പേരെന്താണെന്ന് കോടതി ചോദിച്ചു, ‘ഭാരതീയന്’ എന്ന് ഉത്തരം. എന്താ ഞങ്ങളാരും ഭാരതീയരല്ലേ എന്ന് കോടതി വീണ്ടും. ”അല്ല, നിങ്ങള്‍ ഭാരതീയരല്ല, ബ്രിട്ടീഷ് സര്‍ക്കാരിന് വിടുവേല ചെയ്യുന്ന നിങ്ങളെങ്ങനെ ഭാരതീയാരാകും? ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന ഞാനാണ് ഭാരതീയന്. നിങ്ങള്‍ ബ്രിട്ടീഷുകാരുടെ അടിമകളും.”
കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന് നമ്പീശന്റെ മകന് വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് പ്രസംഗിച്ചതിനാണ് വിഷ്ണുനമ്പീശനെ കോടതിമുറിയില്‍ വിചാരണ ചെയ്തത്. പേരും ഊരും വിലാസവും ആസാദ് എന്ന് നെഞ്ചുവിരിച്ച് പറഞ്ഞ ധീരവിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ കോടതി മുറിയിലെ വിഷ്ണുഭാരതീയന്റെ ആരെയും കൂസാത്ത മറുപടികള്‍. പക്ഷേ ഇന്നത്തെ കേരളം ആ ധീരനെ അറിയുമോ? ആ ധീരസ്മരണകളോട് നീതി പുലര്‍ത്തിയോ?
പയ്യന്നൂരില്‍ നടന്ന ഉപ്പ് കുറുക്കല്‍ സമരത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു വിഷ്ണു ഭാരതീയന്. 1920 മുതല്‍ ഗോഖലേയുടെ കടുത്ത ആരാധകന്. തികഞ്ഞ ഗാന്ധിശിഷ്യന്. 1930ലെ ഉപ്പുനിയമലംഘനത്തിന് ആറുമാസത്തെ കഠിന തടവ് അനുഭവിച്ചു.
1930 ഏപ്രില്‍ 21ന് ഉപ്പുസത്യഗ്രഹ യാത്രയുടെ ഭാഗമായി പയ്യന്നൂരിലെത്തിയ കെ. കേളപ്പനെയും സംഘത്തെയും പെരുമ്പപാലത്തിന് സമീപം പയ്യന്നൂര്‍ കൊറ്റിയിലേക്ക് സ്വീകരിച്ചാനയിച്ചവരില്‍ വിഷ്ണു ഭാരതീയന് മുന്‍നിരയിലുണ്ടായിരുന്നു. 22ന്പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഉളിയത്തുകടവിലെ കടലില്‍ നിന്ന് വെള്ളമെടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത് വില്‍ക്കുകയും ചെയ്ത സമരപരിപാടികളിലും വിഷ്ണു ഭാരതീയന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ബാക്കിനില്‍ക്കുന്നത് ഇത്രയുമാണ്, വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്ക്കരിച്ച കണ്ണൂര്‍ മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏതാനും വര്‍ഷം മുമ്പ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സുരേന്ദ്രന് കൂക്കാനമാണ് ശില്‍പ്പി. സ്വന്തം പേര് ഭാരതീയന് എന്ന് ബ്രിട്ടീഷ് കോടതിക്ക് മുമ്പാകെ വിളിച്ചു പറഞ്ഞ അദ്ദേഹത്തിന്റെ ധീരതയെ ശില്‍പ്പം ഓര്‍മ്മിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിഞ്ഞതിന്റെ സഹനം ശില്‍പ്പത്തില്‍ ആലേഖനം ചെയ്ത തടവറയും പൊട്ടിച്ചെറിഞ്ഞ ചങ്ങലയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കൂക്കാനത്തിന്റെ ശിഷ്യ ആരാധ്യ രൂപകല്‍പ്പന ചെയ്ത ഭാരതീയന്റെ മുഖവും ഇതോടൊപ്പമുണ്ട്. ഭാരതീയന്റെ 41-ാമത് ചരമദിനത്തോടനുബന്ധിച്ച് സാംസ്ക്കാരിക സംഘടനയായ കെഎസ്ആന്‍ഡ്എസിയാണ് സ്മൃതിശില്‍പ്പ സമര്‍പ്പണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: