ടെഹ്റാന്: ഇറാനില്‍ ഹിജാബ് നിയമം കര്‍ശനമാക്കുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി യുവതികള്‍ രംഗത്ത്. ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിയമങ്ങളെ വെല്ലുവിളിച്ചു യുവതികള്‍ പരസ്യമായി രംഗത്തെത്തി. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങള്‍ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ചിലര്‍ പൊതുസ്ഥലത്തും ഹിജാബ് വലിച്ചെറിഞ്ഞു. രാജ്യത്തെ വളരെ യാഥാസ്ഥിതികരായ മതപ്രഭുക്കന്മാരുടെ പിന്തുണയുള്ള പുരോഹിതനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
ഹിജാബ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 12 ‘ഹിജാബ് ആന്‍ഡ് ചാസ്റ്റിറ്റി ഡേ’ ആയി ഇറാന് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി പരിപാടികള്‍ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്കൊണ്ട് അധികാരികള്‍ ലക്ഷ്യമിട്ടത്.സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ഡേ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ സ്ത്രീകള്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഹിജാബ് നീക്കി പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് പിന്തുയുമായി നിരവധി പുരുഷന്മാരും രംഗത്തെത്തി.
‘സദാചാര പോലീസ്’ എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ സംബോധന ചെയ്തത്. ബാങ്കുകളിലും, പൊതു ഗതാഗത സര്‍വ്വീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് നിര്‍ബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില ഇറാനിയന്‍ നഗരങ്ങളിലെ ആശുപത്രികളിലും സര്‍വ്വകലാശാലകളും സ്ത്രീകള്‍ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘സദാചാര പോലീസ്’ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിലെ അലന് ഹൊഗാര്‍ത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം റൈസിയുടെ വിജയത്തിന് ശേഷമാണ് ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ കര്‍ശന നലിപാട് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: