സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ആക്രമണം നടന്ന സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ ദുരൂഹത വര്‍ധിച്ചിരിക്കെ സമാനമായ സംഭവം പയ്യന്നൂരില്‍ അരങ്ങേറിയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിനു നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബോംബാക്രമണം നടന്നത്. ഇരുളിന്റെ മറവില്‍ ബൈക്കുകളിലെത്തിയവര്‍ കാര്യാലയത്തിനു നേരെ ഒന്നിലധികം ബോംബുകള്‍ എറിയുകയായിരുന്നു. സ്ഫോടനത്തില്‍ കാര്യാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റുകയും, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും ചെയ്തു. ആക്രമണ സമയത്ത് കാര്യാലയത്തിനകത്ത് രണ്ടുപേരുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ട് ജീവഹാനി സംഭവിച്ചില്ല. എകെജി സെന്ററിനു നേരെയും രാത്രിയില്‍ സ്കൂട്ടറിലെത്തിയ അക്രമിയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇതേത്തുടര്‍ന്ന് മുന്‍കൂട്ടി അറിവുള്ളയാളെപ്പോലെയാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. നടന്നത് ബോംബാക്രമണമാണെന്നും, ഇതിനു പിന്നില്‍ പ്രതിപക്ഷമാണെന്നും ജയരാജന് പ്രഖ്യാപിച്ചതുകേട്ട് പലരുടെയും നെറ്റിചുളിച്ചു. സിപിഎം ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് ഈ ആരോപണം ശരിവയ്ക്കുന്നതാണ്. ഇതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാതെ സിപിഎമ്മും സര്‍ക്കാരും ഉരുണ്ടുകളിക്കുമ്പോഴാണ് എകെജി സെന്റര്‍ മോഡല്‍ ആക്രമണം പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേര്‍ക്കും നടന്നിരിക്കുന്നത്.
എകെജി സെന്റര്‍ ആക്രമിച്ചയാളെ പോലീസ് പിടികൂടാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞോ എന്ന മറുചോദ്യമാണ് ഇ.പി.ജയരാജന് ഉന്നയിക്കുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയായിരുന്നിട്ടും പ്രതിയെ പിടികൂടാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കാരണം പിടികൂടേണ്ടത് സ്വന്തം ആളുകളെ തന്നെയാവും. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുകയും, കൃത്യമായ മറുപടിയില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എകെജി സെന്ററിനു നേരെ ആക്രമണം നടന്നത്. മുഖ്യമന്ത്രി നേരിടുന്ന ആരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനായിരുന്നു ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതേ ലക്ഷ്യംവച്ചുതന്നെയാണ് വയനാട് എംപിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതും. പ്രതീക്ഷിച്ചതുപോലെ അത് കോലാഹലമുണ്ടാക്കുകയും, സ്വര്‍ണക്കടത്തില്‍നിന്ന് ജനശ്രദ്ധ തിരിയുകയും ചെയ്തു. വിജയകരമായ ഈ തന്ത്രം ഒന്നുകൂടി പരീക്ഷിക്കുകയായിരുന്നു എകെജി സെന്ററില്‍. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്നത് സിപിഎമ്മിന് ഒരു പ്രശ്നമല്ല. കേരളം തന്നെ ഇമ്മിണി വലിയൊരു പാര്‍ട്ടി ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരാണ് ഇ.പി.ജയരാജനെപ്പോലുള്ള സിപിഎം നേതാക്കള്‍. പാര്‍ട്ടി താല്‍പ്പര്യം മുന്‍നിര്‍ത്തി ഇതുപോലെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും, അതിന്റെ കുറ്റം രാഷ്ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ ചാര്‍ത്തുകയും ചെയ്ത പാരമ്പര്യം സിപിഎമ്മിനുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നില്‍ സ്വന്തം ആളുകളാണെന്നു തെളിഞ്ഞാല്‍ പോലും ജാള്യതയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം.
പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയം സിപിഎമ്മുകാര്‍ തന്നെ ആക്രമിച്ചതാണെന്ന് ഉറപ്പിക്കാം. ഇപ്പോള്‍ ഇങ്ങനെയൊരു ആക്രമണം നടത്തുന്നതില്‍ കൃത്യമായ ഉദ്ദേശ്യമുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണ്. പാര്‍ട്ടി ഫണ്ട് തട്ടിപ്പും തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പും മാത്രമല്ല, രക്തസാക്ഷി ഫണ്ടുപോലും സിപിഎം നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളല്ല സ്വന്തം പാര്ട്ടിക്കാര് തന്നെയാണ് ഇത് പുറത്തുകൊണ്ടുവന്നത്. ഇതുസംബന്ധിച്ച് പരാതി നല്കിയ പാര്‍ട്ടി നേതാവിനെതിരെ നടപടിയെടുക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്തത് വിഭാഗീയത ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇനി പൊതുപ്രവര്ത്തനത്തിനില്ലെന്നു പ്രഖ്യാപിച്ച പാര്‍ട്ടി നേതാവിനെ അനുനയിപ്പിക്കാന്‍ സിപിഎം നേതൃത്വം നടത്തിയ എല്ലാ ശ്രമവും പരാജയപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ്, യാതൊരു സംഘര്ഷവുമില്ലാതിരിക്കുന്ന ഒരു സ്ഥലത്ത് ആര്‍എസ്എസ് കാര്യാലയത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയുണ്ടാവുമെന്നും, പ്രദേശം സംഘര്‍ഷ മേഖലയാകുമെന്നും കണക്കുകൂട്ടിയാണ് ഈ ആക്രമണം. ഇങ്ങനെ വന്നാല്‍ പാര്‍ട്ടിയിലെ അഴിമതിയുടെയും വിഭാഗീയതയുടെയും പേരില്‍ പരസ്പരം പോരടിക്കുന്ന അണികളെ ഒപ്പംനിര്‍ത്താന്‍ കഴിയുമെന്ന ചിന്തയാണ് സിപിഎം നേതൃത്വത്തിനുള്ളത്. കണ്ണൂര്‍ ജില്ലയില്‍ കാലങ്ങളായി പ്രയോഗിക്കുന്ന ഈ തന്ത്രം ഒരിക്കല്‍ക്കൂടി പുറത്തെടുത്തിരിക്കുകയാണ്. ക്രമസമാധാനം തകര്‍ത്തും കലാപം കുത്തിപ്പൊക്കിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ അതില്‍ വിജയിക്കാന്‍ പോകുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനും നിയമത്തെ മറികടക്കാനും ശ്രമിക്കുന്ന ഭരണാധികാരികള്‍ പരാജയപ്പെട്ട ചരിത്രമേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: