ശ്രീനഗര്‍ : ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരത വളരാന്‍ ഇടം നല്‍കില്ലെന്ന് ജനങ്ങള്‍. കഴിഞ്ഞദിവസം ലഷ്കര്‍ കമാന്‍ഡറേയും കൂട്ടാളിയേയും പിടിച്ച് സൈന്യത്തിനെ ഏല്‍പ്പിച്ച ഗ്രാമീണരുടേതാണ് ഈ ആഹ്വാനം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുമെന്നും അവര്‍ പ്രതികരിച്ചു.
സുരക്ഷാസേനകളുടെ കണ്ണുവെട്ടിച്ച് റിയാസിയിലെ തുക്സോണ്‍ ധോക് ഗ്രാമത്തിലെ വീട്ടില്‍ ശനിയാഴ്ച കയറിക്കൂടിയ ലഷ്കര്‍ ഭീകരരായ താലിബ് ഹുസൈന് ഷാ, കൂട്ടാളി ഫൈസല്‍ അഹമ്മദ് ദര് എന്നിവരെയാണ് ഗ്രാമീണര്‍ പിടികൂടിയത്. ബന്ധുക്കളായ ആറുപേരുടെ ഒത്തൊരുമിച്ചുള്ള നീക്കങ്ങളാണ് ഭീകരരെ കുടുക്കിയത്. മുഹമ്മദ് യൂസുഫ് എന്നയാളുടെ വീട്ടില്‍ കച്ചവടക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീകരര്‍ സഹായം തേടി കയറിക്കൂടുകയായിരുന്നു.
എന്നാല്‍ പിന്നീട് യൂസുഫിനോട് ഫോണ്‍ ഓഫ് ചെയ്തെടുക്കാനും ആവശ്യപ്പെട്ടു. ഇതോടെ സംശയംതോന്നിയ യൂസുഫ് രാത്രിയില്‍ ഫോണ്‍ കൈക്കലാക്കി സഹോദരന് നസീര്‍ അഹമ്മദിനെ വിവരം അറിയിച്ചു. നസീര്‍ അഹമ്മദ് നാല് ബന്ധുക്കളേയും അറിയിച്ചു. യൂസുഫിന്റെ വീട് വനമേഖലയിലായതിനാല്‍ സുരക്ഷാസേനയും പോലീസും എത്താന്‍ വൈകും. അതിനാല്‍ ഇവര്‍ തന്നെ ഭീകരരെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
പുലര്‍ച്ചെ യൂസുഫിന്റെ വീട്ടിലെത്തി ഒരുമണിക്കൂറോളം മല്‍പ്പിടിത്തം നടത്തിയാണ് ഭീകരരെ കീഴ്പ്പെടുത്തിയത്. രണ്ട് എ.കെ. റൈഫിളുകള്‍, പിസ്റ്റല്‍, ഏഴ് ഗ്രനേഡുകള്‍, വെടിക്കോപ്പുകള്‍ എന്നിവയാണ് ഭീകരരുടെ സഞ്ചിയിലുണ്ടായിരുന്നത്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് സൈന്യവും പോലീസും പറഞ്ഞുതന്നിട്ടുള്ളതിനാലാണ് ഭയം തോന്നാതിരുന്നതെന്ന് ഇവരില്‍ ഒരാളായ ഇക്ബാല്‍ പറഞ്ഞു. എന്നാല്‍ ചിലപ്പോള്‍ ഭീഷണിപ്പെടുത്തലുകള്‍ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുണ്ട്. എന്തിരുന്നാലും ഇത്തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മണ്ണില്‍ ആവര്‍ത്തിച്ചു തരില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: