ന്യൂദല്‍ഹി: ജൂലായ് അവസാന മാസം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ അദാനിയും പങ്കെടുക്കും. ഇതോടെ അദാനിയും ടെലികോം രംഗത്തേക്ക് കടക്കുമെന്ന് ഉറപ്പായി. ഇതോടെ ഇതുവരെ വ്യത്യസ്ത ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ചിരുന്ന അംബാനിയും അദാനിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നു എന്ന സവിശേഷതയും ഉണ്ട്.
അംബാനിയുടെ ജിയോയെയും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലിനെയും നേരിടുകയാണ് ലക്ഷ്യം. അള്‍ട്രാ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന അജി ടെലികോം സേവനം നല്കാനുതകുന്ന സ്പെക്ട്രമാണ് ജൂലായ് 26ന് ലേലം ചെയ്യുന്നത്. ഇതിനകം ലേലത്തില്‍ പങ്കെടുക്കാന്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ അപേക്ഷിച്ചതായി പറയപ്പെടുന്നു. ഇതില്‍ നാലാമത്തെ അപേക്ഷകനായി അദാനിയും എത്തുകയാണ്. ഈയിടെ അദാനി ഗ്രൂപ്പിന് നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു.
4.3 ലക്ഷം കോടി വിലവരുന്ന 72,097.85 മെഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ജൂലായ് 26ന് ലേലം ചെയ്യുന്നത്. ലോ (താഴ്ന്നതും) (600, 700,. 800, 900, 1800, 2100, 2300 മെഗാഹെര്ട്സുകള്) മിഡ് (മധ്യനിര) (3300 മെഗാഹെര്‍ട്സ്), ഹൈ (ഉയര്‍ന്ന) (26 ജിഗാ ഹെര്‍ട്സ്) എന്നീ ഫ്രീക്വന്‍സികളിലുള്ള ബാന്‍ഡുകള്‍ ലേലം ചെയ്യും.
ഇതാദ്യമായാണ് അംബാനിയും അദാനിയും ഒരേ ബിസിനസ്സില്‍ നേര്‍ക്കുനേര്‍ വരുന്നതെന്ന സവിശേഷതയും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. അംബാനി ഓയില്‍, പെട്രോകെമിക്കല്‍സ്, ടെലികോം, റീട്ടെയ്ല്‍ എന്നീ മേഖലയിലായിരുന്നപ്പോള്‍ അദാനി തുറമുഖം, കല്‍ക്കരി, ഊര്‍ജ്ജം, വ്യോമയാനം എന്നീ മേഖലകളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: