ചവറ: ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചവറയില്‍ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കന്നേറ്റി മുതല്‍ നീണ്ടകര വരെയുള്ള ഭാഗത്തെ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമാണ് ഇനിയും പൊളിച്ചുമാറ്റാനുള്ളത്.
സര്‍ക്കാരിനോട് കെട്ടിടങ്ങള്‍ ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി മാറാനുള്ള നടപടികളായി. ചവറ, നീണ്ടകര എന്നിവിടങ്ങളിലെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസുകള്‍ മാറ്റിത്തുടങ്ങി. ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കിഴക്കേ കെട്ടിടത്തിന്റെ ഒന്നരമീറ്റര്‍ ഭാഗമാണ് ദേശീയപാതയ്ക്കായി വിട്ടു നല്‍കിയത്. അതിനാല്‍ പിടിഎ ഇടപെട്ട് കെട്ടിടം പൂര്‍ണ്ണമായി പൊളിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വച്ചു.
നഷ്ടപ്പെട്ടു പോകുന്ന ഭാഗം മാത്രം പൊളിച്ചുമാറ്റി ബാക്കി കെട്ടിയടച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് പൊളിക്കല്‍ നടപടി നിര്‍ത്തിവച്ചത്. വൈദ്യുതിലൈനുകളും വാട്ടര്‍ അതോറിറ്റി ലൈനുകളും മാറ്റുന്ന നടപടികള്‍ ആരംഭിച്ചിട്ടില്ല. ശാസ്താംകോട്ടയില്‍ നിന്നും കൊല്ലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാനലൈന്‍ ടൈറ്റാനിയം ജംഗ്ഷന് മുതല്‍ കാവനാട് ബൈപ്പാസ് വരെയുള്ളത് മാറ്റിസ്ഥാപിക്കുന്നതിന് നടപടികള്‍ ആകാത്തത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമാകും. സ്വകാര്യ കെട്ടിടങ്ങള്‍ ഒട്ടുമിക്കതും ഉടമസ്ഥര്‍ തന്നെ പൊളിച്ചുമാറ്റി ബാക്കിയുള്ളവ നിര്‍മാണ കമ്പനികള്‍ പൊളിച്ചു നീക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സ്ഥലമെടുപ്പ് ജോലികള്‍ പൂര്ണമായാല് മാത്രമേ ദേശീയപാത നിര്‍മാണം കൃത്യമായ രീതിയില്‍ സാധ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: