മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും തിരിച്ചടി. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ടിഎംസി) ശിവസേനയുടെ 66 പ്രതിനിധികള്‍ ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറി. അതിനിര്‍ണായകമായ ബ്രിഹന്‍ മുംബൈ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താനെയില്‍ നിന്നും ഉദ്ധവിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
താനെയിലെ 66 ശിവസേന പ്രതിനിധികളും ബുധനാഴ്ച രാത്രി ഏകനാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചുവെന്നാണ് വിവരം. ആകെ 67 പ്രതിനിധികളുള്ള താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 66 പേരും ഷിന്‍ഡെ പക്ഷത്തേക്ക് എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ ടിഎംസിയുടെ നിയന്ത്രണം ഉദ്ധവിന് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.
ബ്രിഹാന്‍ മുംബൈ കോര്പറേഷന് കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പറേഷനാണ് താനെ. കനത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന മഹാരാഷ്ട്രയില്‍ ജൂണ്‍ 29നാണ് താക്കറെ രാജിവച്ച് പിന്മാറിയത്. പിറ്റേ ദിവസം 40 വിമത എം എല്‍ എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: