കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ നേരിട്ട് വിലയിരുത്തുന്ന കേന്ദ്രമന്ത്രിമാരെ പരിഹസിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്വന്തം വകുപ്പിനു കീഴില്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന പ്രഹസനങ്ങള്‍ കാണുന്നില്ലെന്ന് ആരോപണം. കോടികള്‍ മുടക്കിയിട്ടും പണിതീരാതെ നിരവധി പാലങ്ങളും റോഡുകളും അനാസ്ഥയുടെ സ്മാരകങ്ങളായുണ്ട് സംസ്ഥാനത്തുടനീളം.
കൊല്ലത്ത് കിഫ്ബിയില്‍ നിന്ന് 103 കോടിരൂപ മുടക്കി നിര്‍മിച്ച 1100 മീറ്റര്‍ നീളത്തിലുള്ള ഫ്ളൈ ഓവര്‍ എത്തി നില്‍ക്കുന്നത് അഷ്ടമുടിക്കായലിനു മധ്യത്തില്‍. ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നിര്‍മാണം.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്ന് 1.4 മീറ്റര്‍ നീളത്തിലാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണം. ഇതില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിന്ന് 80 മീറ്റര്‍ നീളത്തില്‍ മാത്രമാണ് റോഡുള്ളത്. പിന്നീട് 1100 മീറ്റര്‍ നീളത്തില്‍ ഫ്ളൈഓവറാണ്. ഇരു വശങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത സഹിതം 11 മീറ്ററാണ് ഫ്ളൈ ഓവറിന്റെ വീതി.
ഫ്ളൈ ഓവറിനെ തോപ്പില്‍ക്കടവില്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെങ്കിലും ഇപ്പോള്‍ കായലിനു മുകളില്‍ കൈനീട്ടിപ്പിടിച്ചതു പോലെ പാതിവഴിലാണ് പാലം. ഇത് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോള്‍ നീക്കം. ഇതിനായുള്ള മിനുക്കു പണികള്‍ അവസാനഘട്ടത്തിലാണ്.
ഇപ്പോള്‍ പാലം എത്തി നില്ക്കുന്നിടത്തു നിന്ന് നാലാംഘട്ടത്തില്‍ തോപ്പില്ക്കടവിലേക്കാണ് പാലം എത്തേണ്ടത്. ഇവിടെ 90 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. എന്നാല്‍ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റോഡ് നിര്‍മാണം സംബന്ധിച്ചു കിഫ്ബിയിലെ സാങ്കേതിക വിദഗ്ധരുടെ സംശയം നാലു വര്‍ഷമായിട്ടും തീരാത്തതാണ് നാലാം ഘട്ടത്തിന്റെ നിര്‍മാണ നടപടികള്‍ക്കു തടസ്സം. എന്നാല്‍ ഇതുവരെ വിശദമായ റിപ്പോര്‍ട്ട് പോലുമായില്ല.
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രുപരേഖയില്‍ നിരന്തരം സംശയം ഉന്നയിക്കുകയാണ് കിഫ്ബിയിലെ സാങ്കേതിക വിഭാഗം. നാലുവര്‍ഷമായി ഇതു തുടരുന്നു. ഓലയില്‍ക്കടവ് മുതല്‍ തോപ്പില്കടവു വരെ 1.76 കിലോമീറ്റര്‍ നീളമാണ് നാലാംഘട്ടത്തിലുള്ളത്. ഇതിന് 2017-18 ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്നാംഘട്ട നിര്‍മാണം തീരുന്ന മുറയ്ക്ക് നാലാംഘട്ടം തുടങ്ങാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ കിഫ്ബിയുടെ സാങ്കേതിക പരിശോധന വിഭാഗം വര്‍ഷങ്ങളായി പദ്ധതിയെ കുറിച്ച് വിശദീകരണം തേടിക്കൊണ്ടിയിരിക്കുകയാണ്.
ഓലയില്‍ക്കടവ് മുതല്‍ തോപ്പില്‍ക്കടവ് വരെ അഷ്ടമുടിക്കായലിനു മുകളിലൂടെയും തേവള്ളി പാലത്തിന് അടിഭാഗത്തു കൂടിയുമാണ് നാലാംഘട്ട നിര്‍മാണം. ലിങ്ക് റോഡ് വഴി വരുന്ന ഉയരമുള്ള വാഹനങ്ങള്‍ക്ക് തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ കടന്നുപോകാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്.
ഇപ്പോള്‍ ഈ പാലത്തില്‍ നിന്ന് ഓലയില്ക്കടവിലേക്ക് നിര്‍മിച്ച അപ്രോച്ച് റോഡിലൂടെ കൊല്ലം-തേനി ദേശീയ പാതയിലെത്താം. എന്നാല്‍ ഓലയില്‍കടവില്‍ നിന്ന് ദേശീയപാതയിലേക്കുള്ള ഇടുങ്ങിയ റോഡ് വലിയവാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഇരുവശത്തേക്കും ചെറിയ വാഹനങ്ങള്‍ എത്തിയാല്‍ പോലും വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടും. കോടികള്‍ മുടക്കി നിര്‍മിച്ച പാലം എന്തിനെന്നാണിപ്പോള് എന്നാണ് ചോദ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: