പൂര്‍ണിമ എസ്. നായര്‍
ആലുവ യുസി കോളജ് അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തണലൊരുക്കി, മാമ്പഴക്കാലത്ത് മാമ്പഴം പൊഴിച്ച് നില്ക്കുന്ന ഒരു മാവുണ്ട്. ഗാന്ധിജിയുടെ കരസ്പര്‍ശമേറ്റ, ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന, ചരിത്രത്തിന്റെ ഭാഗമായ മാവ്. ഗാന്ധിജി നട്ടതിനാല്‍ ഇത് ഗാന്ധിമാവായി.
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകളില്‍ ഒന്നാണിത്. കേരളമൊട്ടാകെ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിയ സമയത്തായിരുന്നു ഗാന്ധിജിയുടെ കേരള സന്ദര്‍ശനം. 1925 മാര്‍ച്ച് എട്ടിന് വൈകിട്ട് കൊച്ചിയിലെത്തിയ ഗാന്ധിജി പല പരിപാടികളില്‍ പങ്കെടുത്ത ശേഷം കോളജ് അധികൃതരുടെ ക്ഷണപ്രകാരം മാര്‍ച്ച് 18 ന് യുസി കോളജിലെത്തി.
ഗാന്ധിജിയെ കാണാനും കാതോര്‍ക്കാനും കോളജ് പരിസരത്ത് നിരവധിയാളുകള്‍ തടിച്ചുകൂടി. അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് നിലവിലെ പ്രിന്‍സിപ്പല്‍ ഓഫീസിന്റെ മുന്നിലായി മാവിന്‍തൈ നട്ടു. അങ്ങനെ ഗാന്ധിജി നട്ട മാവ് പിന്നീട് ഗാന്ധിമാവായി മാറി.
‘ഗാന്ധിമാവിലെ മാമ്പഴത്തിന്റെ മധുരവും ഗാന്ധിജയന്തി ദിവസം ആ മാവിന്‍ ചുവട്ടില്‍ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി അഴിമതിക്കെതിരെ പ്രതിജ്ഞ ചൊല്ലുന്നതുമൊക്കെ യുസി കോളജിന്റെ മാത്രമായ അഭിമാനസ്മൃതികളാണ്.’
മ്യൂസ് മേരി ജോര്‍ജ്
(കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, യുസി കോളജ് മുന്‍ അധ്യാപിക)
97 ന്റെ നിറവിലാണിപ്പോള്‍ ഈ മാവ്. മാവിന്റെ മൂന്നില്‍ രണ്ട് ഭാഗവും മണ്ണിനുള്ളിലാണ്. ഇടക്കാലത്ത് മാവ് നിന്നിരുന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തിയപ്പോള്‍ മാവിന്റെ തായ്‌ത്തടി മണ്ണിനുള്ളിലായി. വയസ് നൂറിനടുത്താലും ഗാന്ധിമാവ് ഇപ്പോഴും തേനൂറും മാമ്പഴം നല്‍കുന്നു.
ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ അവശേഷിപ്പുകള്‍ ഗാന്ധിമാവില്‍ ഒതുങ്ങുന്നില്ല. കോളജ് സന്ദര്‍ശിച്ച വേളയില്‍ ഉണ്ടായിരുന്ന സന്ദര്‍ശക ഡയറിയില്‍ ‘ഡിലൈറ്റഡ് വിത്ത് ദി ഐഡിയല്‍ സിറ്റുവേഷന്‍’ എന്ന് അദ്ദേഹം രേഖപ്പെടുത്തി. ഗാന്ധിജി കുറിച്ച ആ അക്ഷരങ്ങള്‍ ഇന്നും കോളജ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്‌ക്കായി കോളജില്‍ ഗാന്ധിദര്‍ശന്‍ ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി മലബാറില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യാന്‍ യുസി കോളജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്ന ടി.പി. ഉണ്ണിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യുസി കോളജിന്റെ ഗാന്ധിസ്മൃതികളില്‍ ഇതും പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: