ദക്ഷിണേന്ത്യയില്‍ നിന്ന് നാല് പ്രമുഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തപ്പോള്‍ അതിലൊരാള്‍ നമ്മുടെ സ്വന്തം പി.ടി. ഉഷയായതില് മലയാളികള്‍ക്കുള്ള അഭിമാനം പറഞ്ഞറിയിക്കാവുന്നതല്ല. നാമനിര്‍ദേശത്തിലൂടെ രാജ്യസഭയിലെത്തുന്ന ആദ്യ മലയാളി വനിതയും എട്ടാമത്തെ മലയാളിയുമാണ് ഉഷയെന്നത് വലിയ ബഹുമതി തന്നെയാണ്. തെന്നിന്ത്യന്‍ സംഗീത സാമ്രാജ്യത്തിന്റെ സിംഹാസനത്തില്‍ പതിറ്റാണ്ടുകളായി വിരാജിക്കുന്ന ഇളയരാജ, കര്‍ണാടകയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹാമാതൃകയായ വീരേന്ദ്ര ഹെഗ്ഡെ, തിരക്കഥാകൃത്തും സംവിധായകനുമെന്ന നിലയ്ക്ക് പ്രതിഭാശാലിയായ ആന്ധ്രയിലെ വിജയേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റ് മൂന്നുപേര്‍. ഈ പദവിയിലെത്താന്‍ വേണ്ടതിലേറെ യോഗ്യതയുള്ളവരാണ് നാലു പേരും. ഒരാള്‍ക്കുപോലും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടാവാനിടയില്ല. യോഗ്യതയും അര്‍ഹതയും നോക്കി സ്ഥാനമാനങ്ങള്‍ നല്കുന്നതില് സവിശേഷമായ ശ്രദ്ധയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. പ്രാഞ്ചിയേട്ടന്മാരെ സൃഷ്ടിച്ചുകൊണ്ടിരുന്ന പത്മ പുരസ്കാരങ്ങള്‍ക്ക് അടുത്തിടെയായി അര്‍ഹരാകുന്നവര്‍ ആരൊക്കെയാണെന്ന് നോക്കിയാല്‍ തന്നെ ഇത് വ്യക്തമാവും. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടും അംഗീകാരം ലഭിക്കാതെ പോയ എത്രയോ ആളുകളെയാണ് ഒരാളുടെയും സ്വാധീനമില്ലാതെ പത്മപുരസ്കാരങ്ങള്‍ തേടിയെത്തിയത്. സാംസ്കാരിക രംഗത്ത് വലിയ ശുദ്ധീകരണം തന്നെയാണ് ഇതിലൂടെ സംഭവിച്ചതെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല.
കേരളത്തിലെ പയ്യോളി എന്ന ഉള്‍ഗ്രാമത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് പി.ടി. ഉഷ കായികരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത് നൂറിലേറെ മെഡലുകളാണ് ഉഷ നേടിയത്. ലോസേഞ്ചലസ് ഒളിമ്പിക്സില്‍ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിലാണ് ഈ സ്പിന്റ് റാണിക്ക് മെഡല്‍ നഷ്ടമായത്. രാജ്യത്ത് ഇങ്ങനെയൊരു ദുര്യോഗം അനുഭവിക്കേണ്ടിവന്ന മറ്റൊരു കായികതാരം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നത്തേതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മുടെ കായികരംഗത്തെ സൗകര്യങ്ങള്‍ ഏറെ പരിമിതമായിരുന്ന ഒരു കാലത്താണ് ഉഷ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ട്രാക്കിലിറങ്ങുമ്പോള്‍ നല്ലൊരു ബൂട്ടുപോലും ഇല്ലാതിരുന്നതിന്റെ അനുഭവം ഈ കായികതാരം ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ് കായികജീവിതത്തിലുടനീളം നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉഷയ്ക്ക് സഹായകമായത്. ഒ.എം.നമ്പ്യാര്‍ എന്ന അനുഗൃഹീതനായ പരിശീലകന്റെ പിന്തുണയായിരുന്നു മറ്റൊരു ഘടകം. സ്വന്തം പരിശ്രമംകൊണ്ട് ജീവിതവിജയം കൈവരിച്ചയാളെന്ന നിലയ്ക്ക് ഉഷ പുതുതലമുറയ്ക്കു വലിയ പ്രചോദനമാണ്. കായികതാരമെന്ന നിലയ്ക്ക് ട്രാക്കില്‍നിന്ന് വിടപറഞ്ഞപ്പോഴും കായിക ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്നത് അവരുടെ മഹത്വമാണ്. ‘ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്’ എന്ന സ്ഥാപനം തുടങ്ങി പുതുതലമുറയിലെ കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിലാണ് ഉഷ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിര്ഭാഗ്യംകൊണ്ടു മാത്രം തനിക്ക് ലഭിക്കാതെ പോയ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ പിന്മുറക്കാരിലൂടെ നേടിയെടുക്കുകയാണ് ഉഷയുടെ സ്വപ്നം.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഒന്നിലേറെ തവണ കായിക മന്ത്രിയുടെ പദവി ഏറ്റെടുക്കാന്‍ ഉഷയ്ക്ക് ക്ഷണമുണ്ടായിരുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ക്ഷണം വിനയത്തോടെ നിരസിക്കുകയായിരുന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ച് അവിടുത്തെ കായികതാരങ്ങളെ പരിശീലിപ്പിച്ചു. ഇപ്പോള്‍ രാജ്യസഭാംഗത്വം സ്വീകരിക്കുമ്പോള്‍ മലയാളികള്‍ അഭിമാനം കൊള്ളുന്നു. അര്‍ഹിക്കുന്ന അംഗീകാരമാണ് ‘പയ്യോളി എക്സ്പ്രസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഉഷയെ തേടിയെത്തിയിരിക്കുന്നത്. ‘ഇസൈ ജ്ഞാനി’യായ ഇളയരാജ പാര്‍ലമെന്റിന്റെ ഉപരിസഭയിലെത്തുന്നതും വലിയൊരു ആദരവാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ഇളയരാജ ഏഴായിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ദക്ഷിണകന്നട ജില്ലയിലെ ധര്‍മശാല മഞ്ജുനാഥ ക്ഷേത്രത്തിന് നേതൃത്വം നല്കുന്ന വീരേന്ദ്ര ഹെഗ്ഡെയുടെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് മൂല്യവത്തായ സേവനങ്ങള്‍ ലോകപ്രശസ്തമാണ്. ഭാരതത്തിന്റെ സാംസ്കാരിക മഹിമ സിനിമാ രംഗത്ത് പ്രതിഫലിപ്പിക്കുന്നതില്‍ വിജയിച്ചയാളാണ് ബാഹുബലിയുടെ സംവിധായകന് രാജ മൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം ഹൈദരാബാദില്‍ നടന്നതിനു തൊട്ടുപിന്നാലെയാണ് ദക്ഷിണ സംസ്ഥാനങ്ങളിലെ നാല് പ്രതിഭാശാലികള്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പൊള്ളത്തരവും ഈ തീരുമാനം തുറന്നുകാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: