സി.വി. വാസുദേവന്‍
ഹിന്ദുമതത്തിനു വേണ്ടി നവമാധ്യമങ്ങളില്‍ സജീവമാകുന്ന ഒരു വിദേശ വനിതയാണ് ജര്‍മ്മന്‍കാരിയായ മരിയാവര്‍ത്ത്. ഹൈന്ദവ ദൈവങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തൂലിക പടവാളാക്കിയ ഇവരുടെ വാക്കുകള്‍ ഇന്ന് ഡിജിറ്റല്‍-പ്രിന്റ് മാധ്യമങ്ങളില്‍ വൈറലാണ്! ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ പത്തിരുപത് വര്‍ഷം മുന്‍പ് ‘ടൈം മാസിക’ക്കു വേണ്ടി ‘കുംഭേമേള’ റിപ്പോര്‍ട്ട് ചെയ്യാനായിട്ടാണ് ഇവര്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ പ്രമുഖരായ ഹിന്ദു സംന്യാസിമാര്‍ കുംഭമേളയ്ക്കെത്താറുണ്ടല്ലോ. അവരില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഒരു സംന്യാസി ശ്രേഷ്ഠനോടൊപ്പം താമസിച്ചാണ് അവര്‍ കുംഭമേളയെ കണ്ടറിഞ്ഞത്.
എന്തെല്ലാംതരം സങ്കല്‍പ്പങ്ങള്‍! മുപ്പത് മുക്കോടി ദേവതകളാണത്രേ ഹിന്ദുമതത്തിലുള്ളത്!! അതേസമയം ‘അദ്വൈത തത്വം’ ആണത്രേ ഹിന്ദുമതത്തിന്റെ കാതല്‍! ഈ വൈരുദ്ധ്യത്തെക്കുറിച്ചാണ് മരിയാവര്‍ത്ത് സംന്യാസ ശ്രേഷ്ഠന്മാരില് നിന്നും പഠിക്കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങളോളം അവര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അറിവിന്റെ പല തലങ്ങളില്‍ നില്ക്കുന്ന ഒരു ജനതയ്ക്കുവേണ്ടി അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ബൃഹത്തായ നാല് വേദങ്ങളും അനവധി ഉപനിഷത്തുക്കളും അതിലും ബൃഹത്തായ പതിനെട്ട് പുരാണങ്ങളും തയ്യാറാക്കിയതിന് പിന്നില്‍ മനീഷികളായ അനേകം മഹര്‍ഷിമാരുടെ പരിശ്രമം വേണ്ടിവന്നിരിക്കണമല്ലോ. ഹിന്ദുമത നിര്‍മിതിക്ക് പുറകിലുള്ള ഈ ജ്ഞാന-വിജ്ഞാന പാരാവാരത്തിലെ ഒരംശം മനസ്സിലാക്കിയപ്പോള്‍ തന്നെ മരിയാവര്‍ത്ത് ഒരു ‘നവനിവേദിത’യെപ്പോലെ ഹിന്ദുമതത്തിനുവേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ദൃഢനിശ്ചയമെടുത്തു.
ഏറ്റവും ഒടുവില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ഇന്ത്യയിലെ ഹിന്ദുക്കളോട് ചോദിച്ച ചോദ്യം ഇതായിരുന്നു: ”ഒരു പത്രപ്രവര്ത്തകയെന്നതിനാല് ലോകമൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ പറയട്ടെ, സ്വന്തം മതത്തിനും അതിലൂടെ വികസ്വരമായ ഒരു സവിശേഷ സംസ്കാരത്തിനും എതിരെ അന്യമതസ്ഥര്‍ നടത്തുന്ന ഹീനമായ വിമര്‍ശനങ്ങളെ കേട്ടില്ലെന്ന് നടിക്കുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാരുള്ള ഏകരാജ്യം ഇന്ത്യ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടിങ്ങനെ?”
മരിയാവര്‍ത്തിന്റെ ഈ ചോദ്യത്തിനുത്തരം തേടുമ്പോള്‍ ഡോ. ആര്. ഗോപിമണി രചിച്ച ‘വേദം പറഞ്ഞതും ശാസ്ത്രം പറയുന്നതും’ എന്ന ഏറ്റവും പുതിയ ഗ്രന്ഥം (ഇത് അദ്ദേഹത്തിന്റെ ആറാമത്തെ പുസ്തകമാണെന്ന് ആമുഖത്തില്‍ കാണുന്നു) ചില പുതിയ ഉള്‍ക്കാഴ്ചകള്‍ അത് വായിക്കുന്ന ആരിലും ഉളവാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം, ഇതിലെ 18 അദ്ധ്യായങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ ‘കൊമ്പും തുമ്പിക്കയ്യുമുള്ള ഒരു ദൈവം നമുക്ക് എങ്ങനെയുണ്ടായി’ എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യ അദ്ധ്യായത്തില്‍ തന്നെ വായിക്കാം.
‘നാറും നളിക’യെന്ന് ശ്രീനാരായണ ഗുരു വിശേഷിപ്പിച്ച നമ്മുടെ ശരീരവും ഈ മഹാപ്രപഞ്ച ശരീരവും ഒന്നുതന്നെയെന്ന അദ്വൈത തത്വം; ‘ആന്ത്രോപിക് കോസ്മോളജി’യെന്ന ഏറ്റവും പുതിയ ശാസ്ത്രശാഖയെ കുറിച്ച് നൊബേല്‍ സമ്മാനിതനായ ജോണ്‍ വീലര്‍ ഉള്‍പ്പെടെ അനേകം ശാസ്ത്രജ്ഞര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ശാസ്ത്രസത്യം തന്നെയെന്ന് രണ്ടാം അദ്ധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് സ്ഥാപിക്കുന്നു. ‘ഹിന്ദുമതമെന്നൊരു മതമുണ്ടോ’ യെന്ന യുക്തിവാദികളുടെയും മതേതരന്മാരുടെയും ഭൗതികവാദികളുടെയും സ്ഥിരം ചോദ്യത്തിനുള്ള ഉത്തരം നമുക്ക് ഈ ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായത്തില്‍ വായിക്കാം. തുടര്‍ന്ന് ‘പരിണാമത്തിന് ലക്ഷ്യമുണ്ടോ?’, ‘വര്‍ഗസമരവും ഭഗവദ്ഗീതയും തമ്മിലെന്ത്?’, ‘ബ്രഹ്മവിദ്യ മതാതീതമോ?, ‘ഭൂമിയില്‍ മതങ്ങളും ജാതികളും ഉണ്ടായതെങ്ങനെ?’, പ്രപഞ്ചവും ഈശ്വരനും തമ്മിലെന്ത്?’, ‘മനസ്സ് എന്നാല്‍ വാസ്തവത്തില്‍ എന്താണ്?’, ‘എല്ലാത്തിനും ഒരു കാരണം വേണ്ടേ?’, ‘ശരീരവും ആത്മാവും തമ്മിലെന്ത്?’, ‘ഗുരുത്വം എന്ന ബലം ഗ്രാവിറ്റേഷനില്‍ മാത്രം അടങ്ങുമോ?’, അന്നവും ജീവനും തമ്മിലെന്ത്?’, ‘ക്വാണ്ടം ഫിസിക്സ് ചെന്നെത്തുന്നത് മായാവാദത്തിലേയ്ക്കോ?’, ‘ശാസ്ത്രത്തിനും ഒരു തത്വശാസ്ത്രമുണ്ടോ?’, ‘സരസ്വതീ നദി വെറും സങ്കല്പമോ?.’ ‘ഉപവാസം എന്തിന്?’ ‘എന്തുകൊണ്ട് നാം ദൈവത്തെ നമിക്കണം?’ തുടങ്ങി അനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശാസ്ത്രാധിഷ്ഠിതമാക്കിയും വേദസൂക്തങ്ങള്‍ നിരത്തിയും ഗ്രന്ഥകര്‍ത്താവ് നമുക്ക് തരുന്നു.
തദ്ദേശീയവും വൈദേശികവുമായ അനവധി ശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികളിലൂടെ, വസ്തുതകള്‍ക്ക് ആധികാരികത നല്‍കിയാണ്, ഉത്തരാധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ പലതും ഭാരതത്തിലെ വേദോപനിഷത്തുക്കളിലെ പ്രസ്താവങ്ങളുമായി അത്ഭുതകരമാംവിധം ഇണങ്ങിപ്പോകുന്നുണ്ടെന്ന സത്യം ഗ്രന്ഥകാരന് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: