തൃശ്ശൂര്‍: ദേശീയ ആദര്‍ശങ്ങള്‍ക്ക് കേരളത്തില്‍ മുന്നേറാന്‍ ആവശ്യമായ ധൈഷണിക പ്രതിഭകളെ അണിനിരത്തണമെന്ന് ഭാരതീയവിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം അപകടകരമാണ്.
ധൈഷണിക അധീശത്വത്തെ കടപുഴക്കുവാന്‍ കഴിവുള്ള മൗലിക ചിന്തകള്‍ ഉയര്‍ന്നു വരണം. ഗ്രന്ഥപഠനത്തോടൊപ്പം യഥാര്‍ത്ഥ ജനജീവിതത്തെ പഠിച്ച് എഴുതണം. സര്‍വ്വകലാശാലകളില്‍ മൗലിക ചിന്തകള്‍ ഉയര്‍ന്ന വരാത്തതിനെപ്പറ്റി സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാവി ഭാരതത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ബി.എസ്. ഹരിശങ്കര്‍, സി.എം. മുരളീധരന്‍നായര്‍, അഡ്വ. അഞ്ജന ദേവി, ഷാജി വരവൂര്‍, പി. മുകേഷ് എന്നിവര്‍ സംസാരിച്ചു.പഠനശിബിരത്തില്‍ മഹാഭാരതപഠനം പുതിയകാലത്ത് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മഹാഭാരതം വിഭാവനം ചെയ്യുന്നത് സമാധാനവും ശാന്തിയുമാണെന്ന് വിഷയം അവതരിപ്പിച്ച കാലടി സംസ്കൃത സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു
മഹാഭാരതയുദ്ധം ഒഴിവാക്കാനാണ് ശ്രീകൃഷ്ണന് പാണ്ഡവദൂതനായി കൗരവസഭയില്‍ എത്തി പകുതി രാജ്യം ആവശ്യപ്പെട്ടത്. ഒരിഞ്ച് ഭൂമിപോലും വിട്ടുനല്‍കില്ല എന്ന നിലപാട് കൗരവപക്ഷം സ്വീകരിക്കുകയായിരുന്നു. അനിവാര്യമായ സന്ദര്‍ഭത്തിലാണ് മഹാഭാരതയുദ്ധം നടക്കുന്നത്.
യുദ്ധത്തിനെതിരായ നിലപാടാണ് മഹാഭാരതം എന്ന ഇതിഹാസം എടുത്തു കാട്ടുന്നതും. മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ അധികരിച്ച് വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ബി.എസ്. ഹരിശങ്കര്‍, കണ്ണൂര്‍ ജില്ലാ കാര്യദര്‍ശി ഈശ്വരന് കാനപ്രം എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: