വര്‍ക്കല: വ്യത്യസ്ഥരാകുനുള്ള ചിന്ത സംസ്കാരത്തില്‍ നിന്നും അകറ്റുമെന്ന് സാഹിത്യകാരന് ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍. വ്യത്യസ്തരായി നില്കാനുള്ള പ്രവണത പലരും കാണിക്കുന്നു. ഇത് നമ്മുടെ മഹത്തായ സംസ്കാരത്തിന് എതിരും ആപത്തുമാണ്. ബാലഗോകുലം 47-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാന്‍ മാത്രം ശരി, മറ്റുള്ളവരും മറ്റുള്ളതിലുമൊക്കെ തെറ്റ് എന്ന് ഒരു ഭാരതീയനും ചിന്തിക്കാനാകില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ ഭാരതീയനുമല്ല. ആദിശങ്കരന് പഠിപ്പിച്ചത് രണ്ടല്ല, എല്ലാം ഒന്ന് എന്നാണ്. രണ്ടു മാനവികത ചേരുമ്പോള്‍ വലിയ മാനവികതയാ ണ് ഉണ്ടാകേണ്ടത്. അല്ലാതെ ഒരാളെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കലല്ല. പേരിലല്ല മറിച്ച് മനസില്‍ കുടികൊളുന്ന ആത്മീയതയാണ് പ്രധാനം.
എന്റെ രാജ്യം അഭിമാനമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഏത് രാജ്യത്തേക്ക് പോയി പഠിച്ചാലും സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വരണം. നമ്മുടെ രാജ്യമാണ് മഹത്തരമെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും കുട്ടികളെ പഠിക്കണം. ഒപ്പം അയല്‍ക്കാരനെ സ്നേഹിക്കാനും എല്ലാം ഒന്നാണെന്നും പഠിപ്പിക്കണം. സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് പുരുഷന്മാരെ വശീകരിക്കാനെന്ന് എഴുതിയ വരെ പൊക്കിക്കൊണ്ട് നടക്കുന്ന കാലമാണ്. മാനവികത കെട്ടിപടുക്കാനും ഭീകരത അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണം വേണം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും മനോഹരമായ കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അധ്യക്ഷനായി. ‘വര്‍ത്തമാന സമൂഹം പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്. മധു പ്രഭാഷണം നടത്തി. ഭാരത്തിന്റെ സംവാദ സംസ്കാരത്തിന് മേല്‍ താലിബാനിസം പിടിമുറുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംവാദങ്ങള്‍ വേണ്ട, വിവാദങ്ങള്‍ മതിയെന്ന് തീരുമാനിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ ജേര്‍ണലിസം എന്നതിന് പകരം ജീര്‍ണലിസം ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സഹ ഭഗിനി പ്രമുഖ പി.കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്സാആബേക്കും അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ ജീവഹാനി വന്ന തീര്‍ത്ഥാടകര്‍ക്കും സമ്മേളനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതിനിധി സഭയ്ക്കും ഇന്ന് തുടക്കം കുറിച്ചു. ജില്ലാസെക്രട്ടറിമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വായിച്ചു. സംസ്ഥാന സംഘടനാസെക്രട്ടറി രഞ്ജുകുമാര്‍, പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: