കണ്ണൂര്‍: കേരള സംസ്ഥാന കൗണ്‍സിലിന്റെയും കണ്ണൂര്‍ ജില്ലാര്‍സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. പുരുഷ വിഭാഗത്തില്‍ 14 ഉം വനിതാ വിഭാഗത്തില്‍ 11 ഉം ടീമുകള്‍ മത്സരിക്കും.
വര്‍ഷങ്ങള്‍ക്കുശേഷമാണ് അന്തര്‍ ജില്ലാ വോളിബോള്‍ മത്സരത്തിന് കണ്ണൂര്‍ ആഥിത്യം വഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം 4.30 ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ വിശിഷ്ടാതിഥിയാവും. മേയര്‍ ടി.ഒ. മോഹനന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മത്സരത്തില്‍ നിന്നും ഇരുവിഭാഗങ്ങളിലെയും സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള പ്രചരണ വോളി ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നയിക്കുന്ന കണ്ണൂര്‍ പ്രസ്സ് ക്ലബും കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നയിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ മത്സരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത്, കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാണികള്‍ക്ക് ഗാലറിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വുഡന്‍ പ്രതലത്തില്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള എക്‌സ് മാറ്റ് വിരിച്ചാണ് ഫീല്‍ഡ് ഓഫ് പ്ലേ ഒരുക്കിയിട്ടുള്ളത്.
16 ന് രാവിലെ 7.30ന് ആരംഭിക്കുന്ന ആദ്യദിവസത്തെ മത്സരം 9 കളികളോടെ രാത്രി 10 മണിയോടെ അവസാനിക്കും. രണ്ടാം ദിനം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ അവസാനിക്കും. മൂന്നാം ദിനം 18ന് രാവിലെ 9 മണിക്ക് 10.30നും ഉച്ചയ്‌ക്കുശേഷം 3.30നും 5.30നും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 19 ന് രാവിലെ ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങളും ഉച്ചയ്‌ക്ക് ശേഷം 3.30ന് വനിതാ വിഭാഗം ഫൈനലും 5.30 ന് പുരുഷ വിഭാഗം ഫൈനല്‍ മത്സരവും നടക്കും. മത്സരശേഷം സമാപനപരിപാടിയും സമ്മാനദാനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.പി. ദിവ്യ, ജനറല്‍ കണ്‍വീനര്‍ കെ.കെ. പവിത്രന്‍ മാസ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പി.പി. ബിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: