ചാത്തന്നൂര്‍: പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്ത വൃദ്ധ ദമ്പതികള്‍ എട്ടുവര്‍ഷത്തിലധികമായി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അന്നത്തിനുള്ള വക കണ്ടെത്താനായി കനാല്‍ പുറമ്പോക്കില്‍ തട്ടുകട നടത്തുകയാണിവര്‍. ഇത് നിര്‍ത്തി സ്ഥലം ഒഴിയണമെന്ന കനാല്‍ അധികൃതരുടെ അന്ത്യശാസനം കൂടിയായതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ദമ്പതികള്‍.
ചിറക്കര വില്ലേജ് ഓഫീസിന് സമീപം കനാലിനടുത്ത് തട്ടുകട നടത്തുന്ന മനീഷ് വിലാസത്തില്‍ എഴുപതുകാരനായ തുളസീധരനും ഭാര്യ ലളിതയുമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. 2019 സെപ്തംബറില്‍ ഇവര്‍ക്ക് പട്ടയം കിട്ടിയെങ്കിലും ഇതുവരെയും ഭൂമി ലഭിച്ചിട്ടില്ല. ചിറക്കര പഞ്ചായത്തിലെ പേയത്ത് വാതുക്കലിലാണ് ഇവര്‍ക്ക് ഭൂമി അനുവദിച്ചത്. ഈ ഭൂമിക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികള്‍ മുതല്‍ ജില്ലാകളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ തട്ടുകടയിലാണ് ഇവര്‍ അന്തിയുറങ്ങിയിരുന്നത്.
ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ അയല്‍വാസി രാത്രിയില്‍ കിടന്നുറങ്ങാനുള്ള സൗകര്യം നല്കി. ആര്‍ക്കും ശല്യമില്ലാത്ത തരത്തില്‍ ഓവര്‍ഹെഡ് കനാലിനരികില്‍ തട്ടുകട നടത്തി അന്നത്തിന് വക കണ്ടെത്തുന്ന ഇവരെ ഇവിടെ നിന്നും ഇറക്കിവിടരുതെന്നാണ് പൊതുജനാഭിപ്രായം. പട്ടയഭൂമി ലഭിക്കുംവരെ ഇവിടെ തുടരാന്‍ കെഐപി അധികൃതരുടെ ഭാഗത്തു നിന്നും കനിവുണ്ടാകണമെന്നാണ് ഇവരുടെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: