തൃശൂര്‍: ചെറു മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ചെറു മീനുകളെ പിടിച്ച് മാര്‍ക്കറ്റുകളിലും മറ്റും വില്‍പ്പന നടത്തുന്നത്. നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പൊടി മീന്‍പിടുത്തം കാരണം കടലില്‍ മീന്‍ സമ്പത്ത് അനുദിനം നശിക്കുകയാണ്. ചെറുമീനുകളെ കടലില്‍ നിന്ന് അരിച്ചെടുത്ത് ബോട്ടുകളും വള്ളങ്ങളും മീന്‍ സമ്പത്ത് നശിപ്പിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.
ഫിഷറീസ് അധികൃതരുടെ വിലക്ക് ലംഘിച്ച് പൊടി മീനുകള്‍ പിടിക്കുന്നത് പതിവായിരിക്കുകയാണ്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകളാണ് നിരോധിത വലകളുമായി കേരള തീരങ്ങളില്‍ നിന്ന് പൊടി മീനുകളെ പിടികൂടുന്നത്. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നുമുള്ള നിയമം ലംഘിക്കുകയാണ്.
20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്താന്‍ പാടില്ലെന്നാണ് നിയമം. 10 സെ.മീ. താഴെ വലിപ്പമുള്ള അയലയും ചാളയും തുടങ്ങിയവയെ പിടിച്ചാണ് മാര്‍ക്കറ്റുകളിലെത്തിക്കുന്നത്. വഴിയോരങ്ങളില്‍ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് ചെറുമീനുകളുടെ വില്‍പ്പന. എല്ലാ നിയമങ്ങളും ലംഘിച്ച് ട്രോളി വലകള്‍ ഉപയോഗിച്ച് കടലില്‍ നിന്ന് ചെറുമീനുകളെ നിര്‍ബാധം പിടിക്കുകയാണ് . രണ്ടാഴ്ചയിലധികമായി ബോട്ടുകളും വള്ളങ്ങളും പിടികൂടുന്ന ധാരാളം പൊടിമീനുകള്‍ മാര്‍ക്കറ്റുകളിലെത്തുന്നുണ്ട്.
4 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ‘മിനിമം ലീഗല്‍ സൈസ്’ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബോട്ടുകള്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മത്തി, അയല, ചൂര, പാമ്പാട, കിളിമീന്‍, കോര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 14 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: