കൊല്ലം: പാറ ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ ഗവ. കോണ്‍ട്രാക്ടര്‍മാര്‍ വലയുന്നു. കളക്ടറും സംഘടനാപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ജൂണ്‍ മാസത്തില്‍ നടന്ന യോഗത്തില്‍ നിര്മാണപ്രവര്ത്തനങ്ങള്ക്കു ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു തന്നതാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നാളിതുവരെ വിഷയത്തില്‍ ശാശ്വതപരിഹാരം ഉണ്ടായില്ല.
നിലവിലുള്ള പൊതുമരാമത്തു പ്രവര്‍ത്തികള്‍ക്ക് മാത്രം മൂന്നുലക്ഷം ക്യൂബിക് അടി പാറയാണ് വേണ്ടത്. ഇതുകൂടാതെ തദ്ദേശ സ്വയംഭരണവകുപ്പിലും ജല അതോറിറ്റി, നാഷണല്‍ ഹൈവേ, ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തികള്‍ക്കും പാറ ഉത്പ്പന്നങ്ങള്‍ ആവശ്യമുണ്ട്. സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളാണ് കരാറുകാര്‍ നേരിടുന്നത്. കാലതാമസമുണ്ടാകുമ്പോള്‍ ദിനംപ്രതി നിര്‍മാണ സാമഗ്രികള്‍ക്ക് ലഭ്യതക്കുറവും വിലവര്‍ധനവും ഉണ്ടാകുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിര്‍മാണസാമഗ്രികള്‍ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു. ജിഎസ്ടി 12ല്‍ നിന്നും 18ആയി ഉയര്‍ത്തിയതും തിരിച്ചടിയായി. സിമന്റ് വിലയും കൂടുകയാണ്. തൊഴിലുറപ്പിനാവശ്യമായ സാമഗ്രികള്‍ സപ്ലൈ ചെയ്ത കരാറുകാര്‍ക്ക് ഒരുവര്‍ഷമായി തുക കുടിശ്ശികയാണ്. ട്രഷറിയില്‍ 25 ലക്ഷത്തിനു മുകളിലുള്ള കരാറുകാരുടെ ബില്ലുകള്‍ മാറുന്നില്ല.
വിലക്കയറ്റത്തിന് ശാശ്വത പരിഹാരമായി എല്ലാ കരാറുകളിലും വിലവ്യതിയാന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. ഒപ്പം 2021ലെ ഡിഎസ്ആര്‍ നടപ്പാക്കുക, ജിഎസ്ടി വിഹിതം പൂര്‍ണമായും കരാറുകാര്‍ക്ക് നല്‍കുക, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പിഡബ്ല്യുഡി മാനുവലിലെയും കരാര്‍ വ്യവസ്ഥകളിലെയും അപാകതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ഹളും മുന്നോട്ടുവയ്ക്കുന്നു. അതേസമയം നിര്‍മാണ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ കരാറുകാര്‍ 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: