തിരുവനന്തപുരം: കേരളത്തെ തകര്‍ക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരി ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎം പാര്‍ട്ടി മുഖപത്രം ദേശാഭിമാനി. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്ന് കേരളത്തിനുള്ളിലേക്ക് പെട്രോളും ഡീസലും കടത്തുന്നുവെന്നാണ് ദേശാഭിമാനിയുടെ ആരോപണം. കാസര്‍കോട് മുതല്‍ എറണാകുളംവരെയുള്ള ജില്ലകളിലേക്ക് ഇങ്ങനെ ഇന്ധനം കടത്തുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയാണ്.
കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ ഡീസലിന് 83.70 രൂപയും കേരളത്തില്‍ 94.77 രൂപയുമാണ്. പെട്രോളിന് 93.78രൂപ മാഹിയിലും 105.82 രൂപ കേരളത്തിലുമുണ്ട്. ഡീസലും പെട്രോളും ഓട്ടോറിക്ഷയിലും കന്നാസുകളിലും കൊണ്ടുപോകുന്ന ചെറുകിടക്കാര്‍ മുതല്‍ ടാങ്കര്‍ലോറികളില്‍ കടത്തുന്ന വന്സംഘങ്ങള്വരെ മാഹി കേന്ദ്രീകരിച്ചുണ്ടെന്നും ദേശാഭിമാനി പറയുന്നു.
മുമ്പ് മദ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ധനമാണ് കടത്തുന്നത്. ദീര്‍ഘദൂര ബസുകള്‍ മാഹിയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതിനൊപ്പം മൂന്നും നാലും ദിവസത്തേക്കുള്ളത് കന്നാസുകളില്‍ സ്റ്റോക്ക് ചെയ്യുന്നുമുണ്ട്. മാഹി, പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് പ്രദേശങ്ങളിലായി 16 പമ്പുകളുണ്ട്. പമ്പിനുസമീപത്തുള്ള ഇടവഴികളിലൂടെ ചെറുവാഹനങ്ങളില്‍ ഡീസലും പെട്രോളും എളുപ്പം കൊണ്ടുപോകാം. പെട്രോള്‍ പമ്പുകളിലെ തൊഴിലാളികള്‍ക്ക് നിര്‍ത്താതെയുള്ള ജോലിയാണിപ്പോള്‍. നേരത്തെ പതിനായിരം ലിറ്റര്‍ ഡീസല്‍ വില്‍പ്പന നടത്തിയ പമ്പില്‍ ഇരുപതിനായിരത്തിന് മുകളിലാണിപ്പോള്‍ ദിവസ വില്‍പ്പനയെന്നും ദേശാഭിമാനി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: