ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ നാളെ ഇന്ത്യയുടെ രാജാഭിഷേകമാകുമോ? ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി പ്രൗഢിപേറുന്ന ലോര്‍ഡ്സില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ചോദ്യമിതു മാത്രം. നാളെ ജയിച്ചാല്‍ ട്വന്റി20യ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയുടെ കൈപ്പിടിയിലാകും. ഏകദിനത്തിലും നായകനായുള്ള അരങ്ങേറ്റ പരമ്പര സ്വന്തം മണ്ണില്‍ കൈവിട്ടുവെന്ന നാണക്കേട് ജോസ് ബട്ലര്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തും.
ഓവലിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിന് ഒരുവസരവും നല്‍കാതെയാണ് ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു കയറിയത്. ജസ്പപ്രീത് ബുംറയുടെ തീതുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നിരായുധരായപ്പോള്‍, ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും പ്രതിസന്ധിയിലാക്കാനുള്ള വീര്യം അവരുടെ ബൗളര്മാര്ക്കുമുണ്ടായില്ല.
ഇന്നത്തെ കളിയിലും ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്താനാണ് സാധ്യത. വയറിനു പരിക്കേറ്റ വിരാട് കോഹ്ലി ഇന്നും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിരാടിനു പകരം ശ്രേയസ് അയ്യരാണ് ടീമിലുണ്ടായിരുന്നത്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ കളിയില്‍ പത്തു വിക്കറ്റുമെടുത്ത ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ പേസ് സഖ്യം കളിക്കാനാണു സാാധ്യത.
സമകാലീന ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ, ആക്രമണകാരികളായ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റേത്. അവരാണ് അസാധാരണമാംവിധം തകര്‍ന്നടിഞ്ഞത്. ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്, മോയിന്‍ അലി എന്നിവരുടെ പ്രഹരശേഷി മാരകം. തെറ്റുതിരുത്തി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഡേവിഡ് വില്ലി, ക്രെയ്ഗ് ഒവെര്‍ട്ടണ്‍, ബ്രൈഡണ്‍ കാഴ്സ്, റീസ് ടോപ്ലെ അടങ്ങിയ ബൗളിങ് നിരയുടെ പ്രഹരശേഷി ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: