മൂന്നാര്‍: മൂന്നാര്‍, ദേവികുളം പഞ്ചായത്ത് മേഖലകളില്‍ തീവ്രമഴ തുടരുന്നു. മൂന്ന് ദിവസത്തിനിടെ 57.5 സെ.മീ. മഴയാണ് ദേശീയ ഉദ്യാനമായ ഇരവികുളത്ത് (രാജമല) മാത്രം രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇരവികുളത്ത് 26.8 സെ.മീ. മഴ പെയ്തു. മൂന്നാറിലെ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആറ്റോമാറ്റിക് മഴമാപിനിയില്‍ 12.45 സെ.മീ. മഴയും രേഖപ്പെടുത്തി.
ദുരന്ത സാധ്യത മുന്നില്‍ക്കണ്ട് പെട്ടിമുടിയിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട 118 പേരെ നേരത്തെ മാറ്റി പാര്‍പ്പിച്ചിരുന്നു. ജൂണ്‍ 26 മുതല്‍ മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടങ്ങിയതാണ്. നേരത്തെ ചെറിയ ഇടവേളകള്‍ ലഭിച്ചെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി മഴ ശക്തമായി തുടരുകയാണ്.ശക്തമായ കാറ്റും കോടമഞ്ഞും തണുപ്പും മൂലം തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാകാതെ ദുരിതത്തിലാണ്. മിക്കയിടത്തും തോട്ടങ്ങളിലെ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. നിരവധിയിടങ്ങളില്‍ മരം വീണ് കെട്ടിടങ്ങള്‍ക്കടക്കം നാശമുണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടിയില്‍ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മരം വീണു.
ഇത്തരത്തില്‍ മഴ തുടരുന്നതിനാല്‍ മേഖലയില്‍ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ ഗവേഷകരടക്കം അഭിപ്രായപ്പെടുന്നത്. ബൈസണ്‍വാലി ജപ്പാന്‍ കോളനിക്ക് സമീപം ഉരുള്‍ പൊട്ടി വീടിനകത്ത് കല്ലും മണ്ണും ഒഴുകിയെത്തി. മുട്ടുങ്കല്‍ ശശിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മൂന്നാറിലടക്കം മൂന്നിടത്താണ് കാറിന് മുകളിലേക്ക് മരം വീണ് നാശമുണ്ടായത്. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട് മേഖലയിലും വലിയ നാശമാണ് മഴ വിതക്കുന്നത്.
അതേ സമയം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ ജന്മഭൂമിയോട് പറഞ്ഞു.സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് തഹസില്‍ദാര്‍ യാസറും വ്യക്തമാക്കി. കനത്ത മഴ മൂലം താലൂക്കില്‍ ഇന്നലെ സ്‌കൂള്‍ക്ക് അവധി നല്കിയിരുന്നു, ഇന്നും അവധിയാണ്. വിവിധ വില്ലേജുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കനത്ത ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മേഖലയില്‍ മഴയ്‌ക്ക് ചെറിയ കുറവുണ്ടാകുമെങ്കിലും നാളെ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: