മനാഗ്വ: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിന് മദര്‍ തെരേസ സ്ഥാപിച്ച മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് നിക്കരാഗ്വ സര്‍ക്കാര്‍. മിഷനറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീകളെ നടത്തിച്ച് അതിര്‍ത്തിവഴി നാടുകടത്തി. 18 കന്യാസ്ത്രീകളെ അതിര്‍ത്തിയിലൂടെ കോസ്റ്ററിക്കയിലേക്ക് നിക്കരാഗ്വ സര്‍ക്കാര്‍ നാടുകടത്തിയത്. രാജ്യത്തിനെതിരെയും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ താല്പര്യങ്ങള്ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
1988 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന സന്യാസിനീസമൂഹം ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നഴ്സറികള്‍ എന്നിവ നടത്തിയിരുന്നു. വിദേശ സംഭാവന നിയമം കര്‍ശനമാക്കിയ നിക്കരാഗ്വ 2018നു ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
എന്നാല്‍, നിയമം ലംഘിച്ച് വിദേശ സംഭാവന സ്വീകരിച്ചതിനാണ് ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. കലാപത്തിനു പ്രേരണ നല്കുന്നവരായാണ് കത്തോലിക്കരെ ഒര്‍ട്ടേഗ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാന്‍ പ്രതിനിധിയെ രാജ്യത്തുനിന്നും നിക്കരാഗ്വ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: