ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന് മാലിക്ക് എന്ന തീവ്രവാദി സമാധാനദൂതനും കശ്മീരിന്റെ മിശിഹയും ആയിരുന്നു. പക്ഷെ വെള്ളിയാഴ്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരി റുബയ്യ സയിദ് യാസിന് മാലിക്കിലെ ചെകുത്താനെ തിരിച്ചറിഞ്ഞു. 1989ല്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയ തീവ്രവാദി സംഘത്തില്‍ യാസിന് മാലിക്കുണ്ടായിരുന്നുവെന്നാണ് തിരിച്ചറിഞ്ഞത്. കോടതി പ്രത്യേകം നടത്തിയ വാദം കേള്‍ക്കലില്‍ വീഡിയോയില്‍ നിന്നാണ് യാസിന് മാലിക്കിന്റെ മുഖം റുബയ്യ തിരിച്ചറിഞ്ഞത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തിയുടെ സഹോദരി കൂടിയാണ് റുബയ്യ .
കുറച്ച് വര്‍ഷങ്ങളായി ഏകാന്തമായി കഴിയുന്ന റുബയ്യ വെള്ളിയാഴ്ച പ്രത്യേക കോടതി നടപടികളില്‍ പങ്കെടുക്കുകയായിരുന്നു. ഇതിലാണ് റുബയ്യ യാസിന് മാലിക്കിനെ തിരിച്ചറിഞ്ഞത്. റുബയ്യയുടെ ഈ തിരിച്ചറിയല്‍ യാസിന് മാലിക്കിനും കോണ്‍ഗ്രസിനും മുഫ്തി മുഹമ്മദ് സയ്യിദിനും ഫറൂഖ് അബ്ദുള്ലയ്ക്കും തിരിച്ചടിയാണ്.ഇനി കോടതി ആഗസ്ത് 23ന് വീണ്ടും കേസ് കേള്‍ക്കും. അന്ന് യാസിന് മാലിക്ക് നേരിട്ട് ഹാജരാകുമെന്ന് കരുതുന്നു.
“റുബയ്യ സയിദിന്റെ മൊഴി കോടതി വെള്ളിയാഴ്ച റെക്കോഡ് ചെയ്തു. യാസിന് മാലിക്കിനെ അവര്‍ തിരിച്ചറിഞ്ഞു. ആഗസ്ത് 23നാണ് അടുത്ത വാദം കേള്‍ക്കല്‍. ആകെ നാല് പേരെയും റുബയ്യ സയിദ് തിരിച്ചറിഞ്ഞു”- സിബി ഐ അഭിഭാഷക മോണിക കോഹ് ലി അറിയിച്ചു.
1989ല്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയ്യിദ്. അന്ന് യാസിന് മാലിക്കിന്റെ നേതൃത്വത്തില്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയത് ജയിലില്‍ കഴിയുന്ന നാല് തീവ്രവാദികളെ മോചിപ്പിക്കാനായിരുന്നു. മകളെ വിട്ടുകിട്ടാന്‍ നാല് തീവ്രവാദികളെയും മോചിപ്പിക്കാന്‍ മുഫ്തി മുഹമ്മദ് സയ്യിദും അന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫറൂഖ് അബ്ദുള്ളയും തയ്യാറായി.
പിന്നീടുള്ള കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് യാസിന് മാലിക്ക് സമാധാന ദൂതനായിരുന്നു. അവര്‍ പല അവാര്‍ഡുകളും നല്കി യാസിന് മാലിക്കിനെ ആദരിച്ചു. കശ്മീരില്‍ നടന്ന കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയ്ക്ക് നേതൃത്വം നല്കിയവരില് ഉള്‍പ്പെടുന്ന തീവ്രവാദി കൂടിയാണ് യാസിന് മാലിക്ക്. എന്‍ ഐഎ കോടതി ശിക്ഷിച്ചതിനാല്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് യാസിന് മാലിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: