‘ഭരണഘടനയാണ് എന്റെ മത’മെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിയായ അദ്ദേഹം ആര്‍എസ്എസ്സുകാരനല്ലെന്ന് ആരെങ്കിലും പറയുമോ? എന്നിട്ടും എന്തേ കേരളത്തിലെ കോണ്ഗ്രസ്സുകാര് ഇങ്ങനെ എന്നാരും ചോദിക്കും. മന്ത്രി സജി ചെറിയാന് ഭരണഘടനയെ തള്ളിപ്പറയുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ ആര്‍എസ്എസ്സില്‍ ചേരാനാണ് കോണ്‍ഗ്രസ്സുകാരുടെ ഉപദേശം. കാരണം ആര്‍എസ്എസ്സുകാരാണ് ഇതുപോലെ ഭരണഘടനയെ തള്ളിപ്പറഞ്ഞതെന്നാണ് ന്യായം. ആര്‍എസ്എസ്സ് എപ്പോള്‍? എവിടെ പറഞ്ഞു എന്നൊന്നും അവര്‍ക്ക് വിഷയമല്ല. നിയമസഭയ്ക്കകത്ത് വി.ഡി. സതീശനും പുറത്ത് വേണുഗോപാലുമാണ് ഈ വാദം ഉയര്‍ത്തിയത്. കുറെ അണ്ടനും അടകോടന്മാരും അതുകേട്ട് ചാനലുകളുടെ അന്തിച്ചര്‍ച്ചയില്‍ ആഘോഷിക്കുകയും ചെയ്തു.
ആര്‍എസ്എസ്സിന്റെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറെ തെറ്റായി ഉദ്ധരിക്കാന്‍ അവര്‍ക്ക് ഒരു മനസാക്ഷിക്കുത്തുമുണ്ടായിട്ടില്ല. ഗുരുജി എഴുതിയെന്ന് പറഞ്ഞ് ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തെയും വലിച്ചിഴച്ചു. ആര്‍എസ്എസ്സില്‍ ചേര്‍ന്നാല്‍ സജി ചെറിയാന് കേന്ദ്രമന്ത്രിസ്ഥാനം തന്നെ കിട്ടുമെന്നും കോണ്ഗ്രസ്സുകാര് ഉറപ്പുനല്‍കുന്നു. ആര്‍എസ്എസ്സുകാര്‍ പറഞ്ഞാല്‍ ബിജെപിക്കാര്‍ കേള്‍ക്കാതിരിക്കുമോ എന്ന ചോദ്യവും. ആര്‍എസ്എസ്സ് അല്ല ബിജെപി. രണ്ടും തമ്മില്‍ സംഘടനാ തലത്തില്‍ ഒരു ബന്ധവുമില്ല. ബിജെപിയുടെ ആശയും ആവേശവുമാണ് ആര്‍എസ്എസ് എന്നത് നേര്. ആത്മബന്ധവുമുണ്ട്. ബിജെപി ഗാന്ധിയന്‍ സോഷ്യലിസം അംഗീകരിച്ച സംഘടനയാണ്. ബഞ്ച് ഓഫ് തോട്ട്സല്ല അതിന്റെ നയരേഖ എന്ന് തിരിച്ചറിയാന്‍ ബുദ്ധി വേണം. വിവേകം വേണം. സര്‍വോപരി സാമാന്യം വിവരമെങ്കിലും വേണം. അതൊന്നുമില്ലാത്തവര്‍ തൊണ്ട തുറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തന്നെ മുന്‍കാല ചരിത്രമെങ്കിലും മറിച്ചുനോക്കണം.
ജവഹര്‍ലാല്‍ നെഹ്റുവിനെക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരൊന്നും ഇന്ന് ജീവിച്ചിരിക്കുന്നില്ലല്ലൊ. ആ നെഹ്റു ആര്‍എസ്എസ്സിനെ ആദരവോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ്സിനെ ക്ഷണിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യൂണിഫോം അണിഞ്ഞ് പരേഡില്‍ പങ്കെടുക്കുകയും ചെയ്തു. 1962 ഇന്ത്യാ-ചൈനാ യുദ്ധ സമയത്ത് ആര്‍എസ്എസ്സ് നടത്തിയ മഹത്തായ സേവനത്തെ ആദരിച്ചുകൊണ്ടാണത്. ഗാന്ധിചരിത്രത്തെപ്പോലും അപമാനിക്കുന്നവരും തൂക്കിയിട്ട ഗാന്ധിചിത്രത്തെ വലിച്ച് താഴെ എറിഞ്ഞ് രാഷ്ട്രീയം കളിക്കുന്നവവരുമായവര്‍ക്ക് എന്ത് ആര്‍എസ്എസ്സ്, എന്ത് നെഹ്റു എന്നാരും ചോദിച്ചുപോകും. ഇത്തരം ആണും പെണ്ണും കെട്ട നയവും നിലപാടുകളും കാരണമാണ് മടങ്ങിവരാന്‍ കഴിയാത്തവണ്ണം ജനംവലിച്ചെറിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഹൈദരബാദില്‍ അമിത് ഷാ ബിജെപിയുടെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് ഇനി വരാനിരിക്കുന്നതും ബിജെപിയുടെ കാലമാണെന്ന് പറഞ്ഞത്.
ഭാരതത്തെ വിശ്വഗുരുസ്ഥാനത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കുടുംബാധിപത്യവും ജാതി-മത രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവും രാജ്യത്ത് ഇല്ലാതാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും ലക്ഷ്യം. സ്വാതന്ത്ര്യലബ്ദിയുടെ ഇത്രവര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും തടസ്സങ്ങളായി നില്ക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ഇവയാണെന്നും ബിജെപിയുടെ രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തിലേക്ക് ബിജെപി മുന്നേറും. തെലങ്കാനയിലും തമിഴ്നാട്ടിലും കേരളത്തിലുമടക്കം പാര്‍ട്ടി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടും. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ രാഷ്ട്രീയം അവസാനിപ്പിക്കും. കോണ്‍ഗ്രസില്‍ ജനാധിപത്യം നടപ്പാക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് വെറും കുടുംബ പാര്‍ട്ടിയായി തന്നെ നിലനില്‍ക്കുകയാണ്. നെഹ്റു കുടുംബം പരാജയപ്പെട്ടാലോ എന്ന ഭയത്താല്‍ ആ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് പോലും നടത്താനാവുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നടപടിയേയും എതിര്‍ക്കുകയെന്ന സങ്കുചിത ചിന്ത മാത്രമാണ് കോണ്‍ഗ്രസിനുള്ളത്
പരമശിവന് കാളകൂട വിഷം കുടിച്ചപോലെ എല്ലാ വിഷമങ്ങളും നരേന്ദ്ര മോദി ഏറ്റെടുക്കുകയായിരുന്നുവെന്ന് ഗുജറാത്ത് വിഷയത്തെക്കുറിച്ച് അമിത്ഷാ ആമുഖമായി പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിരവധി വര്‍ഷങ്ങള്‍ അപമാനം സഹിച്ചു. അപ്പോഴെല്ലാം അദ്ദേഹം മൗനമായി അതെല്ലാം സഹിക്കുകയും നിയമസംവിധാനങ്ങളെ ബഹുമാനിക്കുകയും അന്വേഷണ സംഘങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രിക്കെതിരായ എല്ലാ ആരോപണങ്ങളും സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. വിവിധ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും എന്‍ജിഒകളും നടത്തിയ ഗൂഢാലോചനകള്‍ കോടതി പുറത്തുകൊണ്ടുവന്നിരിക്കുന്നു, അമിത് ഷാ പറഞ്ഞു.
വനവാസി വിഭാഗത്തില്‍ നിന്നുള്ള വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും നടപടി രാഷ്ട്രീയത്തിനുപരിയായ നിലപാടാണ്. മോദി സര്‍ക്കാരിന്റെ ആദ്യ അവസരത്തില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്രപതിയാവുന്നത് ഇന്ത്യക്ക് വലിയ ബഹുമതിയാണ്. പ്രതിപക്ഷത്ത് ഇത് വലിയ ആശങ്കയും അമ്പരപ്പുമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ബംഗാളില്‍ വരേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അമരക്കാരിയായി പ്രവര്‍ത്തിച്ച മമത പ്രസ്താവിച്ചത്. ബംഗാളില്‍ നിന്നു പോലും പ്രതീക്ഷിച്ച വോട്ട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കാന്‍ ബിജെപിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: