തൃശൂര്‍::രാമായണമാസത്തിലെ നാലമ്പല തീര്‍ത്ഥാടനം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂലായ് 17ന് ഞായറാഴ്ചയാണ് കര്‍ക്കിടക മാസാരംഭം തുടങ്ങുന്നത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാര്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം വഴി തൃപ്രയാറില്‍ തന്നെ അവസാനിക്കുന്നതാണ് നാലമ്പല തീര്‍ത്ഥാടനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. തൃശൂരിലാണ് പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത്. ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം.
നാലിടത്തും നട തുറന്ന് ഇരിയ്‌ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള പ്രയാസം കൊണ്ടും പൂജാസമയത്തിലെ വ്യത്യാസം കൊണ്ടും. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിയ നാലമ്പല തീര്‍ത്ഥാടനം പുനരാരംഭിക്കുമ്പോള്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് വലിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. മഴ കൊള്ളാതെ വരി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരിയില്‍ നിന്നുകൊണ്ട് തന്നെ വഴിപാട് കഴിക്കാനും സാധിക്കും. ഭക്തര്‍ക് കുടിവെള്ളം, ചികിത്സാസൗകര്യം എന്നിവ തൃപ്രയാര്‍ ക്ഷേത്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടല്‍മാണിക്യത്തിലും മൂഴിക്കുളത്തും പായമ്മല്‍ ക്ഷേത്രത്തിലും ഇതേ സൗകര്യങ്ങളുണ്ട്. തിരക്ക് നിയന്ത്രിക്കാനും സഹായിക്കാനും സന്നദ്ധപ്രവര്‍ത്തകരും പൊലീസും ഉണ്ടാകും. കെഎസ്ആര്‍ടിസിയും ഡിടിപിസിയും നാലമ്പല ദര്‍ശനത്തിന് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ‘മര്യാദാ പുരുഷോത്തമന്‍’ ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തില്‍ ചതുര്‍ബാഹു വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സര്‍വംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്ത് കരുവന്നൂര്‍ പുഴയുടെ കൈവഴിയായ നദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രഹത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്റെ പ്രതിഷ്ഠ മറ്റ് എവിടേയും ഉള്ളതായിട്ടറിവില്ല.
മൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ പാറക്കടവ് വില്ലേജ് പരിധിയിൽ വരുന്ന പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് മൂഴിക്കുളം. ഭാരതത്തിലെ 108 വൈഷ്ണവ ദിവ്യദേശങ്ങളിൽ (തിരുപ്പതികൾ) ഏക ലക്ഷ്മണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം – സ്ഥിതിചയ്യുന്ന സ്ഥലമാണിത്. കർക്കിടക മാസത്തിൽ ഈ ക്ഷേത്രം നാലമ്പല ദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ഗ്രൂപ്പില്‍പ്പെടുന്ന ക്ഷേത്രം. ചാലക്കുടി പുഴയോരത്തെ ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും ലക്ഷ്മണസ്വാമി നൂറ്റാണ്ടുകള്‍ക്കുമുമ്പ് ശ്രീബലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട സ്ഥലമാണ് ഈ ക്ഷേത്രം. ലക്ഷ്മണസ്വാമി തന്റെ കടുത്ത ഉപാസകനായിരുന്ന കരിമലക്കാട്ട് മൂസത് എന്ന ഭക്തന്റെ വീട്ടിലാണ് ശിവേലി ബിംബത്തില്‍ എഴുന്നള്ളിയത്. പില്‍ക്കാലത്ത് മൂസതിന്റെ വസതിയോട് ചേര്‍ന്ന് ഇന്നു കാണുന്ന ക്ഷേത്രം പണിയുകയും മൂസതിന്റെ കൊട്ടാരം ശ്രീമൂലസ്ഥാനമായി പൂജി ച്ചുപോരുകയും ചെയ്യുന്നു.
പായമ്മൽ ശത്രുഘ്ന ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ പായമ്മൽ എന്ന സ്ഥലത്താണ് നാലമ്പലങ്ങളിൽപ്പെട്ട ഈ ശത്രുഘ്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒന്നാണിത് .
ഇരിങ്ങാലക്കുട -മതിലകം വഴിയിൽ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് പായമ്മൽ . ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തിൽ, ശത്രുഘ്നനാണ് പ്രധാന പ്രതിഷ്ഠ.
ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന നാൽ ചതുർബാഹുവിഗ്രഹങ്ങളിൽ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ കൈയ്യിൽ വിളങ്ങുന്ന സുദർശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നൻ എന്നാണ് വിശ്വാസം.
ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിൽ ശത്രുഘ്ന മൂർത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദർശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തിൽ ഹനുമത് സാന്നിദ്ധ്യം ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ സമാധാനവും മന:ശ്ശാന്തിയും സംതൃപ്തിയും വിശ്വാസികൾക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വിശ്വാസികൾ നാലമ്പലം ചുറ്റുവാൻ പോകുമ്പോൾ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. ശ്രീരാമനും മറ്റു മൂന്നു സഹോദരന്മാരുമാണീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക