ചെറുതുരുത്തി: വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരസഭയില്‍ മാരാത്ത്കുന്ന് അകമല റോഡിലൂടെ സഞ്ചരിച്ച് ചേപ്പലക്കോട് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് എത്തിയാലാണ്, സഞ്ചാരികളുടെ മനസ്സിനും കണ്ണിനും കുളിര്‍മയേകി, പ്രകൃതി സ്വയം അണിയിച്ചൊരുക്കിയ വെള്ളച്ചാട്ടത്തിന്റെ സുന്ദര ദൃശ്യം കണ്ട് ആസ്വദിക്കാന്‍ കഴിയുക.
വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. വെള്ളച്ചാട്ടത്തിനടുത്ത് വരെ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയും. വര്‍ഷങ്ങളായി ഈ പ്രതിഭാസം ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കിലും, അടുത്ത കാലത്താണ് ഈ പ്രദേശം സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയത്. സമീപത്തായി പാറക്കെട്ടുകള്‍ക്ക് മുകളില്‍ പ്രദേശവാസികള്‍ ആരാധിക്കുന്ന മല്ലനെ കുടിയിരുത്തിയ തറയും കാണാം.
ഈ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിക്കാനും, പ്രകൃതിരമണീയമായ ഇതിന്റെ വശ്യ സൗന്ദര്യം കണ്ടാസ്വദിക്കാനും, സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ദിവസവും ഇവിടേയ്ക്ക് എത്തുന്നത്.
മഴ കുറയുന്നതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുമെങ്കിലും, വര്‍ഷത്തില്‍ മുക്കാല്‍ സമയവും ഈ മനോഹര ദൃശ്യം കാണാം. സമീപകാലത്തായി ഇതിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ച് കുതിര സവാരി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും, ഇവിടേക്കുള്ള ഗതാഗത സഞ്ചാരം സുഗമമാക്കി എന്നല്ലാതെ മറ്റു സൗകര്യങ്ങളൊന്നും നഗരസഭ ഏര്‍പ്പെടുത്തിയിട്ടില്ല.
പോക്കറ്റ് കാലിയാകാതെ മാനസികോല്ലാസം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും നല്ലൊരു പ്രദേശമാണ് ഇവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: