ഇരിട്ടി: കോട്ടയം രാജകുടുംബത്തിന്റെയും വീര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെയും ആരാധ്യ ദേവത കുടികൊള്ളുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തി സൂക്ഷിക്കുന്നതിനായി മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശികമായി വ്യക്തികളുടേയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമയി ബന്ധപ്പെട്ടതുമായ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പഴശ്ശി മ്യൂസിയം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കഥകളിയുടെ ഉത്ഭവസ്ഥാനം ഇവിടമാണെന്നാണ് ചരിത്രം പറയുന്നത്. കഥകളി എവിടെ അവതരിപ്പിച്ചാലും മൃദംഗ ശൈലേശ്വരിയായ ശ്രീപോര്‍ക്കലിയെ സ്തുതിക്കുന്ന വന്ദനാശ്ലോകം ചൊല്ലിയാണ് തുടങ്ങുന്നത് എന്നത് തന്നെ ഈ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ കോട്ടയം രാജകുടുംബത്തിന്റെ ആരുഢക്ഷേത്രമായ മുഴക്കുന്ന് പോര്‍ക്കലി ഭഗവതിയും പഴശ്ശിരാജാവും കഥകളിയുടെ ഉത്ഭവവും എല്ലാം മ്യൂസിയത്തിന്റെ ഭാഗമാകും. ഇത്തരം ശേഷിപ്പുകള്‍ കണ്ടെത്തുന്നതിനും അവയുടെ ചരിത്ര മൂല്യം നിര്‍ണ്ണയിക്കുന്നതിനും വിദഗ്ധ സമിതിയേയും രൂപീകരിച്ചു. മ്യുസിയത്തിനോടനുബന്ധിച്ച് പൗരാണികമായ കുളവും കല്ലുപാകി നവീകരിച്ചു.
ബ്രിട്ടീഷുകാരോടുള്ള പഴശ്ശിയുടെ ചെറുത്തുനില്‍പ്പുകള്‍ ഒന്നാം സ്വാതന്ത്ര്യ സമരമായാണ് പരിഗണിക്കപ്പെടുന്നത്. പ്രാദേശികമായി ലഭിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ പ്രാചീന പുസ്തകങ്ങള്‍, ബ്രിട്ടിഷുകാരുടെ മലബാര്‍ പടയോട്ടത്തെ ചെറുത്തുനിന്ന പഴശ്ശിരാജാവിന്റെയും കോവിലകത്തെയും വിവരങ്ങളടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും മൃദഗംശൈലേശ്വരി ക്ഷേത്രത്തിന്റെ പൗരാണികത വിവരിക്കുന്ന വസ്തുക്കളും കണ്ടെത്തുകയാണ് ലക്ഷ്യം. ചരിത്രശേഷിപ്പുകള്‍ കൈമാറുന്നവരുടെ കുടുംബ പേരുകള്‍ ഇതോടൊപ്പം ആ ലേഖനം ചെയ്യും. ഇത്തരം ചരിത്രശേഷിപ്പുകള്‍ കൈവശമുള്ളവര്‍ വിവരശേഖരണ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍, പ്രശസ്ത ചിത്രകാരനും ഫോക്ലോറിസ്റ്റുമായ കെ.കെ. മാരാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, മുന്‍ മട്ടന്നൂര്‍ നഗരസഭ ചെയര്മാന് ഭാസ്കരന് മാസ്റ്റര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്മാന് ടി.സി. സുധി, അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.കെ. ബൈജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മനോഹരന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ടി. പ്രസന്ന , കെ. കെ. രാമചന്ദ്രന്, എം. കെ. മനോഹരന്, മുരളി മുഴക്കുന്ന്, സിനി രാമദാസ്, സതീശന് തില്ലങ്കേരി, വിനോദ് കുമാര്‍, ശ്രീനിവാസന് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: