ദുബായ്: മധ്യേഷ്യയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വന്‍ പദ്ധതിയുമായി ഇന്ത്യയും യുഎഇയും യുഎസും ഇസ്രായേലും. നാലു രാജ്യങ്ങള്‍ അടങ്ങുന്ന ഐ ടു യുടു എന്ന പുതിയ സഖ്യത്തിന്റെ പ്രഥമ യോഗത്തിലാണു തീരുമാനം. ഐ എന്നാല്‍ ഇന്ത്യയും ഇസ്രായേലും. യു എന്നാല്‍ യുഎസും യുഎഇയും. രണ്ടു ബില്യന്‍ ഡോളര്‍ (ഏകദേശം രണ്ടുലക്ഷം കോടി രൂപ) മുടക്കി ഇന്ത്യയിലുടനീളം യുഎഇ സംയോജിത ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ആദ്യ യോഗത്തിലാണു തീരുമാനമെടുത്തത്. ഫുഡ് പാര്‍ക്കുകളുടെ ശൃംഖലയ്ക്കുള്ള സ്ഥലം ഇന്ത്യ നല്‍കും. കര്‍ഷകരെ ഇത്തരം പാര്‍ക്കുകളുമായി ബന്ധിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളും. യുഎസും ഇസ്രായേലും സംരംഭത്തിനു വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കും.
ഗ്രൂപ്പിന്റെ ആദ്യ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്, ഇസ്രായേല്‍ പ്രധാനമന്ത്രി യേര് ലാപിഡ് എന്നിവര്‍ പങ്കെടുത്തു. ഭക്ഷ്യസുരക്ഷ, പരിശുദ്ധ ഊര്‍ജ്ജം എന്നിവയായിരുന്നു ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങള്‍.
ഫുഡ് പാര്‍ക്കുകള്‍ വരുന്നതോടെ ഇന്ത്യയിലെ കാര്‍ഷികോത്പാദനം വലിയ തോതില്‍ കൂടും. ഇത് കര്‍ഷകര്‍ക്കു ഗുണകരമാകും. അവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യം ലഭിക്കും. വരുമാനവും വര്‍ധിക്കും. തെക്കന്‍ ഏഷ്യയിലെയും മധ്യേഷ്യയിലെയും ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങള്‍ക്കും ഇതോടെ വലിയ അളവു വരെ പരിഹാരമാകുമെന്നു സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തില്‍ 300 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ, കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാനും ഐ ടു യുടു ഗ്രൂപ്പ് സഹായിക്കും. 330 ദശലക്ഷം ഡോളറാണു ചെലവ്. യുഎഇ കമ്പനികളാണ് ഇതും സ്ഥാപിക്കുന്നത്. സാങ്കേതിക സഹായം യുഎസും ഇസ്രായേലും നല്‍കും. 2030 ആകുന്നതോടെ ഫോസില്‍ എണ്ണയില്‍ നിന്നല്ലാതെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്.
ലോകം നേരിടുന്ന വലിയ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഈ രാജ്യങ്ങളിലെ ജന സമൂഹങ്ങളുടെ തുടിപ്പും സംരംഭകത്വവും പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ 18നു ചേര്‍ന്ന നാലു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഐ ടു യു ടു ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. മൂന്നു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സമീപ കാലത്ത് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ ഗ്രൂപ്പും അതിന്റെ നേതൃത്വത്തില്‍ പദ്ധതികളും കാര്യക്ഷമമാകുന്നതോടെ ബന്ധം കൂടുതല്‍ ഊഷ്മളമാകും.
രാജ്യത്തുടനീളമുള്ള കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളും പഴങ്ങളും മറ്റും ശേഖരിച്ചു സംസ്കരിച്ചു വിപണിയിലെത്തിക്കാനുള്ള സംവിധാനമാണ് ഫുഡ് പാര്‍ക്കുകള്‍. ഭക്ഷ്യ സംസ്കരണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഇതര രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കും. വിദേശ നാണ്യം രാജ്യത്തിനു നേടിത്തരുന്ന പദ്ധതി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: