അനില്‍ജി
ശൂന്യാകാശത്തെ കൂടുതല്‍ വിസ്മയക്കാഴ്ച്ചകള്‍ മനുഷ്യ കുലത്തിന് സമര്‍പ്പിച്ച് നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ജെയിംസ് വെബ് ദൂരദര്‍ശനി പകര്‍ത്തിയ ആദ്യ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ട നാസ നാലു ചിത്രങ്ങള്‍ കൂടി പുറത്തിറക്കി. ഒരു വിദൂര ഗ്രഹത്തിന്റെ അന്തരീക്ഷം സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ട്.
എസ്എംഎ സിഎസ് 0723 എന്ന നക്ഷത്ര സമൂഹത്തിന്റെ ചിത്രമാണ് ആദ്യം പുറത്തുവിട്ടത്. വെബ് ടെലസ്കോപ്പിലെ ഇന്‍ഫ്രാറെഡ് കാമറയാണ് ഇതു പകര്‍ത്തിയത്. അതിനു ശേഷം കരീന നെബുല, സതേണ്‍ റിങ്ങ് നെബുല, സ്റ്റീഫന്‍സ് ക്വിന്ററ്റ് എന്നിവയുടെയും വാസ്പ് 96 ബി എന്ന ഗ്രഹത്തിന്റെയും ചിത്രങ്ങളും. ശൂന്യാകാശത്തെ പൊടിപടലവും ഹൈഡ്രജന്‍, ഹീലിയം വാതകങ്ങളും നിറഞ്ഞ മേഘപടലമാണ് നെബുല എന്ന് അറിയപ്പെടുന്നത്. കത്തിയമരുന്ന നക്ഷത്രങ്ങളില്‍ നിന്നുള്ള പൊടിയും വാതകവും കൊണ്ടാണ് ചില നെബുലകള്‍ രൂപം കൊണ്ടിട്ടുള്ളത്. പുതിയ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതും ഇതേ നെബുലകളില്‍ തന്നെയാണ്. അതിനാല്‍ ചില നെബുലകളെ നക്ഷത്രങ്ങളുടെ നഴ്സറികള്‍ എന്നും വിളിക്കുന്നു. സൂര്യനെപ്പോലെയായിരുന്ന ഒരു നക്ഷത്രം മരണമടഞ്ഞപ്പോള്‍ അതില്‍ നിന്ന് പുറത്തുവന്ന പൊടിപടലങ്ങളും വാതകവും ചേര്‍ന്ന് രൂപം കൊണ്ട ഹെലിക്സ് നെബുലയാണ്, ഭൂമിയോട് ഏറ്റവും അടുത്തുള്ള നെബുല. ഭൂമിയില്‍ നിന്ന് 700 പ്രകാശ വര്‍ഷം അകലെയാണ് ഇത്. അതായത് പ്രകാശത്തിന്റെ വേഗത്തില്‍ നാം സഞ്ചരിച്ചാല്‍ 700 വര്‍ഷം കൊണ്ട് നമുക്ക് ആ നെബുലയില്‍ എത്തിച്ചേരാം.
ഇത്തരം മൂന്ന് നെബുലകളുടെ ചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. ഇതിനു പുറമേ അങ്ങകലെയുള്ള ഒരു ഗ്രഹത്തില്‍ (വാസ്പ് 96 ബി) ഈര്‍പ്പത്തിന്റെ (ആവി) സാന്നിധ്യവും ജെയിംസ് ദൂരദര്‍ശിനി ഇതാദ്യമായി കണ്ടെത്തിയിട്ടുണ്ട്.
സതേണ്‍ റിങ്ങ് നെബുലയുടെ വര്‍ണ്ണാഭമായ ചിത്രത്തില്‍ കാണുന്നത് മരിക്കുന്ന ഒരു നക്ഷത്രത്തെയാണ്. നക്ഷത്ര സമൂഹങ്ങള്‍(താരാപഥം) രൂപം കൊള്ളുന്നതിന്റെയും നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച് മരിക്കുമ്പോള്‍ ഉണ്ടാകുന്ന ബ്ളാക്ക് ഹോള്‍സ് എന്ന തമോഗര്‍ത്തത്തിന്റെയും അമൂല്യമായ വിവരങ്ങളാണ് സ്റ്റീഫന്‍സ് ക്വിന്ററ്റിന്രെ ചിത്രത്തില്‍ ലഭിച്ചത്. അഞ്ചു നക്ഷത്രസമൂഹങ്ങള്‍ ഒന്നിച്ച് ഒരു ഗ്രൂപ്പു പോലെ കാണപ്പെടുന്ന ഒന്നാണ് സ്റ്റീഫന്‍സ് ക്വിന്ററ്റ്. 1877ല്‍ എഡ്വേര്‍ഡ് സ്റ്റീഫനാണത്രേ അഞ്ചു താരാപഥങ്ങളുടെ സംഗമം കണ്ടെത്തിയത്.പെഗാസസ് എന്ന വലിയ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ് സ്റ്റീഫന്‍സ് ക്വിന്ററ്റ്. കരീന നെബുലയുടെ ചിത്രമാണ് നാസ പുറത്തുവിട്ട നാലു ചിത്രങ്ങളില്‍ ഏറ്റവും മനോഹരം. കരീനയിലെ, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലയുടെ ചിത്രമാണിത്. എന്‍ജിഎസ് 3324 എന്നാണ് ഈ മേഖലയുടെ പേര്. സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന ഗിരിനിരകളും താഴ്വരകളുമാണ് എന്ന് കാഴ്ചക്കാര്‍ക്ക് തോന്നും. പക്ഷെ അതൊന്നുമല്ല, 700 പ്രകാശ വര്‍ഷം അകലെയുള്ള ശൂന്യാകാശത്തെ, പതിവു കാഴ്ചയാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു നെബുലയുടെ അറ്റമാണ് ഇത്.
ഭൂമിയില്‍ നിന്ന് 1150 പ്രകാശ വര്‍ഷം അകലെയാണ് വാസ്പ് 96 ബി എന്ന പടുകൂറ്റന്‍ ഗ്രഹം. ഇതിന്റെ അന്തരീക്ഷത്തിലാണ് ഈര്‍പ്പം കണ്ടെത്തിയത്. വ്യാഴത്തിന്റെ പകുതിയിലേറെ ഭാരമുള്ള ഇത് വാതകങ്ങളാല്‍ നിര്‍മ്മിതമാണ്. 2014ലാണ് ശാസ്ത്ര ലോകം ഈ ഗ്രഹത്തെ കണ്ടെത്തിയത്. തന്റെ സ്വന്തം സൂര്യനെ ചുറ്റാന്‍ ഈ ഉപഗ്രഹത്തിന് മൂന്നു മുതല്‍ നാലു ദിവസം വരെ മതി. അതിനാല്‍ ഇതിന്റെ പ്രതലത്തില്‍ ചൂട് വളരെക്കൂടുതലായിരിക്കും. ഇതിനു മുകളില്‍ മേഘങ്ങള്‍ ഇല്ല. ഈ ഗ്രഹത്തില്‍ വലിയ തോതില്‍ സോഡിയം ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ജെയിംസ് വെബ് ദൂരദര്‍ശനിയുടെ കൂടുതല്‍ കണ്ടെത്തലുകള്‍ക്കും ചിത്രങ്ങള്‍ക്കും കാത്തിരിക്കുകയാണ് ശാസ്ത്രലോകം. 2021 ഡിസംബറിലാണ് നാസ ഇത് ബഹിരാകാശത്തേക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: