പാലക്കാട്: രാജ്യത്ത് രാസവള ക്ഷാമമില്ലെന്ന് രാസവസ്തു-ഊര്‍ജ സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. പ്രവാസ് കാര്യക്രം എന്നപേരില്‍ പാലക്കാട് നടന്ന മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഏഴരലക്ഷത്തിലധികം മെട്രിക് ടണ്‍ രാസവളം സംഭരിച്ചുവച്ചിട്ടുണ്ട്. യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ക്കായി കേന്ദ്രം നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. എന്നാല്‍ കേരളം അതിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ കാര്യകര്‍ത്താക്കള്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മാത്രം സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഇവരുടെ ഭീകരതയ്ക്കിരയാകുന്ന സാധാരണക്കാര്‍ക്ക് നീതി നല്കാന് സര്‍ക്കാരിനാവുന്നില്ലെന്ന് മാത്രമല്ല, അതിനെതിരെ ശബ്ദിക്കാന്‍ പോലുമുള്ള തന്റേടവുമില്ല.
ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ മനോനിലയാണ് സര്‍ക്കാരിനുമുള്ളതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്. ജനാധിപത്യത്തില്‍ ആരെയും വിമര്‍ശിക്കാം. എന്നാല്‍ അതിന് ഒരു പരിധിയുണ്ട്. കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.ടി. ഉഷയെപോലുള്ള ഒരാളെ വിമര്‍ശിക്കുന്നത് അവരുടെ അറിവില്ലായ്മകൊണ്ടാണെന്നു മാത്രമെ പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് പി. രഘുനാഥ്, മധ്യമേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: