ഉത്തര്‍പ്രദേശില്‍ നവോദയ സ്കൂള്‍ അദ്ധ്യാപകനായിരുന്ന കാലത്ത് ഒരു ഡിസംബര്‍ വെക്കേഷനില്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നേപ്പാള്‍ ഇന്ത്യ അതിര്‍ത്തി പട്ടണമായ സുനോലിയില്‍ എത്തിയപ്പോഴാണ് കാഠ്മണ്ഡുവിലേക്ക് യാത്രാവിലക്കുണ്ട് എന്നറിയുന്നത്. വഴിയില്‍ മാവോയിസ്റ്റുകള്‍ പതിയിരുന്ന് ബസ്സുകളെയും യാത്രിക്കാരെയും അക്രമിക്കുന്ന പതിവുണ്ടത്രെ. അതാണ് വിലക്കിന് കാരണം. ഗണപതിക്ക് വെച്ചതുതന്നെ കാക്ക കൊണ്ടുപോയി എന്നതുപോലായി അവസ്ഥ. അത്ര ദൂരം എത്തിയിട്ട് തിരികെ പോരാനും തോന്നിയില്ല. അതിനാല്‍ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയും പൊഖാറയും കണ്ട് മടങ്ങി. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകള്‍ നടത്തിയെങ്കിലും കാഠ്മണ്ഡുവും പശുപതിനാഥക്ഷേത്രവും വിദൂരസ്വപ്നമായങ്ങനെ നിലകൊണ്ടു. കോവിഡ് കാലം വരുത്തിയ യാത്രാ ഇടവേളക്ക് ശേഷമുള്ള ആദ്യ യാത്രയില്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചു.
ലുംബിനിയില് നിന്നും ബസ്സിലൊരു രാത്രിയാത്ര. പുലര്‍ച്ചെതന്നെ കാഠ്മണ്ഡുവിലെത്തി. ചെറിയ ചാറ്റല്‍മഴ കാരണം ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ലുംബിനിയില് അനുഭവിച്ച കടുത്ത ഉഷ്ണം ഇവിടെയുണ്ടാകില്ലല്ലോ എന്നോര്‍ത്തപ്പോള്‍ തന്നെ യാത്രാക്ഷീണമെല്ലാം ഒന്ന് കുറഞ്ഞപോലെ. ബസ് സ്റ്റാന്റിന് സമീപത്തു തന്നെയുള്ള ഒരു ‘റോഷ്ട് ഹൗസി’ല്‍ 500 രൂപക്ക് മുറി കിട്ടി. നേപ്പാളില്‍ ലോഡ്ജിന് റോഷ്ട് ഹൗസ് എന്നാണ് പറയുക. നേപ്പാളി ഭാഷയ്ക്ക് ലിപിയില്ലാത്തതിനാല്‍ സംസ്കൃതത്തിന്റെയും ഹിന്ദിയുടെയും ലിപിയായ ദേവനാഗിരിയില്‍ തന്നെയാണ് എഴുത്ത്. അതെന്തായാലും സൗകര്യമായി. ഭൂരിഭാഗം നേപ്പാളികള്‍ക്കും ഹിന്ദി അറിയാമെന്നത് നല്കിയ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഭാഗ്മതി തീരത്തെ ‘പശൂനാംപതി’
പ്രഭാതകര്‍മങ്ങള്‍ക്കുശേഷം പശുപതിനാഥനെ കാണാനായി പുറപ്പെട്ടു. കാഠ്മണ്ഡു പട്ടണത്തില്‍നിന്നും നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ അങ്ങോട്ടേയ്ക്ക്. ബസ്സില്‍ നല്ല തിരക്ക്. ബസ്സിറങ്ങിയ ശേഷം ഒരു കിലോമീറ്ററോളം നടക്കാനുണ്ട് ക്ഷേത്രത്തിലേക്ക്. വഴിയരികില്‍ നിറയെ കടകള്‍. വിവിധ വിലയിലുള്ള രുദ്രാക്ഷം, ശിവലിംഗങ്ങള്‍, ബുദ്ധന്റെ പ്രതിമകള്‍ തുടങ്ങിയവ കണ്ടപ്പോള്‍ തിരിച്ചുവരുമ്പോള്‍ എന്തെങ്കിലുമൊക്കെ വാങ്ങണമെന്ന് മനസ്സു പറഞ്ഞു.
പശുപതിനാഥക്ഷേത്രത്തിന് അരികിലൂടെ ഭാഗ്മതിനദി ഒഴുകുന്നുണ്ട്. യുനെസ്കോ 1979ല്‍ ലോകപൈതൃകപ്പട്ടികയില്‍ പശുപതിനാഥക്ഷേത്രത്തെ ഉള്‍പ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. ഈ മനോഹരമായ ക്ഷേത്രം എന്നാണ് നിര്‍മ്മിക്കപ്പെട്ടത് എന്നതിന് കൃത്യമായ തെളിവില്ല. എ.ഡി 400 ല്‍ ആയിരിക്കാം എന്നാണ് നിഗമനം. ഇന്ന് കാണുന്ന ക്ഷേത്രം പതിനാലാം നൂറ്റാണ്ടില്‍ നേപ്പാള്‍ രാജാവായിരുന്ന ഭൂപേന്ദ്രമല്ലയുടെ നേതൃത്വത്തില്‍ നടന്നതാണ്. പിന്നെയും നിരവധി തവണ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ‘പശൂനാം പതി’ (ജീവികളുടെ സംരക്ഷകന്‍ പരമശിവന്) എന്ന ഭാവത്തിലുള്ള പ്രത്യേകതരം പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശങ്കരാചാര്യര്‍ നിര്‍ദേശിച്ച തരത്തിലാണ് പൂജകള്‍ നടക്കുന്നത്. കര്‍ണാടയില്‍നിന്നുള്ള ഭട്ടബ്രാഹ്മണരായിരിക്കണം പൂജാരികള്‍ എന്നതൊക്കെ ആദിശങ്കരന് നിശ്ചയിച്ചതായിരിക്കണം. ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ മലയാളി ബ്രാഹ്മണരായിരിക്കണം പ്രധാന പൂജാരിയെന്ന് നിശ്ചയിച്ചതും ആദിശങ്കരന് തന്നെ ആയിരുന്നല്ലോ? ഒരു ഞായറാഴ്ച്ചയാണ് ഇവിടെയെത്തിയത് എന്നതിനാല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഒന്നര മണിക്കൂറോളം വരി നില്‍ക്കേണ്ടി വന്നു ഉള്ളിലെത്താന്‍. ഏതോ പ്രത്യേകതരം വഴിപാട് ചെയ്യുന്നവര്‍ക്ക് പ്രത്യേകം വരിയുണ്ട്. ആ വരി വളരെ വേഗത്തില്‍ ചലിക്കുന്നു, ഞങ്ങള്‍ നില്‍ക്കുന്നത് ഒച്ചിനെപ്പോലെയും. ക്ഷേത്രത്തിനുള്ളില്‍ ഫോണ്‍ ചെയ്യാനോ ഫോട്ടോ എടുക്കാനോ പാടുള്ളതല്ല എന്ന് പലയിടത്തും എഴുതി വെച്ചിട്ടുള്ളത് ശ്രദ്ധിച്ചു. ക്ഷേത്രനടയില്‍ നന്തിയുടെ വലിയൊരു വിഗ്രഹമുണ്ട്. പശുപതിനാഥന്റെ ദിക്പാലകരായ ഭൃംഗി, കുങ്കുമഗണേശന്‍, കീര്ത്തിമുഖഭൈരവ്, വാസുകി എന്നിവരോട് അനുവാദം ചോദിച്ച് പഞ്ചമുഖിയായ പരമാത്മാവുമാണ് പഞ്ചമുഖസങ്കല്പ്പത്തിലുള്ളത്.
ശ്ലേഷ്മാന്തകത്തിലെ കലമാന്‍
ഒരിക്കല്‍ മഹാദേവനും പാര്‍വതിയും കാശി ഉപേക്ഷിച്ച് യാത്രയായി. യാത്രാമദ്ധ്യേ ഭാഗ്മതിതീരത്തെ ശ്ലേഷ്മാന്തകം വനത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ അവര്‍ മൃഗരൂപം ധരിച്ച് ഭൂതഗണങ്ങളോടൊപ്പം ആനന്ദിച്ച് നടന്നു.
കാശിയില്‍ ശിവനേയും പാര്‍വതിയേയും കാണാതായതോടെ പരിഭ്രാന്തരായ മുനിമാരും മറ്റും അന്വേഷിക്കാന്‍ തുടങ്ങി. ഒരുപാട് അലച്ചിലുകള്‍ക്ക് ശേഷം അവര്‍ ഭാഗ്മതി തീരത്ത് എത്തി. മൂന്ന് കണ്ണുകളുള്ള കലമാനിനെക്കണ്ട് അത് പരമശിവനാണെന്ന് ഉറപ്പിച്ച് കാശിയിലേക്ക് തിരികെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും മഹാദേവന് അവരുടെ കൂടെ പോരാനോ മൃഗരൂപം വെടിയാനോ തയ്യാറായില്ല. മുനിമാര്‍ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രന് എന്നിവരോട് വിവരം പറഞ്ഞു. അവര്‍ കാശിയിലേക്ക് മഹാദേവനെ ക്ഷണിച്ചെങ്കിലും നടന്നില്ല. മാനിന്റെ കൂടെയുള്ള കാളയെപ്പിടിച്ചാല് പരമശിവന് കൂടെവരും എന്ന് കരുതിയ ഇന്ദ്രന് കാളയെ കയറിപ്പിടിച്ചു. അപ്പോള്‍ കാളക്കൊപ്പം ശിവപാര്‍വതിമാരും അപ്രത്യക്ഷരായി. ആ സ്ഥലത്ത് ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. കാലമേറെക്കഴിഞ്ഞു. നേപ്പാള്‍ രാജാവിന് ധാരാളം പശുക്കള്‍ ഉണ്ടായിരുന്നു. അവര്‍ പുല്ലുമേഞ്ഞ് ശ്ലേഷ്മാന്തകം വനത്തിലെത്തി. ധാരാളം പാല് ചുരത്തിയിരുന്ന ഒരു പശു ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ ആരും കാണാനില്ലാതെ തന്നെ തനിയേ പാല് ചുരത്തുന്നതായി കണ്ടു. പശുപാലന്മാര് രാജാവിനെ വിവരം ധരിപ്പിച്ചു. രാജഗുരുവിനൊപ്പം രാജാവ് അവിടം സന്ദര്‍ശിക്കുകയും പശു തനിയേ പാല് ചുരത്തിയ സ്ഥലം പരിശോധിക്കാന്‍ ആജ്ഞാപിച്ചു. അവിടെ ഒരു സ്വയംഭൂജ്യോതിര്ലിംഗം ദര്‍ശിച്ചു. അവിടെ രാജാവ് നിര്‍മിച്ചതാണ് പശുപതിനാഥക്ഷേത്രം.
മഹാദേവന്റെ അത്യപൂര്വരൂപമായ, പഞ്ചമുഖിയായ പശുപതിനാഥനെ ആദ്യം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായത് ബ്രഹ്മാവിനും വിഷ്ണുവിനും ഇന്ദ്രനുമായിരുന്നത്രെ. ഭാരതത്തിലെ കേദാര്‍ മലനിരകളില്‍വെച്ച് പാണ്ഡവര്‍ ശിവനെ കടന്നുപിടിച്ചപ്പോള്‍ പിടികൊടുക്കാതെ ഉയര്‍ന്നുപൊങ്ങിയ പരമശിവന്റെ മുഖം ഇവിടെയാണത്രെ എത്തിയത്. അതിനാല്‍ കേദാര്‍നാഥിലും പശുപതിനാഥിലും ദര്‍ശനം നടത്തിയാല്‍ പരമശിവന്റെ പൂര്‍ണാകാരം ലഭിക്കും എന്നാണ് വിശ്വാസം. മൂന്ന് വര്‍ഷം മുമ്പ് കേദാര്‍നാഥ് സന്ദര്‍ശിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. കേദാര്‍നാഥില്‍ നമുക്ക് വിഗ്രഹത്തെ തൊട്ട് ആരാധിക്കാനുള്ള അവസരം ലഭിക്കുമെങ്കില്‍ പശുപതിനാഥനെ തൊടാന്‍ പൂജാരിമാരായ നാല് പേര്‍ക്ക് മാത്രമേ അവസരമുള്ളൂ. നല്ല തിരക്കുള്ളതിനാല്‍ ഇരുപത് സെക്കന്റു മാത്രമേ പശുപതിനാഥനെ കാണാനായുള്ളൂ. ക്ഷേത്രത്തിലെ പ്രതിഷ്ഠ കരിങ്കല്‍ ശിലയിലുള്ള പഞ്ചമുഖി വിഗ്രഹമാണ്. ദര്‍ശനം കഴിഞ്ഞ് പ്രദക്ഷിണം ചെയ്യുമ്പോള്‍ ഒരു പ്രത്യേക തരം മണം മൂക്കിലടിച്ചു. അതിന്റെ ഉറവിടം അന്വേഷിച്ചു ചെന്നെത്തിയത് ഭാഗ്മതിതീരത്തേക്കാണ്. ക്ഷേത്രം നില്ക്കുന്നിടത്തു നിന്ന് കുറച്ചു ആഴത്തിലാണ് നദിയുടെ ഒഴുക്ക്. അതിന്റെ കരയില്‍നിന്നും പുക ഉയരുന്നുണ്ട്. മൃതദേഹം ദഹിപ്പിക്കുന്നതാണെന്ന് മനസ്സിലായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നേപ്പാളിന്റെ വിദൂര സ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് മൃതദേഹം സംസ്ക്കരിക്കാന്‍ കൊണ്ടുവരാറുണ്ടത്രെ. ഈ പ്രദേശത്തിന് ആര്യഘട്ട് എന്നാണ് പറയുക.
ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിന് സമീപമുള്ള കുന്നിന്‍ചെരിവിലേക്ക് കയറി. അവിടെയും ചിലര്‍ ആരാധന നടത്തുന്നുണ്ട്. മുകളില്‍നിന്നുമുള്ള പശുപതിനാഥക്ഷേത്രത്തിന്റെ കാഴ്ച്ചയും ആസ്വദിക്കാനായി. താഴേക്കിറങ്ങിയപ്പോള്‍ അമ്പലപ്രാവുകള്‍ക്ക് ഭക്ഷണം നല്കുന്ന സ്ഥലം കണ്ടു. ആയിരക്കണക്കിന് പ്രാവുകള്‍ ഭക്ഷണം കഴിക്കാനായി എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി ശിവലിംഗത്തിന്റെ ചെറിയ രൂപങ്ങള്‍ വാങ്ങിയശേഷം പശുപതി നാഥനെക്കണ്ട സംതൃപ്തിയോടെ തിരികെനടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: