Categories: India

മോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു

Published by

ന്യൂദല്‍ഹി: നരേന്ദ്രമോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ വ്യാജതെളിവുകളും മൊഴിയും നല്‍കിയ ഗുജറാത്തിലെ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒരു സ്ത്രീയുടെ കസ്റ്റഡി മരണത്തിന്റെ പേരില്‍ ബനസ്കാന്ത ജില്ലയിലെ പലന്‍പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്  സഞ്ജീവ് ഭട്ട്. അവിടെ നിന്നും ട്രാന്‍സ്ഫര്‍ വാറണ്ട് പുറപ്പെടുവിച്ചാണ് 2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട്  സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.  

ഇതോടെ സക്കിയ ജാഫ്രിയുടെ നരേന്ദ്രമോദിയ്‌ക്കെതിരായ കേസ് സുപ്രീംകോടതി തള്ളിയതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദും ഗുജറാത്തിലെ മുന്‍ ‍ഡിജിപി ആര്‍.ബി. ശ്രീകുമാറും അറസ്റ്റിലായിതന് പിന്നാലെയാണ് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.  ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ച് രാജസ്ഥാനിലെ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ച കേസിലും ഇദ്ദേഹം കുറ്റവാളിയാണ്. സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍ ചൈതന്യ മാന്‍റ്ലിക് ആണ് പ്രഖ്യാപിച്ചത്. 2002ലെ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ വിവിധ കലാപക്കേസുകളില്‍ വ്യാജരേഖകള്‍ ചമച്ചതിന് സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘത്തിലെ അംഗം കൂടിയാണ് ചൈതന്യ മാന്‍റ്ലിക്. 

ഗുജറാത്തിലെ കലാപവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്ന് (2002ല്‍) ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെ സക്കിയ ജാഫ്രി നല‍്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ നരേന്ദ്രമോദി പാടെ കുറ്റവിമുക്തനായിരുന്നു. മോദിയ്‌ക്കെതിരെ വ്യാജമൊഴികള്‍ നല്‍കിയതിന്റെ പേരില്‍ സഞ്ജീവ് ഭട്ടിന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഹീറോ പരിവേഷം നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണസംഘവും ഇപ്പോള്‍ സുപ്രീംകോടതിയും സക്കിയ ജാഫ്രിയുടെ കേസ് തള്ളിയതോടെ തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരുടെ വാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക