ന്യൂദല്‍ഹി:സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന ചൈനീസ് കമ്പനിയായ വിവോ ഇന്ത്യയില്‍ നിന്നും ആകെ വിറ്റുവരവിന്റെ 50 ശതമാനത്തോളം തുക അനധികൃതമായി ചൈനയിലേക്ക് കടത്തിയതായി ഇഡി കണ്ടെത്തി. ഏകദേശം 62,476 കോടി രൂപയാണ് കടത്തിയത്.
ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് പോയ നാല് ചൈനീസ് പൗരന്മാരുടെ 2018 മുതല്‍ 2021 വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് നികുതിവെട്ടിപ്പ് പുറത്തായത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവര്‍ തുടങ്ങിയ 23 ഓളം കടലാസ് കമ്പനികളിലൂടെയാണ് വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്കാതിരിക്കാനായി പണം കടത്തിയത്. ഇതിന് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ ഗാര്‍ഗ് വേണ്ട സഹായങ്ങള്‍ നല്കി. വിവോയുടെ മുന്‍ ഡയറക്ടര്‍ ബിന്‍ ലൂ 2018 ഏപ്രിലില്‍ ഇന്ത്യ വിട്ടു. മറ്റ് രണ്ട് ചൈനീസ് പൗരന്മാരായ ഷെങ്ഷെന്‍ ഊ, ഷാങ് ജീ എന്നിവര്‍ 2021ല്‍ ഇന്ത്യ വിട്ടു.
“ഇന്ത്യയിലെ 23 കടലാസ് കമ്പനികള്‍ വിവോ ഇന്ത്യയ്ക്ക് ആദ്യം വന്‍തുക നല്‍കിയതായി കണക്കില്‍ ഉണ്ട്. പിന്നീട് ആകെയുള്ള 1,25,185 കോടി രൂപയുടെ 50 ശതമാനത്തോളം (ഏകദേശം 62,476 കോടി രൂപ) ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് വിവോ ഇന്ത്യ അയച്ചു.” – ഇഡി പറയുന്നു. ഇന്ത്യയിലെ കമ്പനികളില്‍ വന്‍ നഷ്ടമുണ്ടായി എന്ന് കാണിച്ച് നികുതിവെട്ടിക്കാന്‍ വേണ്ടിയാണ് ഇത്രയും തുക ചൈനയിലേക്ക് അയച്ചത്. ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടന്ന സൈനിക തര്‍ക്കം രണ്ട് വര്‍ഷമായും പരിഹരിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ കമ്പനികളില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായാണ് തട്ടിപ്പ് പുറത്തുവന്നത്. ചൈനീസ് കമ്പനികളുമായി ബന്ധപ്പെട്ട കടലാസു കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമായി ഇവിടെ പ്രവര്‍ത്തിക്കുകയാണെന്നും മനസ്സിലായി.
ഇന്ത്യയിലെ വിവിധ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ ചൈനയിലെ കമ്പനികള്‍ക്ക് ഷെല്‍ കമ്പനികള്‍ (കടലാസുകമ്പനികള്‍) തുടങ്ങി നികുതിവെട്ടിക്കാന്‍ അവസരം നല്‍കുന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് ഫണ്ട് വഴിതിരിച്ചുവിടാനും നികുതിവെട്ടിച്ച് ഇന്ത്യയില്‍ തന്നെ മറ്റ് ചില കമ്പനികളില്‍ നിക്ഷേപിക്കാനും വിവോയുമായി ബന്ധപ്പെട്ട കടലാസ് കമ്പനികള്‍ ഉപയോഗിക്കപ്പെട്ടിരുന്നു.
ഇന്ത്യയില്‍ കമ്പനിയുടെ ആകെ വിറ്റുവര് 1,25,185 കോടി രൂപയാണ്. ഇതിന്റെ പാതിയാണ് അനധികൃതമായി ചൈനയിലേക്ക് കടത്തിയത്. വിവോ കള്ളപ്പണം വെളുപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ 48 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപ, 73 ലക്ഷം രൂപയുടെ ക്യാഷ്, രണ്ടുകിലോ സ്വര്‍ണ്ണക്കട്ടികള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
കമ്പനിയിലെ ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്ന ചൈനക്കാരായ ഉദ്യോഗസ്ഥര്‍ പരിശോധനകളോട് സഹകരിച്ചില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി ഇഡി കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ സെര്‍വറുകളില്‍ നിന്നും ചൈനീസ് കമ്പനികള്‍ അവരുടെ ഉപയോക്താക്കളുടെ ഡേറ്റ (വിവരം) ചൈനയിലേക്ക് മാറ്റിയിരുന്നതായും കണ്ടെത്തി.
ഇഡി ഇതുസംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത് ദല്‍ഹി പൊലീസ് കല്‍കാജി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ്. വിവോയുടെ ഡയറക്ടര്‍മാര്‍, ഓഹരിയുടമകള്‍, സിഎക്കാര്‍ ഉള്‍പ്പെടെ മറ്റ് ചില പ്രൊഫഷണലുകള്‍, ഗ്രാന്‍ഡ് പ്രോസ്പെക്ട് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലി. (ജിപി ഐസിപിഎല്‍) എന്നിവര്‍ കേസില്‍ പ്രതികളാണ്. ജിപി ഐസിപിഎല്‍ എന്ന കമ്പനി 2014 ഡിസംബറില്‍ കമ്പനി രൂപീകരിക്കുമ്പോള്‍ അതിന്റെ ഓഹരിയുടമകളുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജ വിലാസത്തിലാണ് നല്‍കിയിരുന്നത്. ഈ കമ്പനിയുടെ ഓഫീസുകള്‍ ഹിമാചല്‍ പ്രദേശില്‍ സോളന്‍, ഗുജറാത്തിലെ ഗാന്ധിനഗര്‍, ജമ്മു കശ്മീരിലെ ജമ്മു എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്ന് ചൈനക്കാരായ വിവോ മേധാവികള്‍ ഈ കടലാസ് കമ്പനികള്‍ രൂപീകരിക്കുകയും നാലാമത്തെ മറ്റൊരു ചൈനക്കാരനായ ഷിക്സിന്‍ വേ എന്നയാള്‍ മറ്റൊരു നാല് കടലാസ് കമ്പനികളും ഇന്ത്യയില്‍ നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കാനും 2014 ഡിസംബറില്‍ ആരംഭിച്ചു. ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി എകോര്‍ഡ് എന്ന കമ്പനിയുടെ ഉപകമ്പനി എന്ന നിലയിലാണ് വിവോ ലിമിറ്റഡ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇഡി കണ്ടെത്തിയ കള്ളപ്പണം വെളുപ്പിക്കലിനും നികുതി തട്ടിപ്പിനും വേണ്ടി പ്രവര്‍ത്തിച്ച കടലാസ് കമ്പനികള്‍ ഇവയാണ്: റൂയി ചുവാങ് ടെക്നോളജീസ് (അഹമ്മദാബാദ്, വി ഡ്രീം ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലി (ഹൈദരാബാദ്), റെജെന്‍വോ മൊബൈല്‍ പ്രൈ. ലി (ലഖ്നോ), ഫാങ്സ് ടെക്നോളജി പ്രൈ. ലി (ചെന്നൈ), വെയ്വോ കമ്മ്യൂണിക്കേഷന്‍ പ്രൈ. ലി. (ബെംഗളൂരു) , ബുബുഗാവോ കമ്മ്യൂണിക്കേഷന്‍ പ്രൈ ലി. (ജയ്പൂര്‍), ഹെയ് ചെങ് മൊബൈല്‍ (ഇന്ത്യ) പ്രൈ. ലി (ബെംഗളൂരു), ജോയിന്‍മെ മുംബൈ ഇലക്ട്രോണിക്സ് പ്രൈ. ലി (മുംബൈ), യിങ്ജിയ കമ്മ്യൂണിക്കേഷന്‍ പ്രൈ. ലി (കൊല്‍ക്കൊത്ത), ജീ ലിയന്‍ മൊബൈല്‍ ഇന്ത്യ പ്രൈ. ലി. (ഇന്‍ഡോര്‍), വിഗൂര്‍ മൊബൈല്‍ ഇന്ത്യ പ്രൈ. ലി (ഗുരുഗ്രാം), ഹിസോവ ഇലക്ട്രോണിക്സ് പ്രൈ ലി (പുനെ), ഹയ്ജിന് ട്രേഡ് ഇന്ത്യ പ്രൈ. ലി (കൊച്ചി), റോങ് ഷെങ് മൊബൈല്‍ ഇന്ത്യ പ്രൈ. ലി (ഗുവാഹത്തി), മോര്‍ഫണ്‍ കമ്മ്യൂണിക്കേഷന്‍ പ്രൈ. ലി (പാറ്റ്ന), അവോഹുവ മൊബൈല്‍ ഇന്ത്യ പ്രൈ. ലിമ (റായ്പൂര്‍), പയനീര്‍ മൊബൈല്‍ പ്രൈ. ലി (ഭുവനേശ്വര്‍), യുണിമെ ഇലക്ട്രോണിക് പ്രൈ. ലി (നാഗ് പൂര്), ജുന്‍വെയ് ഇലക്ട്രോണിക് പ്രൈ. ലി (ഔറംഗബാദ്), ഹൂയിജിന്‍ ഇലക്ട്രോണിക് ഇന്ത്യ പ്രൈ. ലി (റാഞ്ചി), എംജിഎം സെയില്‍സ് പ്രൈ ലി. (ഡെറാഡൂണ്‍), ജോയിന്‍മെ ഇലക്ട്രോണിക് പ്രൈ. ലി (മുംബൈ) എന്നിവയാണ് ഈ കടലാസ് കമ്പനികള്‍.
അതേ സമയം ഇന്ത്യയിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നാണ് വിവോ ഇന്ത്യ അധികൃതര്‍ നല്കുന്ന വിശദീകരണം. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുഖ്യസ്പോണ്സര് വിവോ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: