ലോകജനസംഖ്യാ ദിനത്തില്‍ ഐക്യരാഷ്‌ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ട് ലോകരാജ്യങ്ങളെ പൊതുവെയും ഭാരതത്തെ പ്രത്യേകിച്ചും ആശങ്കപ്പെടുത്താന്‍ പോന്നതാണ്. 2030 ല്‍ ലോക ജനസംഖ്യ 850 കോടിയും 2050 ല്‍ ഇത് 1000 കോടിക്ക് അടുത്തും എത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക, സാമൂഹിക, ജനസംഖ്യാ കാര്യങ്ങള്‍ക്കുള്ള വിഭാഗം കണക്കാക്കുന്നത്. ജനസംഖ്യയിലുണ്ടാവുന്ന ഈ വന്‍ വര്‍ധനവിന്റെ വിശദാംശങ്ങളും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്. 2080 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടി കവിയുമെന്നും, 2100 വരെ ജനപ്പെരുപ്പം ഈ നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ചൈനയും ഭാരതവുമാണ് ഇപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങള്‍. അടുത്ത വര്‍ഷം, അതായത് 2023 ല്‍ ഭാരതത്തിന്റെ ജനസംഖ്യ ചൈനയെ മറികടന്ന് മുന്നേറും. 2050 ല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോള്‍ ഭാരതത്തിന്റെ ജനസംഖ്യ 160 കോടി കവിയുമെന്നും, ചൈനയുടേത് അതിനു താഴെ 130 കോടിയായിരിക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ അന്തരമുണ്ട്. ചൈനയുടെ ജനപ്പെരുപ്പം ക്രമാനുഗതമായി കുറയുമ്പോള്‍ ഭാരതത്തിന്റെ ജനപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കുന്നു എന്നതാണ് ഇവിടെ കാണുന്നത്. ഭരണാധികാരികളെയും സാമൂഹ്യശാസ്ത്രജ്ഞന്മാരെയുമൊക്കെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. സെന്‍സസ് വിവരങ്ങള്‍ പോലും ഉദ്ധരിക്കുന്നതിന് മതരാഷ്‌ട്രീയ വിലക്കുള്ള കേരളത്തില്‍ യുഎന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏറെ പ്രസക്തമാണ്.
ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ഇതില്‍ പലതും ഈ വിപത്തിനെ ലളിതവല്‍ക്കരിച്ച് കാണുന്നതുമാണ്. ജനപ്പെരുപ്പം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും, അതിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നുമുള്ള വാദഗതികള്‍ ചില കോണുകളില്‍നിന്ന് ഉയരാറുണ്ട്. എന്നാല്‍ ജനപ്പെരുപ്പം ഒരു ടൈംബോംബാണെന്നും, മാനവരാശിയെ അത് സര്‍വനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരുണ്ട്. ഭൂമിയിലെ വിഭവങ്ങള്‍ അക്ഷയമല്ലെന്ന ധാരണ ഇന്ന് ആധുനിക ശാസ്ത്രത്തിനുണ്ട്. പ്രകൃതിയിലെ വിഭവങ്ങള്‍ ഉപയോഗിച്ചു തീരുന്നതിനനുസരിച്ച് ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് ശാസ്ത്രത്തെ പിന്‍പറ്റുന്ന ചില അന്ധവിശ്വാസികള്‍ മാത്രമാണ് കരുതുന്നത്. ജനപ്പെരുപ്പത്തിന്റെയും വിഭവ ദാരിദ്ര്യത്തിന്റെയും പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ മാനവരാശി അഭിമുഖീകരിക്കുന്നുണ്ട്. ജനപ്പെരുപ്പം നിര്‍ബാധം തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ദുസ്സഹമാക്കും. വര്‍ധിച്ച തോതിലുള്ള ജനസംഖ്യ മാനവവിഭവശേഷിയായി പരിവര്‍ത്തിപ്പിച്ച് വികസനത്തിന് ആക്കം കൂട്ടാമെന്നും മറ്റുമുള്ള ചിന്തയ്‌ക്ക് പ്രായോഗിക മൂല്യം കുറവാണ്. ഭക്ഷണവും വെള്ളവും വാസസ്ഥലവും ഉറപ്പാക്കാനാവാതെ വികസനത്തെക്കുറിച്ച് മിഥ്യാധാരണകള്‍ പുലര്‍ത്തുന്നത് വിപത്ത് വിലയ്‌ക്കു വാങ്ങുന്നതിന് തുല്യമായിരിക്കും. ജനപ്പെരുപ്പത്തില്‍ വലിയ ആശങ്കയൊന്നും വേണ്ട, എങ്ങനെയെങ്കിലുമൊക്കെ അതിജീവിച്ചുകൊള്ളുമെന്നും വിവേകമതികള്‍ കരുതുന്നില്ല.
ജനപ്പെരുപ്പം പിടിച്ചുനിര്‍ത്താനും കുറച്ചുകൊണ്ടുവരാനുമുള്ള നേരായ മാര്‍ഗം പ്രത്യുല്‍പ്പാദന നിരക്ക് വര്‍ധിക്കാതെ നോക്കുന്നതാണ്. ഇതിനു വേണ്ടത് കുടുംബാസൂത്രണമാണ്. എന്നാല്‍ ഈ വാക്ക് ഉച്ചരിക്കുന്നതുപോലും എന്തോ അപകടമാണെന്ന് കരുതുന്ന ഒരു രീതിയുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക നയമനുസരിച്ചുള്ള കുടുംബാസൂത്രണം സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഇത് മതേതര രാജ്യമാണ്, ജനാധിപത്യരാജ്യമാണ് എന്നൊക്കെയുള്ള കോലാഹലങ്ങളുയര്‍ത്തി മുക്കിക്കളയുകയാണ് പതിവ്. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാല്‍ എങ്ങനെയാണ് മതേതരത്വവും ജനാധിപത്യവുമൊക്കെ തകരുന്നതെന്ന് മനസ്സിലാവുന്നില്ല. ജനസംഖ്യാ നിയന്ത്രണങ്ങള്‍ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നു പറയുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ച് സമൂഹത്തിനുമേല്‍ മതപരമായ ആധിപത്യം കൊണ്ടുവരികയെന്നത് ഇതിലൊന്നാണ്. ജമ്മുകശ്മീരിലും മറ്റും നാം ഇത് കണ്ടതാണ്. രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ആളെണ്ണമാണല്ലോ. ഈ ഗൂഢമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ചില ശക്തികള്‍ കുടുംബാസൂത്രണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥിതിക്കും ജനസംഖ്യാ നിയന്ത്രണം അടിച്ചേല്‍പ്പിക്കാനാവില്ല. പക്ഷേ നിയമാനുസൃതം ഫലപ്രദമായ മാര്‍ഗങ്ങള്‍ കൊണ്ടുവരാനാവും. അത് അനുസരിക്കാനുള്ള ബാധ്യത പൗരന്മാര്‍ക്കുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കണം. കേരളത്തില്‍ ജനസംഖ്യാ ചര്‍ച്ചകള്‍ക്കുള്ള അപ്രഖ്യാപിത വിലക്കുകള്‍ ലംഘിക്കപ്പെടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: