍ നമ്മുടെ ഇതിഹാസ പുരാണങ്ങളെപ്പറ്റി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവയിലെ കുരുക്കുകളേയും സമസ്യകളെയും വളരെ അര്‍ഥഗര്‍ഭമായും വിദഗ്‌ദ്ധമായും വിശകലനം ചെയ്തുള്ള ലേഖനങ്ങളായിരുന്നു അവ. അദ്ദേഹത്തിന്റെ സമാഹൃത കൃതികളില്‍, അവ നമുക്കു വായിക്കാം. എന്റെ ചിരകാല സുഹൃത്തും, ഇംഗ്ലീഷ് പത്രപ്രവര്‍ത്തകരിലെ തലമുതിര്‍ന്ന ആളുമായ ഗോവിന്ദന്‍കുട്ടിയെ യാദൃച്ഛികമായി കണ്ടപ്പോള്‍ താന്‍ ഈ ലേഖനങ്ങള്‍ വായിച്ചതും ഗ്രന്ഥകര്‍ത്താവ് സംഘത്തിന്റെ പഴയ ആളാണെന്നറിഞ്ഞതുമനുസ്മരിച്ചുകൊണ്ട്, കുട്ടികൃഷ്ണമാരാരുടെ വിശകലനങ്ങളെക്കാള്‍ ശ്രേഷ്ഠമാണവ എന്നു പറഞ്ഞു. ശ്രീകൃഷ്ണനെപ്പറ്റിയുള്ള പുസ്തകത്തിന് എം.ലീലാവതി ടീച്ചറിന്റെ അവതാരികയിലും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചുവല്ലോ.
ഇപ്പോള്‍ കെ.എസ്. രാധാകൃഷ്ണന്‍ രാമായണം മനുഷ്യകഥാനുഗാനമെന്ന പുസ്തകം പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോള്‍ അതു വാങ്ങി വായിക്കുകയും ചെയ്തു. മുന്‍പ് മഹാഭാരത കഥാ സന്ദര്‍ഭങ്ങളെപ്പറ്റി എഴുതിയതും വായിച്ചിരുന്നു. മുമ്പേതന്നെ ഏതു വിഷയത്തെയും എത്രയും യുക്തിയുക്തവും പ്രൗഢവുമായി വിശകലനം ചെയ്യുന്നതില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ സവ്യസാചിത്വമുള്ളയാളായിരുന്നല്ലോ. ശങ്കര വേദാന്തവും മാര്‍ക്‌സിസവും പഠന വിഷയമാക്കിയ അദ്ദേഹത്തിന്റെ കൃതി വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചിട്ടുണ്ട്. മാര്‍ക്‌സും വിവേകാനന്ദനുമെന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിന്റെ നിരയില്‍പ്പെടുത്താവുന്നതാണാ പുസ്തകം. വാല്മീകി രാമായണത്തെ പുരസ്‌കരിച്ചാണ് മാസ്റ്റര്‍ തന്റെ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യകഥാനുഗാനം മുന്‍ ഗ്രന്ഥത്തിന്റെയത്ര ദുര്‍ഗ്രഹമായ ശൈലിയിലല്ല എങ്കിലും അനവയില്‍ ആശയങ്ങള്‍ മൂര്‍ച്ചയും തീര്‍ച്ചയും ഉള്ളവ തന്നെ. മൃദുവും ശാന്തവും ലളിതവുമായ ഭാഷയില്‍ മൂര്‍ച്ചയും ഗഹനവുമായ ആശയങ്ങളെ പ്രതിപാദിക്കുന്നതാണല്ലൊ വാഗ്മിത്വം. വാല്മീകി രാമായണത്തെ, അതിന്റെ മൂല്യത്തെ ഒട്ടും ചോരാതെ ഈ ലഘുഗ്രന്ഥത്തില്‍ ഒതുക്കിയത് മാസ്റ്ററുടെ സവ്യസാചിത്തം തന്നെ. രാമായണമാസാരംഭത്തിനു മുന്‍പു മനുഷ്യകഥാനുഗാനം വായിച്ചു തീര്‍ക്കണമെന്ന ആഗ്രഹംസാധിച്ചു.
ആദികാവ്യത്തിന്റെ വൈവിധ്യങ്ങളെപ്പറ്റി എന്റെപ്രേഷ്ഠ സുഹൃത്ത് ഹര്‍ഷന്‍ ചെയ്ത പഠനഗ്രന്ഥത്തെക്കുറിച്ച് വായിച്ചു. അതു കാണാനും വായിക്കാനും അവസരമുണ്ടാവുമോ എന്നറിയില്ല. ഇത്തവണത്തെ രാമായാണ മാസം രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഗ്രന്ഥം വായിച്ചുള്‍ക്കൊണ്ട ഉള്‍ക്കാഴ്ച സഹിതമായിരിക്കും കടന്നുപോകുക എന്ന ആശ്വാസം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: