കൊച്ചി : ലൈഫ് മിഷന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച പ്രത്യേക സംഘത്തിന് മുമ്പില്‍ ചോഗ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സ്വപ്നയില് നിന്നും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം തന്നെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ദ്രോഹിക്കുകയാണെന്നും തനിക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനാക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവര്‍ത്തിക്കുന്നത്. അതിനിടെ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന തെളിവുകളും ഇഡിക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: