സജി ചെറിയാന് വെറുമൊരു പാര്‍ട്ടി മെമ്പറല്ല. കേമത്തം കാണിക്കാന്‍ കൊള്ളാവുന്ന ഒരു മന്ത്രിയാണ്. മന്ത്രിയായാല്‍ എന്തും പറയാമോ? എന്തൊക്കെയാണ് തട്ടിമൂളിച്ചത്.
‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള് എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന് പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും’ സജി ചെറിയാന് പറഞ്ഞതിങ്ങനെയൊക്കെയാണ്. എന്നിട്ടും അരിശം തീരാത്തവണ്ണം തുടര്‍ന്നു.
”ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം കുന്തം കൊടച്ചക്രം ഒക്കെ എഴുതിയിട്ടുണ്ട്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.
കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന് കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്കുന്നുണ്ടോ” സജി ചെറിയാന് ചോദിച്ചിരുന്നു.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന് പറയുന്നു.
ഇത്രയൊക്കെ വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഇരിപ്പുറയ്ക്കുന്ന കസേരയിലാണോ ഇയാള്‍ ഇരിക്കുന്നത്? ഇത്രയൊന്നും പ്രകോപനപരമല്ലാത്തനിരവധി പ്രസംഗങ്ങള്‍ക്കെതിരെ നടപടി വന്നിട്ടുണ്ട്. മന്ത്രിപ്പണി പോയിട്ടുണ്ട്. എന്നിട്ടുമെന്തേ സജി ചെറിയാന് എന്ന ചോദ്യം പ്രസക്തമാണ്. ഓര്‍മ്മയില്ലേ പഞ്ചാബ് മോഡല്‍ പ്രസംഗം. ചിലര്‍ പറയുന്ന കഞ്ചാവ് മോഡല്‍ പ്രസംഗമാണ്. പ്രസംഗം നടത്തിയതാകട്ടെ കേരള രാഷ്ട്രീയത്തിലെ ഒറ്റയാന് ആര്. ബാലകൃഷ്ണപിള്ള.
ആര്.ബാലകൃഷ്ണപിള്ള തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രശ്നഭരിതമായ കാലഘട്ടത്തിന് കാരണമായിമാറിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ ന്യായീകരിക്കുന്നു. 1986ലെ തന്റെ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്നും എന്നാല്‍, അത് വിവാദമാക്കി കെ.കരുണാകരനും കെ.എം.മാണിയും ചേര്‍ന്ന് തന്നെ ബലി നല്‍കുകയായിരുന്നുവെന്നും പിള്ള ആരോപിച്ചതാണ്. വികസനത്തിനുവേണ്ടിയാണ് താന്‍ നിലകൊണ്ടത്. എന്നാല്‍ അതിനെ ചിലര്‍ എനിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയായിരുന്നു.
രാജീവ് ഗാന്ധി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച റെയില്‍വേ വാഗണ്‍ ഫാക്ടറി നാടകീയമായി പഞ്ചാബിന് മറിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പഞ്ചാബികളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അന്ന് ഒന്നായിരുന്ന കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ വച്ച് ആര്.ബാലകൃഷ്ണപിള്ള കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു നിര്‍ബന്ധിതരാകുമെന്ന് പ്രസ്താവിച്ചു. പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതില്‍ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മുഖമന്ത്രി കരുണാകരന് ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. അന്ന് കണ്ണീര് പൊഴിക്കാനും കൈകാലിട്ടടിക്കാനും ആരുമുണ്ടായില്ല.
ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത നമ്പൂതിരിപ്പാടിനും കിട്ടി ഒരക്കിടി. പനമ്പള്ളി ഗോവിന്ദ മേനോന് വിശേഷിപ്പിച്ചതുപോലെ ആധുനിക ഏകലോചനനായ നമ്പൂതിരിപ്പാട് കൂടുതലൊന്നും കോടതിയെപ്പറ്റി പറഞ്ഞില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് ഇത്രയേ പറയുന്നുള്ളൂ.
”മാര്‍ക്സും ഏംഗല്‍സും ജുഡീഷ്യറിയെ ഒരു മര്‍ദ്ദന ഉപകരണമായാണ് കരുതിയിരിക്കുന്നത്. ഇന്ന് ഇപ്പോഴത്തെ ഭരണവ്യവസ്ഥയിലും അപ്രകാരം തന്നെ തുടരുന്നു. ജഡ്ജിമാര്‍ വര്‍ഗവിദ്വേഷത്തിനും വര്ഗതാല്പര്യങ്ങള്ക്കും വശംവദരാണ്. വര്‍ഗവിദ്വേഷങ്ങളും വര്ഗതാല്പര്യങ്ങളും അവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു കേസില്‍ നല്ലവേഷധാരിയായ ഒരു ധനികനും മോശമായവേഷം ധരിച്ച നിരക്ഷരനായ ഒരു ദരിദ്രനും ഇടയില്‍ തെളിവുകള്‍ തുലനം ചെയ്യുമ്പോള്‍ ജഡ്ജി സ്വാഭാവികമായും ധനികന് അനുകൂലമായി മാത്രമേ വിധിയെഴുതുകയുള്ളൂ. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതാണ് നല്ല ഏര്‍പ്പാട്. എന്നാല്‍ ഇപ്പോഴത്തെ ഭരണ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താതെ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.”
പോഴനെന്നോ പരനാറിയെന്നോ കടക്ക് പുറത്തെന്നോ ഒരുവാക്കുപോലും ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ത്തിയിട്ടില്ല. എന്നിട്ടും ആയിരംരൂപ പിഴയോ ഒരു മാസത്തെ ജയിലോ വിധികിട്ടി. അഡ്വ. നാരായണന് നമ്പ്യാരുടെ പരാതിയിലായിരുന്നു കേസ്. വി.കെ. കൃഷ്ണമേനോനായിരുന്നു നമ്പൂതിരിപ്പാടിന്റെ വക്കീല്‍. ‘ഏകലോചനന്‍’ എന്ന വിശേഷണത്തിന്റെ നാലയലത്തുപോലും ചെല്ലുന്ന ആളല്ല സജി ചെറിയാനെന്ന കാര്യം ശരിയാണ്. കേമപ്പെട്ടവകുപ്പൊക്കെ തന്നെ. സിനിമാ മന്ത്രി, സാംസ്കാരിക വകുപ്പുമന്ത്രി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും വങ്കത്തരം മാത്രം എഴുന്നള്ളിക്കുക എന്നതാണയാളുടെ ശൈലി. അണ്ടനും അടകോടനും കയറിയിരിക്കാനുള്ളതാണോ മന്ത്രിക്കസേര. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനാണല്ലൊ. ചക്കിക്കൊത്തചങ്കരന്‍ എന്നൊക്കെ കേട്ടിട്ടില്ലെ. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നതാണയാള്‍ക്ക് ശരി. എങ്കില്‍ അതുകണ്ട് നേരത്തെ പറഞ്ഞ് മിണ്ടാതിരുന്നു കൂടെ. ആളാകാന്‍ അതുപറ്റില്ലല്ലോ. അതുകൊണ്ടാണിത്രയൊക്കെ പറഞ്ഞത്. പറഞ്ഞത് കൂടിയാലും കുറഞ്ഞാലും ഖേദമുണ്ടെന്ന് പറഞ്ഞാല്‍ തീര്‍ന്നല്ലൊ. അത്രയൊക്കെ പോരെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: