ടോക്കിയോ : ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകി ഒരു മത നേതാവിനെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. പ്രതി തെത്സുയ യെമഗാമി ചോദ്യം ചെയ്തതിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
തന്റെ അമ്മയെ സാമ്പത്തിക ബാധ്യതയിലേക്ക് എത്തിച്ച മതനേതാവിനെ കൊലപ്പെടുത്താനാണ് ആസൂത്രണം നടത്തിയതെന്നാണ് യാമഗാമിയുടെ വെളിപ്പെടുത്തല്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഷിന്‍സോയുടെ കൊലപാതകം 90 പേര് അടങ്ങുന്ന പ്രത്യേക ഉന്നതതല സംഘമാണ് അന്വേഷിക്കുന്നത്. 41കാരനായ യെമഗാമി ഷിന്‍സോയുടെ വളരെ അടുത്തു നിന്നാണ് വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ടെങ്കിലും ആബെ ആദ്യം കുഴഞ്ഞുവീണതാണെന്നാണ് കരുതിയത്. തുടര്‍ന്ന് നെഞ്ചില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയതോടെയാണ് വെടിവെച്ചതാണെന്ന് കണ്ടെത്തിയത്. സുരക്ഷാ സേന ഉടന്‍ തന്നെ ഇയാളെ പിടികൂടുകയും ചെയ്തു.
അതേസമയം ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പുകളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ചോദ്യം പ്രതി നിഷേധിച്ചു. ആബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു പ്രത്യേക കൂട്ടായ്മയോട് പ്രതിക്ക് വിദ്വേഷമുണ്ട് ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ഉദ്ധരിച്ച് ജപ്പാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ കൂട്ടായ്മ മതവിഭാഗ സംഘമാവാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂട്ടായ്മയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സ്വയം നിര്‍മിച്ച തോക്കുപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ജപ്പാനീസ് മാരിടൈം സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സിലെ മുന്‍ അംഗമാണ് ഇയാള്‍. ചൊവ്വാഴ്ചയാണ് ആബെയുടെ സംസ്കാര ചടങ്ങുകള്‍. ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ടോക്യോവിലെ വസതിയിലേക്ക് മാറ്റി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: