തൃശൂർ: ഒരു മാസത്തോളമായി ഷാഹുൽ ഹമീദിന്റെ വീട്ടിലെ കോഴികൾ പലതും ഇടുന്ന മുട്ടകളുടെ അകത്തുള്ള ഉണ്ണിക്ക് പല വർണങ്ങളായിരുന്നു. മുട്ട പൊട്ടിച്ചാൽ കാണുന്ന പച്ച, ചാണപ്പച്ച, ചന്ദന നിറം, മഞ്ഞ തുടങ്ങിയ നിറഭേദങ്ങൾ നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ അത്ഭുതവും ആശങ്കയുമുണ്ടാക്കി.
തളിക്കുളം കൈതക്കലിൽ അമ്പലത്തുവീട്ടിൽ ഷാഹുൽ ഹമീദി ( 60 ) ന്റെ വീട്ടിലെ കോഴികളാണ് വ്യതസ്തമായ മുട്ടകൾ ഇടുന്നത്. പത്ത് വർഷമായി കോഴികളെ വളർത്തുന്ന ഷാഹുൽ ഹമീദിന് ഇത്തരമൊരു അനുഭവം ആദ്യമാണ്. ഇവരുടെ വീട്ടാവശ്യത്തിന് കരിങ്കോഴിയുടെ മുട്ടയാണ് ഉപയോഗിക്കാറ്. എന്നാൽ ഒരു ദിവസം മറ്റു കോഴിയുടെ മുട്ടയെടുത്ത് ഉപയോഗിക്കാനായി പൊട്ടിച്ചപ്പോൾ പച്ചനിറം കണ്ടെത്തി. മുട്ട മാറ്റിയെടുത്ത് വീണ്ടും പൊട്ടിച്ചപ്പോൾ അവയിലും നിറം മാറ്റം കണ്ടെത്തി. ഇവിടെ നിന്നു കോഴിമുട്ട വാങ്ങാറുള്ളവരും കൂടി നിറം മാറിയ വിവരം പറഞ്ഞതോടെയാണ് ഷാഹുൽ ഹമീദിന് ആശങ്ക ഉടലെടുത്തത്.
കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിന്നും കേട്ടറിഞ്ഞ അറിവുകൾക്ക് ആധികാരികത ഇല്ലാതിരുന്നതിനാൽ ദിനംപ്രതി ലഭിക്കുന്ന നിറം മാറിയുള്ള മുട്ടകൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയായി. 25 കോഴികൾ ഷാഹുൽ ഹമീദിന്റെ വീട്ടിലുണ്ട്. നാടൻകോഴി, കരിങ്കോഴി, ഗിരിരാജൻ എന്നിങ്ങനെ മൂന്ന് തരം കോഴികളാണ് ഉള്ളത്. ഇതിൽ 15 എണ്ണമാണ് മുട്ടയിടുന്നവ. ഗോതമ്പ്, അരി, തവിട് എന്നിവയും പച്ച ചീരയും ഇവക്ക് തീറ്റയായി നൽകാറുണ്ട്.
ഉള്ളിൽ നിറം മാറ്റം സംഭവിച്ച 5 – 6 മുട്ടകളാണ് ഇപ്പോൾ ഒരു ദിവസം കോഴികൾ ഇടുന്നത്. അരിയും ഗോതമ്പും രണ്ട് ദിവസം വെള്ളത്തിലിട്ട് നന്നായി കുതിർത്ത ശേഷം കോഴികൾക്ക് തീറ്റയായി തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. പതിവിൽ നിന്നും മാറിയുള്ള ഇത്തരം തീറ്റപ്രയോഗമാണോ കോഴിമുട്ടയുടെ ഉള്ളിലെ നിറം മാറ്റത്തിനു കാരണമെന്ന് ഷാഹുൽ ഹമീദിന് സംശയമുണ്ട്. ഗിരിരാജൻ കോഴികളാണ് ഈ മുട്ടകൾ ഇടുന്നത്.
സംശയം ദൂരികരിക്കാനായി കോഴിമുട്ടകളുമായി ഷാഹുൽ ഹമീദ് തളിക്കുളം വെറ്ററിനറി ആശുപത്രിയിലെത്തി. കോഴികളിലെ ജനിതക മാറ്റമോ, ഭക്ഷണം നൽകുന്നതിലെ വ്യതസ്തതയോ ആകാം ഇത്തരമൊരു പ്രതിഭാസത്തിന് കാരണമെന്ന് വെറ്ററിനറി ഡോ. പി.ടി. സന്തോഷ് പറഞ്ഞു. പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ് 15 വർഷം മുൻപ് നാട്ടിലെത്തി കൈതക്കൽ സെന്ററിൽ ഓട്ടോ ഓടിക്കുകയാണിപ്പോൾ. കോഴികളുടെ പരിചരണം ഭാര്യ ഷെക്കീനക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: