തിരുവനന്തപുരം: തിരുവോണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ചടങ്ങില്‍ എത്തിയപ്പോള്‍ എല്ലാവര്ക്കും പുസ്തകം തന്നിരുന്നു. അതിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം പറഞ്ഞു. ലോട്ടറി അടിച്ചാല്‍ നിങ്ങളെ പിന്നെ കിട്ടില്ലല്ലോ അത് കൊണ്ടാണ് പുസ്തകം മതിയെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് കൊണ്ട് കെഎസ്ആര്‍ടിസിജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമല്ലോ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇക്കൊല്ലത്തെ ഓണം ഭാഗ്യക്കുറി എത്തുന്നത്. ഒന്നാം സമ്മാനാര്ഹന് ലഭിക്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപ 90 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില.
കെഎസ്ആര്‍ടിസിയെ സമ്പന്ധിച്ചിടത്തോളം ശമ്പളം കൊടുക്കുന്നത് വലിയ പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്താണ് മന്ത്രിയുടെ പരാമര്‍ശം. ശമ്പള വിതരണം മുടങ്ങിയത് കാരണം തൊഴിലാളി യൂണിയനുകള്‍ മാനേജ്മെന്റുമായി സമരത്തിലായിരുന്നു. ഇതിനിടെ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്കുമുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: