ദിസ്പൂർ: അസമിലെ കോണ്‍ഗ്രസ് എംഎല്‍എയായ കമലാക്ഷ ഡേ പുര്‍കായസ്ത രഹസ്യമായി പശുമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ചതിന്എഐയുഡിഎഫ് മേധാവി ബദ്റുദ്ദീന്‍ അജ്മലിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അസം സ്റ്റേറ്റ് ജാമിയത്ത് ഉലമ (എഎസ് ജെയു) എന്ന ദിയോബാന്ദി മതപണ്ഡിതരുടെ സംഘടനയുടെ പ്രസിഡന്‍റ് കൂടിയായ ബദ്റുദ്ദീന്‍ അജ്മല്‍ കമലാക്ഷ ഡേ പുര്‍കായസ്തയ്‌ക്കെതിരെ രഹസ്യമായി ബീഫ് കഴിച്ചുവെന്ന ആരോപണം ഉന്നയിച്ചത്.
ഇതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (പൊതു കുഴപ്പങ്ങള്‍ക്ക് വേണ്ടി പ്രേരിപ്പിക്കല്‍), 295 (വിശ്വാസികളെ അപമാനിക്കാന്‍ ആരാധനാലയങ്ങളില്‍ അശുദ്ധി വരുത്തല്‍ അഥവാ കേട് വരുത്തല്‍ ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പുര്‍കായസ്ത കേസ് നല്‍കിയത്.
പശുമാംസം കഴിച്ചുവെന്ന ആരോപണത്തിലൂടെ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ബദറുദ്ദീന്‍ അജ്മല്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് എംഎല്‍എ ആരോപിക്കുന്നു. കരിംഗഞ്ച് സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് നല്‍കിയിരിക്കുന്നത്. ” ഹിന്ദുമതമനുസരിച്ച് പശുക്കളെ ആരാധിക്കുന്നു. പശുമാംസം ഭക്ഷിക്കുന്നത് ഹിന്ദുമതത്തില്‍ പാപമാണ്. മുഴുവന്‍ ഹി്നദു സമുദായത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തുകയായിരുന്നു ബദ്റുദ്ദീന്‍ അജ്മല്‍. ഇത് സമുദായിക ഐക്യം തകര്‍ക്കും”- പരാതിയില്‍ പറയുന്നു.
പക്ഷെ നേരത്തെ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്ന് ഈദ്് വേളയില്‍ പ്രസ്താവിച്ച നേതാവ് കൂടിയാണ് ബദ്റുദ്ദീന്‍ അജ്മല്‍. ഇന്ത്യയിൽ ജൂലൈ 10ന് ഈദ് ആഘോഷിക്കുമ്പോള്‍ പശുവിനെ ബലിയർപ്പിക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ഉപദേശിച്ചതിന്റെ പേരില്‍ മുസ്ലിംസമുദായത്തില്‍ നിന്നു തന്നെ വിമര്‍ശനം നേരിടുന്ന നേതാവ് കൂടിയാണ് ബദ്റുദ്ദീന്‍ അജ്മല്‍. നേരത്തെ ഈദിന് മുന്‍പ് അസമിലെ കച്ചാർ ജില്ലയിൽ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. അസമിലെ മുസ്ലിങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഈ അഭ്യര്‍ത്ഥന നടത്തിയത്.
“ഹിന്ദുക്കൾ പശുക്കളെ മാതാവായി കണക്കാക്കുന്നു. അതിനാൽ അവയെ ഉപദ്രവിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിൽക്കണം. കഴിയുന്നതും മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അല്‍ ആദ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണം. ഹിന്ദുക്കള്‍ ഇന്ത്യയിലെ ഭൂരിപക്ഷസമുദായമാണെന്ന കാര്യം ഓര്‍മ്മിക്കണം “- അദ്ദേഹം അന്ന് പ്രസ്താവിച്ചിരുന്നു. അസമിലെ ധുബ്രി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ജാമിയത്ത് ഉലമയുടെ സംസ്ഥാന പ്രസിഡന്‍റുമാണ് ബദ്റുദ്ദീൻ അജ്മൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: