കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, ഗ്യാരേജ് മസ്ദൂര്‍, ഓഫീസ് അറ്റന്‍ഡര്‍, പ്യൂണ്‍ എന്നീ തസ്തികയിലുള്ളവര്‍ക്കും ആദ്യം ശമ്പളം നല്‍കണമെന്നും ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം സാധ്യമെങ്കില്‍ അഞ്ചിനോ അല്ലെങ്കില്‍ പത്തിനകമോ കൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരന് ആര്. ബാജിയടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തുടങ്ങിയ അടിസ്ഥാന വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയശേഷം സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്കിയാല് മതിയെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു ഭേദഗതി ചെയ്താണ് പുതിയ ഉത്തരവു നല്‍കിയത്. അടിസ്ഥാന വിഭാഗം ജീവനക്കാര്‍ സ്ഥിരം ജീവനക്കാരാണോ പാര്‍ട് ടൈം ജീവനക്കാരാണോ എന്നു നോക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ഹര്‍ജി പരിഗണിക്കവെ കെഎസ്ആര്‍ടിസിയുടെ നിലനില്പ് അനിവാര്യമാണെന്നും പൂട്ടിപ്പോകുമെന്ന അടക്കം പറച്ചില് പോലും അനുവദിക്കാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ടോയ്ലറ്റുകളിലും മൂത്രപ്പുരകളിലും കയറാനാവാത്ത സ്ഥിതിയുണ്ട്. ഇവ വൃത്തിയായാല്‍ കൂടുതല്‍ ജനങ്ങള്‍ യാത്രക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കും, സിംഗിള്‍ബെഞ്ച് പറഞ്ഞു.
കുറേ മാസങ്ങള്‍ക്കുശേഷം ആദ്യമായി കഴിഞ്ഞ മാസം 3.52 കോടി രൂപ മിച്ചം ലഭിച്ചെന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് അറിയിച്ചു. യൂണിയനുകള്‍ വിവിധ ഓഫീസുകള്‍ക്കു മുന്നിലെ സമരം അവസാനിപ്പിച്ചെന്നും വ്യക്തമാക്കി. കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളോടു യൂണിയനുകളുടെ പ്രതികരണം അഭിനന്ദനീയമാണെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. ഹര്‍ജികള്‍ ആഗസ്ത് രണ്ടിനു പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: