റെനി ജോര്‍ജ്
ഗാന്ധിജി സമ്മാനിച്ച ഒരു ചെറുപുഞ്ചിരിയുടെ നിറവിലാണ് നാരായണന് നായര്‍ ഈ തൊണ്ണുറ്റെട്ടാം വയസ്സിലും. അന്ന് പ്രായം 13. പുതിയേടം കോവിലകത്തെ തമ്പാനുമൊത്ത് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ ആ നിമിഷം ഇന്നും മനസ്സിലുണ്ട്. ഗാന്ധിജിയെ കണ്‍നിറയെ കണ്ടത്, ആ പുഞ്ചിരി തന്റെ നേര്‍ക്കും നീണ്ടത്, ട്രെയിനില്‍ നിന്നുകൊണ്ട് മഹാത്മാഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്തത്… ത്രസിപ്പിക്കുന്ന ആ ഓര്‍മ്മകളില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് നാരായണന് നായരുടെ ദിവസം എന്നും ആരംഭിക്കുന്നത്.
1926 ജൂണ്‍ 26ന് വാരനാട്ട് ഇച്ചിക്കുട്ടിയമ്മയുടെയും മംഗലത്ത് ശങ്കുണ്ണി നായരുടെയും മകനായി ജനനം. 1931ല്‍ സ്കൂളില്‍ ചേര്‍ത്തു. പട്ടിണിയിലാണ്ട ജീവിതം. സൂര്യനെ നോക്കി അടി അളന്ന് സമയം മനസിലാക്കുന്ന കാലം. അല്പമെങ്കിലും ആശ്വാസം കിട്ടിയത് 1944ല്‍ പെരുമ്പാവൂരിനടുത്ത് മുടിക്കലിലുള്ള തീപ്പെട്ടി കമ്പനിയില്‍ ദിവസം 10 അണ കൂലിക്ക് മൂന്ന് വര്‍ഷം ജോലി ചെയ്തപ്പോഴാണ്. സ്വാതന്ത്ര്യസമരാവേശം നാടെങ്ങും അലയടിച്ചു നിന്ന കാലത്ത് നാരായണന് നായരും അതിന്റെ ഭാഗമായി. അതോടെ ജോലി പോയി. 1946 ജൂലൈയില്‍ നിയമലംഘന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. നിരോധനാജ്ഞകള്‍ ലംഘിച്ചു. ഒളിവില്‍ പോയി.
കൊച്ചി രാജ്യപ്രജാമണ്ഡലം പ്രവര്‍ത്തകരായ കെ.പി. മാധവന് നായര്‍, ചൊവ്വര പരമേശ്വരന്, കെ.സി. മായംകുട്ടി മേത്തര്‍, പി.കെ. കൃഷ്ണന്‍കുട്ടി മേനോന്, വെണ്മണി നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ക്കൊപ്പം 1948 മുതല്‍ 1951 വരെ പ്രവര്‍ത്തിച്ചു. 1952ല്‍ പുതിയേടത്തുകാര്‍ക്ക് പൊതുവഴി നിര്‍മ്മിക്കാന്‍ മുന്നില്‍ നിന്നു. 1956 ല്‍ ഖാദി പ്രസ്ഥാനത്തില്‍ മുഴുകി.
ബുദ്ധിവികാസമെത്താത്ത കുഞ്ഞുങ്ങളുടെ പഠനത്തിനായി ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് അഞ്ച് സെന്റ് സ്ഥലം വീടിനോട് ചേര്‍ന്ന് സൗജന്യമായി വിട്ടുകൊടുത്തൂ. കാഞ്ഞൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീപം ബഡ്സ് സ്കൂള്‍ പിറന്നതങ്ങനെയാണ്. സ്കൂളിന് മുന്നിലൂടെ പോകുന്ന വഴിക്ക് ഗാന്ധി ജന്മശതാബ്ദി റോഡ് എന്ന് പേരിട്ടു. സ്കൂളില്‍ ഗാന്ധിജിയുടെ പ്രതിമയും സ്ഥാപിച്ചു.
ശ്രീമൂലനഗരം, ചൊവ്വര ഭാഗങ്ങളില്‍ പതിമൂന്നോളം ചാരായ ഷാപ്പുകള്‍ അടച്ചുപൂട്ടിക്കാനുള്ള സമരത്തിന് നേതൃത്വം നല്കി. എറണാകുളം കൂവപ്പാടത്ത് അംഗീകൃത ചാരായ ഷാപ്പിന് മുമ്പില്‍ നടന്ന ആദ്യത്തെ സത്യഗ്രഹത്തില്‍ എം.പി. മന്മഥനും ഗാന്ധി പീസ് ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കുമൊപ്പം പങ്കെടുത്തു. തുടര്‍ന്ന് നാല് ദിവസം മട്ടാഞ്ചേരി പോലീസ് ലോക്കപ്പിലായിരുന്നു. 1995ല്‍ ഗാന്ധി ജയന്തി ദിനത്തില്‍ മലയാറ്റൂര്‍ മല അടിവാരത്തു നിന്ന് തിരുവനന്തപുരത്തേക്ക് 10 പേരടങ്ങിയ മദ്യനിരോധന പദയാത്രയ്ക്ക് നേതൃത്വം നല്കി. 1982ല്‍ വനവത്കരണത്തിന്റെ ഭാഗമായി പാറപ്പുറം വല്ലംകടവു മുതല്‍ ശ്രീമൂലം സര്‍ക്കാര്‍ ആശുപത്രി വരെ 246 വൃക്ഷത്തൈകള്‍ നട്ടു.
കൊച്ചി പ്രജാമണ്ഡലം പ്രവര്‍ത്തകനും ക്വിറ്റ് ഇന്ത്യാ സമരസേനാനിയുമായിരുന്ന ചൊവ്വര പരമേശ്വരന്റെ പേരിലുള്ള പുരസ്കാരം നാരായണന് നായര്‍ക്കു ലഭിച്ചിട്ടുണ്ട്. 98ലും കര്‍മനിരതനായി ആലുവ കാഞ്ഞൂരില്‍ പുതിയേടത്ത് ഇളയ മകന് സുരേഷിനൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ദേവകിയമ്മ. നന്ദകുമാര്‍, പ്രസാദ്, ഗീത, രാധാക്യഷ്ണന് എന്നിവരാണ് മറ്റുമക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: